വയലുകൾക്ക് ഈ തെരുവിൻെറ പരുപരുപ്പല്ല, ട്രാക്ടർ ഓർത്തു. സമരപോരാളിയുടെ വിയർപ്പിന് കർഷകൻെറ വിയർപ്പിെൻറ മണം, നിറം. സമരത്തിനും കൃഷിക്കും അധ്വാനവും ജീവിതവുമായുള്ള ബന്ധംപോലെയാണത്. അധികാരികൾക്ക് അധ്വാനത്തിൻെറ ഭാഷ അരസികമാവുന്നതിനാലാണ് താൻ ചളിമണ്ണിൻെറ പശിമയിൽ ജീവിതത്തിെൻറ നാമ്പുകൾ വിളയുന്ന വയലുകൾ വിട്ട് ഇന്ധനം മണക്കുന്ന തെരുവിൽ ചക്രമുരുട്ടുന്നതെന്ന് ട്രാക്ടർ ദീർഘമായി ആലോചിച്ചു.
പകിട്ടറ്റ കൃഷിഭൂമിയിൽ അത്യാഗ്രഹങ്ങളില്ലാത്ത മനുഷ്യരോടൊപ്പം കഴിഞ്ഞുവന്ന ട്രാക്ടർ ഇപ്പോൾ ആലക്തിക പ്രഭയിൽ മുങ്ങിയ ഡൽഹിയുടെ രാവേറെ പിന്നിട്ട തണുപ്പിൽ സഹജീവിയായ കർഷകനെ മടിയിൽ കിടത്തിയുറക്കുകയാണ്. ഒരു നീണ്ട പകലിെൻറ സമരസംഘർഷങ്ങളിൽനിന്ന് വിരമിച്ച് കരുത്തുള്ള നാളേക്കുവേണ്ടിയുള്ള മയക്കം. കർഷകൻെറ പുതപ്പിനുള്ളിൽ ശ്വാസത്തിൻെറ നേരിയ മൂളൽ കേൾക്കാം. ഒരുദേശത്തിൻെറയാകെ ഗദ്ഗദങ്ങൾ അതിനുള്ളിൽനിന്ന് ഒരുമിച്ചുയരുന്നതുപോലെ ടാക്ടറിന് തോന്നി. 130 കോടി നിശ്വാസത്തിെൻറ താപം പുതപ്പിനുള്ളിൽ കുമറുന്നുണ്ട്. അപ്പോഴും തണുപ്പിെൻറ കുത്തിയിറക്കത്തിൽ ടയറുകൾ വിറകൊള്ളുന്നുണ്ടായിരുന്നു. നേരം വെളുക്കുേമ്പാൾ മടിച്ചുമടിച്ച് മാത്രമാണ് എൻജിൻ എഴുന്നേൽക്കുന്നത്. തോൽപിക്കാനുള്ള തണുപ്പിൻെറ പരിശ്രമങ്ങളെ യത്നരഹിതമായി പ്രതിരോധിക്കാൻ കർഷകർക്ക് അവരുയർത്തുന്ന മുദ്രാവാക്യങ്ങൾ ഉപകരിക്കുന്നുണ്ടാവുമെന്ന് ട്രാക്ടർ വിചാരിച്ചു.
കൊക്കിൽ കൊരുത്തുകെട്ടിയ ഗോതമ്പുകതിരുമായി ഏതാനും സമയം സമരഭൂമിക്കു മുകളിൽ വൃത്തമിട്ടുകൊണ്ടിരുന്ന കിളി ട്രാക്ടറിെൻറ ബോണറ്റിൽ വന്നു നിന്നു. ചിരപരിചിതനോടെന്ന കണക്കെ ഒന്നു ചിരിച്ചു. പതിനായിരക്കണക്കിന് ടാക്ടറുകൾക്കിടയിൽനിന്ന് തന്നെ എങ്ങനെ തിരിച്ചറിഞ്ഞുവെന്ന ഒരു ചോദ്യം ടാക്ടറിെൻറ മുഖത്തുനിന്ന് കിളി വായിച്ചെടുത്തു. നെൽക്കതിർ കാലിനടിയിലേക്ക് വകഞ്ഞുവെച്ച് കിളി ഒരു ദീർഘശ്വാസമെടുത്തു.
കൂട്ടിൽ വിശന്നിരിക്കുന്ന കുഞ്ഞുങ്ങളെ മറന്നോ?
''ഇല്ല, അവറ്റകൾക്ക് ഈ ദൂരം താണ്ടാനുള്ള കരുത്തുണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ കൂട് അവർക്കൊരു നരകമാവുമായിരുന്നില്ല. ഇത്രയെങ്കിലും എന്ന അവരുടെ സ്നേഹവും പിന്തുണയുമാണ് ഈ കതിർ.''
പഞ്ചാബിലെ നെരിഗെഞ്ചയിൽ പരന്നുകിടക്കുന്ന ഗോതമ്പുപാടങ്ങളിൽ കൊയ്ത്തുകഴിയുേമ്പാൾ കൊത്തിപ്പെറുക്കാനെത്തുന്ന നൂറുകണക്കിന് പക്ഷിക്കുഞ്ഞുങ്ങളെ, അവരുടെ കലപിലകളെ ട്രാക്ടർ ഓർത്തു.
''എന്നാലും ഇത്രയും ദൂരം!'' ട്രാക്ടറിന് വിശ്വസിക്കാനായില്ല.
