ഇത്തവണത്തെ ജെ.സി.ബി. സാഹിത്യ പുരസ്കാരം ഉപമന്യൂ ചാറ്റർജിയുടെ 'ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്' എന്ന കൃതിക്ക്. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന അവാർഡാണിത്. ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതോ ആയ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
ഇംഗ്ലീഷിൽ എഴുതിയ അഞ്ച് പുസ്തകങ്ങളും ബംഗാളിയിൽ നിന്നുള്ള രണ്ട് പുസ്തകങ്ങൾ, മറാഠിയിൽ നിന്ന് രണ്ടെണ്ണം മലയാളത്തിൽ നിന്ന് ഒന്ന് എന്നിങ്ങനെയായിരുന്നു ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. എഴുത്തുകാരനും വിവർത്തകനും കവിയുമായ ജെറി പിൻ്റോയായിരുന്നു ജൂറി അധ്യക്ഷൻ. പണ്ഡിതനും വിവർത്തകനുമായ ത്രിദീപ് സുഹ്രുദ്, കലാചരിത്രകാരിയും ക്യൂറേറ്ററുമായ ദീപ്തി ശശിധരൻ, ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഷൗനക് സെൻ, ആർട്ടിസ്റ്റ് അക്വി താമി എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ.
2024-ലെ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള ഷോർട്ട് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ സന്ധ്യാ മേരിയുടെ മരിയ ജസ്റ്റ് മരിയ എന്ന നോവൽ ഇടം പിടിച്ചിട്ടുണ്ട്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളിയായ എഴുത്തുകാരൻ സഹറു നുസൈബ കണ്ണന്നാരിയുടെ ക്രോണിക്കിൾ ഓഫ് അൻ അവർ എ ഹാഫ് എന്ന പുസ്തകവും ചുരുക്കപ്പട്ടികയിൽ ഉണ്ട്.
ബെന്യാമിനാണ് മലയാളത്തിൽ ആദ്യമായി ജെ.സി.ബി പുരസ്കാരം ലഭിക്കുന്നത്. 2018-ൽ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന നോവലിനായിരുന്നു ബെന്യാമിന് അവാർഡ് ലഭിക്കുന്നത്. എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിനും (2020), എം. മുകുന്ദന്റെ ‘ദൽഹി ഗാഥകൾക്കും’ (2021) നേരത്തെ ജെ.സി.ബി. അവാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.