ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം പിൻവലിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല: പരിശോധിക്കാൻ സമിതി വരും

സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധം പിൻവലിക്കാൻ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പരിശോധിക്കാൻ സമിതി വരും. വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയെന്ന് എഴുതിയതും ഒാണ്‍ലൈന്‍ മാധ്യമത്തില്‍വന്ന ലേഖനത്തിന്‍റെ ഭാഗങ്ങള്‍ പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവുമാണ് സമിതി അന്വേഷിക്കുക. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക.

ഇതിനിടെ, ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി.അജയകുമാറിനെ ഗൈഡ്ഷിപ്പില്‍നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കണക്കിലെടുത്തും നിയമവശങ്ങള്‍ പരിഗണിച്ചുമാകും തുടർ നടപടി സ്വീകരിക്കുക.

ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികള്‍ കേരള സര്‍വകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനന്‍ കുന്നുമ്മല്‍ പരിശോധിക്കും. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം പകർത്തിയതായുള്ള പരാതി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയത്തിൽ കേരള വിസിക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകാൻ തീരുമാനിച്ചിരികുകയാണ്. ഇതിനിടെ, ഗവേഷണ പ്രബന്ധം സമർപ്പിച്ചതിന്റെ പേരിലും ചിന്താ​ജെറോമിനെതിരെ വിമർശനമുയരുകയാണ്. സാധാരണഗതിയിൽ ഗവേഷണത്തിനു സഹായിച്ച അക്കാദമിക–വൈജ്ഞാനിക സമൂഹത്തിനും വ്യക്തികൾക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ചിന്ത ജെറോം തന്റെ പ്രബന്ധത്തിൽ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കൾക്കുമാണ്. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ ‘മെൻറർ’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദൻ, കെ.എൻ.ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി.ജയരാജൻ‌, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ എന്നിവർക്കും ഗവേഷണം പൂർത്തിയാക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്. നിലവിൽ പലകോണുകളിൽ നിന്നുള്ള വിമർശനമാണ് ചിന്ത നേരിടുന്നത്. പുതിയ സാഹചര്യത്തിൽ ചിന്തയുടെ വിശദീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. 

Tags:    
News Summary - There is no provision in law to withdraw Chinta Jerome's research paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-14 01:17 GMT