അതെ, അസാധാരണ കാലത്ത് അസാധാരണമായ ശ്രമങ്ങൾ. പുറപ്പെട്ടത് ഞാൻ തനിച്ചല്ല. നിരവധി പേരുണ്ടായിരുന്നു. വഴിയിൽ ചിറകുതളർന്ന് അവരിൽ ചിലർ വീണുപോയി. പക്ഷേ, അതൊരു പരാജയപ്പെട്ട പ്രവൃത്തിയായി തോന്നുന്നില്ല. ആ ദൗത്യം ഞങ്ങളാൽ പൂർത്തീകരിക്കപ്പെടുന്നുണ്ട്. നിയമത്തിനെന്തു സംഭവിച്ചു എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ?
''ഇല്ല. നിയമം ഞങ്ങൾക്ക് അറിയില്ലല്ലോ. അതു ബാധകവുമല്ല. അല്ലായിരുന്നുവെങ്കിൽ നിരത്തിൽനിന്ന് ആകാശത്തോളം ഉയരത്തിലുള്ള നിയമത്തിെൻറ ബാരിക്കേഡുകൾ മറികടക്കാൻ ഞങ്ങൾ പാടുപെടേണ്ടിവരുമായിരുന്നു.''
നിയമനിർമാതാക്കളുടെ കിളിപോയതാണല്ലോ യഥാർഥ പ്രശ്നമെന്ന് മനസ്സിൽ ഓർത്ത് ട്രാക്ടർ ഉറക്കെയുറക്കെ ചിരിച്ചു.
ഉറക്കത്തിെൻറ ഊഷ്മളതക്ക് ശരീരത്തെ വിട്ടുകൊടുക്കാതെ കർഷകൻ പുതപ്പിനെ ദൗത്യത്തിൽനിന്ന് പറഞ്ഞുവിട്ടു. ട്രാക്ടറിെൻറ മടിയിൽതന്നെ എഴുന്നേറ്റിരുന്നു. സമരച്ചൂടിൽ വാടിയ കർഷകെൻറ മുഖം കണ്ടപ്പോൾ കിളിയുടെ കൺകോണുകളിലേക്ക് ഏതാനും തുള്ളികൾ തള്ളിവന്നു. കതിർമണികൾ കർഷകന് കൈമാറി കിളി പറഞ്ഞു:
''വയലുകളിൽ കതിർ വിളയുന്നുണ്ട്. വയലുകൾ സ്വയം മണ്ണൊരുക്കുകയും വിത്തുകൾ വന്നുവീഴുകയും ജലവും വളവും വന്ന് അവയെ കിളിർപ്പിക്കുകയും ചെയ്യുന്നുണ്ട്.''
ഇതു കേട്ടപ്പോൾ കർഷകന് ആശ്വാസമായി.
ആട്ടെ, നിങ്ങൾ എന്താണ് തീരുമാനിച്ചിട്ടുള്ളത്? ട്രാക്ടർ ഇടക്കു കയറി ചോദിച്ചു.
''ഇവിടെത്ത താൽക്കാലിക കലവറകൾ ഇനി നിറഞ്ഞിരിക്കും. സമരത്തിന് അത് ഊർജം പകരുന്നതിന് ഞങ്ങളെടുത്ത തീരുമാനം നടപ്പാക്കുകതന്നെ ചെയ്യും'' -കിളി കട്ടായം പറഞ്ഞു.
കർഷകന് മണ്ണിനോടും മരങ്ങളോടും കിളികളോടും കൂടുതൽ ഇഷ്ടം തോന്നി. കിഴക്കനാകാശത്തേക്ക് നോക്കി അയാൾ ഉദയസൂര്യെൻറ വെളിച്ചം കണ്ണുകളിൽ കോരിയെടുത്തു.
സമരത്തിനെന്താണ് സംഭവിക്കുക എന്ന് നിനക്കറിയാമോ? കർഷകൻ പ്രാഥമിക കൃത്യങ്ങൾക്കായി ഇറങ്ങിപ്പോയ സമയത്ത് ട്രാക്ടർ കിളിയോട് ചോദിച്ചു.
''കുത്തകകൾക്ക് മണ്ണൊരുക്കുന്ന ഭരണകൂടത്തിന് പരാജയമായിരിക്കും പരിണതി.''
താങ്കളുടെ ടയറുകൾപോലെ, മുന്നിലുള്ള ചെറിയ ടയറുകളാണ് കർഷകർ. പിന്നിലെ ഭീമൻ ടയറുകൾ കുത്തകകളും. ഒരിക്കലും അവക്ക് മുന്നിലെത്താനാവില്ല. എന്നാലും ഇത്ര ദൂരം പറന്നെത്തി കലവറ നിറക്കുക എന്നത് എളുപ്പമുള്ള കാര്യമാണോ? ട്രാക്ടറിന് ചോദിക്കാതിരിക്കാനായില്ല. ഇത്രയും ദൂരെ ഒരാൾ ഒരുമിച്ചു പറക്കില്ല. അത് കൈമാറി കൈമാറിയാണ് ഇവിടെയെത്തുക. അതിന് ദൂരം നിശ്ചയിക്കുകയും ചുമതലകൾ വീതിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. കർഷകൻ ട്രാക്ടറിെൻറ ചാവി തിരിച്ചു. സമരഭൂമിയിൽ തണുത്തുകിടന്ന ആയിരക്കണക്കിന് ട്രാക്ടറുകൾക്ക് ഒരുമിച്ച് ജീവൻവെച്ചു. അവയിൽനിന്ന് നിരവധി കിളികൾ ആകാശത്തേക്കു പറന്നുയർന്നു.
കഥാകൃത്തിൻെറ ശബ്ദത്തിൽ കഥ കേൾക്കാം....
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.