കൂറ്റനാട്: ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഉർദു അധ്യാപകൻ വി.പി. ഫൈസലിന് എം.ജി. പട്ടേൽ നാഷനൽ അവാർഡ് ഫോർ ഐഡിയൽ ഉർദു ടീച്ചേഴ്സ് 2022 പുരസ്കാരം. കേരളത്തിൽനിന്ന് സെക്കൻഡറി വിഭാഗത്തിന് ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്. മഹാരാഷ്ട്രയിലെ പുണെ ജയ്സിങ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻദാർ സ്പോർട്സ് ആൻഡ് എജുക്കേഷൻ അസോസിയേഷൻ ദേശീയ തലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. ദേശീയ അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമായിരുന്ന എം.ജി. പട്ടേലിന്റെ സ്മരണാർഥമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിലെ ഓരോ ഉർദു അധ്യാപകർക്ക് പുരസ്കാരം നൽകുന്നത്. ഉർദുഭാഷയുടെ പ്രചാരണം, അധ്യാപക പ്രോത്സാഹനം എന്നിവക്കാണ് അംഗീകാരം. കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷ് വി.പി. ഫൈസലിനെ അനുമോദിച്ചിരുന്നു. ലോക ഉർദുദിനമായ ബുധനാഴ്ച പുണെയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
രണ്ട് പതിറ്റാണ്ടായി ഉർദു അക്കാദമിക രംഗത്ത് സജീവമാണ് ഫൈസൽ. 2000 നവംബറിൽ പരീക്ഷാഭവൻ നടത്തിയ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഫൈസൽ 2001ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷയിൽ രണ്ടാം റാങ്കും 2003ൽ അദീബെ ഫാസിൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്കും നേടി. 2005ൽ പരീക്ഷഭവൻ നടത്തിയ ഉർദു ഭാഷ അധ്യാപക പരിശീലനത്തിൽ ഉന്നത വിജയവും ഹൈദരാബാദ് മൗലാന ആസാദ് നാഷനൽ ഉർദു യൂനിവേഴ്സിറ്റിയിൽനിന്ന് ഉർദു സാഹിത്യത്തിൽ ഒന്നാംക്ലാസോടെ ബിരുദാനന്തര ബിരുദവും നേടി. 2007ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. 2015 മുതൽ ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. മാപ്പിളപ്പാട്ട് തനത് ഈണത്തിൽ ഉർദുവിലേക്ക് വിവർത്തനം ചെയ്തതിന് 2018 ൽ കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ സേവന പുരസകാരം ലഭിച്ചിട്ടുണ്ട്. ഉർദുവിലും മലയാളത്തിലും നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഉർദു പാഠപുസ്തക നിർമാണ സമിതിയംഗം, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് കോർ സമിതിയംഗം, സമഗ്ര വെബ് പോർട്ടൽ കണ്ടന്റ് ഡെവലപ്പ്മെന്റ് ടീം അംഗം, ജില്ല സ്കൂൾ കലോത്സവം, യൂനിവേഴ്സിറ്റി കലോത്സവം, അഖില കേരള ഗസൽ ആലാപന മത്സരങ്ങളിൽ വിധികർത്താവ് തുടങ്ങിയ മേഖലകളിൽ സജീവമാണ്. ചങ്ങരംകുളം-ആലങ്കോട് പെരുമുക്ക് വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടി-ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ സഫീറ. വിദ്യാർഥികളായ മെഹ്ബാസ് അഹമദ്, മെഹ്സാദ് അമീൻ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.