ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് കലക്ടർ ഹരിത വി. കുമാറിന് കൈമാറി ലോഗോ പ്രകാശനം ചെയ്യുന്നു 

തൃശൂര്‍ സാംസ്‌ക്കാരികോത്സവം: ലോഗോയും പേരും പ്രകാശനം ചെയ്തു, മാധ്യമം ആർട്ടിസ്റ്റ് മുജീബ് റഹ്മാന് പുരസ്കാരം

തൃശൂർ: ജില്ല ഭരണകൂടത്തിന്റെയും ജില്ല ആസൂത്രണ സമിതിയുടെയും നേതൃത്വത്തില്‍ ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കലാസാംസ്‌ക്കാരികോത്സവത്തിൻ്റെ ലോഗോയും പേരും പ്രകാശിപ്പിച്ചു. ജില്ലാ കലക്ടറുടെ ചേംബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് കലക്ടർ ഹരിത വി. കുമാറിന് കൈമാറി പ്രകാശനം നിർവഹിച്ചു.

സാംസ്കാരികോത്സവത്തിന് ചെ.പ്പു.കോ.വെ എന്ന പേര് തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവ്വത്തുംകടവിൽ മുജീബ് റഹ്മാൻ ഡിസൈൻ ചെയ്ത ലോഗോയും തെരഞ്ഞെടുത്തു. മാധ്യമം പത്രത്തിൻ്റെ മലപ്പുറം യൂണിറ്റിൽ ലേ ഔട്ട് ആർട്ടിസ്റ്റായ മുജീബ് റഹ്മാന് ഇതുവരെ അമ്പതോളം ലോഗോ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാംസ്കാരികോത്സവം സമാപന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ, പഞ്ചായത്തംഗം കെ.വി. സജു, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടറും പ്രചരണ സമിതി കൺവീനറുമായ ടി.വി. മദനമോഹനൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ് സി നിർമൽ, ജില്ലാ അസി. ഇൻഫർമേഷൻ ഓഫീസർ എം എച്ച് ഡെസ്‌നി, വടക്കാഞ്ചേരി എം ആർ എസിലെ അധ്യാപിക പ്രിയ തുടങ്ങിയവർ പങ്കെടുത്തു.

സാംസ്കാരികോത്സവത്തോടനുബന്ധിച്ച് മാർച്ച് 10ന് വൈകിട്ട് 3.30ന് തെക്കേഗോപുരനടയിൽ 'പാട്ടും വരയും' കൂട്ടായ്മ സംഘടിപ്പിക്കും. വടക്കാഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 19 വിദ്യാർഥികൾ പങ്കെടുക്കുന്ന ചിത്രരചനാ സദസ്സും നടനും ഗായകനുമായ പി.ഡി. പൗലോസിന്റെ പാട്ടും ഉണ്ടാകും.

മാര്‍ച്ച് 17ന് രാവിലെ 10ന് കെ ടി മുഹമ്മദ് തിയറ്ററില്‍ ആരംഭിച്ച് 18ന് വൈകുന്നേരം വടക്കേച്ചിറ പരിസരത്ത് സമാപിക്കുന്ന രീതിയിലായിരിക്കും സാംസ്കാരികോത്സവം സംഘടിപ്പിക്കുക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, സാഹിത്യ- സംഗീത-നാടക- -ലളിതകലാ അക്കാദമികള്‍, കലാമണ്ഡലം ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.സാംസ്‌ക്കാരികോത്സവത്തിന്റെ തുടര്‍ച്ചയായി വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ എന്ന രീതിയില്‍ ആഴ്ചയില്‍ ഒരു ദിവസം പരിപാടികള്‍ സംഘടിപ്പിക്കും. സാംസ്‌ക്കാരിക പരിപാടിയുടെ സമാപനവും വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ പ്രഖ്യാപനവും കലാസന്ധ്യയും വടക്കേച്ചിറയില്‍ നടക്കും.



Tags:    
News Summary - Thrissur Cultural Festival: Logo and name released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.