പൊന്നാനി: ഉമ്മാച്ചുവിനെയും സുന്ദരികളും സുന്ദരന്മാരെയും മലയാളിക്ക് സമ്മാനിച്ച ഉറൂബില്ലാത്ത മലയാള സാഹിത്യ ലോകത്തിന് ഇന്ന് നാൽപ്പത്തിരണ്ടാണ്ട്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരനായ ഉറൂബിെൻറ നാമധേയത്തിലുള്ള ലൈബ്രറി ആളനക്കമില്ലാതെ കിടക്കുന്നത് വായനപ്രേമികൾക്ക് നൊമ്പരമാവുകയാണ്. ലളിതമായ എഴുത്തിലൂടെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്ക് മുൻഗണന നൽകിയ ഉറൂബിന് സാഹിത്യ ലോകം ഇന്നും അർഹിച്ച പരിഗണന നൽകിയില്ലെന്നത് യാഥാർഥ്യമാണ്.
പൊന്നാനി പള്ളപ്രം ഗ്രാമത്തിലാണ് പി.സി. കുട്ടികൃഷ്ണന് എന്ന ഉറൂബ് ജനിച്ചത്. പൊന്നാനി എ.വി ഹൈസ്കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ കവി ഇടശ്ശേരി ഗോവിന്ദന് നായരുമായി സൗഹൃദത്തിലായി. സാഹിത്യലോകത്തേക്കുള്ള അദ്ദേഹത്തിെൻറ ആദ്യത്തെ കാല്‍വെപ്പ് കവിതയിലൂടെയായിരുന്നു. എന്നാല്‍, കഥയുടെയും നോവലുകളുടെയും ലോകത്തേക്ക് അദ്ദേഹത്തിെൻറ സാഹിത്യാഭിരുചി വഴിമാറുകയായിരുന്നു. അധ്യാപകന്, ഗുമസ്തന്, ആശുപത്രി കമ്പൗണ്ടര്‍, പത്രാധിപര്‍, ആകാശവാണിയിൽ പ്രൊഡ്യൂസർ തുടങ്ങി നിരവധി മേഖലകളിലാണ് ഉറൂബ് പ്രവർത്തിച്ചത്. പൊന്നാനിക്കാരനായ ഈ എഴുത്തുകാരന് ഉചിതമായ സ്മാരകം ഇനിയും ജന്മനാട്ടിൽ യാഥാർഥ്യമായിട്ടില്ല.
1997ൽ ജനകീയാസൂത്രണത്തിെൻറ ഭാഗമായി സാംസ്കാരിക സമുച്ചയം നിർമിച്ചിരുന്നെങ്കിലും രണ്ട് വർഷം കൊണ്ട് തന്നെ പേരിനൊരു ലൈബ്രറി മാത്രമായി ഇത് മാറി. ഇപ്പോൾ പ്രവർത്തനരഹിതമായ ലൈബ്രറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ കടലാസിൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.