1994 ജൂലൈ 5ന് ശേഷംവന്ന ജൂലൈ അഞ്ചുകൾ മലയാളികളെ സംബന്ധിച്ചിടത്തോളം, ഓരോ വർഷം കഴിയുംതോറും, അത്യന്തം അവിസ്മരണീയമായി തീരുന്നുണ്ടെങ്കിൽ, അതിനു കാരണം ഭാഷയിൽ പടർന്നുകഴിഞ്ഞ, മലയാളഭാഷയുടെ അധികസാധ്യതയായി മാറിക്കഴിഞ്ഞ വൈക്കം മുഹമ്മദ് ബഷീർ എഴുത്തിന്റെയും ജീവിതത്തിന്റെയും പ്രകാശമാണ്. കലണ്ടറിലെ ജൂലൈ അഞ്ചിൽ വിയർപ്പ് പൊടിയുന്നത് അതിനൊരിക്കലും വിശ്രമമില്ലാത്തതിനാലാണ്. വായിക്കാൻപോലുമറിയാത്ത മലയാളികൾ അക്ഷരമറിയാതെതന്നെ ബഷീറിനെ വായിച്ചു. സാഹിത്യത്തിൽ ഒരു താൽപര്യമില്ലാത്തവർപോലും ബഷീറിലേക്ക് കാത്ചേർത്തു. കണ്ടാൽപോലും കാണാത്തവർ ബഷീറിനെ ശരിക്കു കണ്ടു! ജീവിച്ച കാലത്തെന്നപോലെ മരണാനന്തരവും ഒരു മഹാവിസ്മയമായി അദ്ദേഹം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രിയ കക്കാട് എഴുതിയതുപോലെ എത്രയോ ചവർപ്പുകൾ കുടിച്ചുവറ്റിച്ചതിനുശേഷമാണ് മറ്റെല്ലാ പ്രതിഭകളെപ്പോലെ ബഷീറും ശാന്തിയുടെ ശർക്കര നുണഞ്ഞത്. അപ്പോഴുമതിൽ സർഗാത്മക അസംതൃപ്തിയുടെയും ആത്മീയാന്വേഷണങ്ങളുടെയും സാമൂഹിക അനീതികൾക്കെതിരായ രോഷത്തിന്റെയും കനലുകൾ, വരുമെന്നുറപ്പുള്ള ഉദാത്തമായ വെളിച്ചത്തെ സ്വപ്നംകണ്ട് എരിഞ്ഞുകൊണ്ടിരിക്കുന്നു. മഴയെത്രപെയ്തിട്ടും, മഞ്ഞെത്ര പൊതിഞ്ഞിട്ടും, മുൻവിധികൾ മലിനമാക്കിയ ആക്ഷേപശരങ്ങൾ ഏറെ ഏറ്റിട്ടും ആ കനൽ മുമ്പെന്നപോലെ ഇന്നും കത്തുകതന്നെയാണ്. മലയാളികളൊക്കെയും മരിച്ചുപോയാലും മലയാളഭാഷ നിലനിൽക്കുമെങ്കിൽ, ബഷീറും നിലനിൽക്കും. തനിക്കെതിരെ ഉയർന്ന അടിസ്ഥാനരഹിത വിമർശനങ്ങൾക്ക് പിറകിൽ വർണാശ്രമ വ്യവസ്ഥയുടെ അദൃശ്യകരങ്ങളാണുള്ളതെന്ന് ബഷീർ ശരിയായിതന്നെ മനസ്സിലാക്കിയിരുന്നു. അതിനോട് അശ്ലീലബ്രാഹ്മണ്യം വിജയിച്ചില്ലെങ്കിൽ ബഷീർ സാഹിത്യം നിലനിൽക്കും എന്ന് ഒ.വി. വിജയൻ എഴുതിയതും ഓർമിക്കാവുന്നതാണ്.
മറ്റൊന്നുമില്ലെങ്കിലും, മറ്റാരുമില്ലെങ്കിലും സ്വന്തം ജീവൽഭാഷയുടെ കടലിൽ നീന്തിക്കയറാനായാൽ, എത്ര പ്രയാസങ്ങൾ നേരിടേണ്ടിവന്നാലും മനുഷ്യർ സൗഹൃദത്തിന്റെ കരപറ്റുമെന്നുള്ളത് ശരിയാണെങ്കിൽ, ബഷീർവായന, സർവ സങ്കുചിതത്വങ്ങൾക്കുമെതിരായൊരു പ്രതിരോധമായി, ഏത് കൊടും വെയിലിലും കുളിർത്തണലായി നമുക്കിടയിൽ നിലനിൽക്കുന്നുണ്ടാവും! വർണശബളമായ കാഴ്ചകളിൽനിന്നല്ല വീര്യമാർന്ന കാഴ്ചപ്പാടുകളിൽനിന്നാണ്, ചിതൽപിടിച്ച പുനരുത്ഥാനത്തിൽനിന്നല്ല, ജീവിതത്തെയാകെ ചൈതന്യനിർഭരമാക്കുന്ന നവോത്ഥാനസമരങ്ങളിൽനിന്നാണ് മറ്റ് നിരവധി മഹാപ്രതിഭകളെപ്പോലെ ബഷീറും മലയാളത്തിൽ ഉയർന്നത്.
പ്രിയകവി ഇടശ്ശേരി അനശ്വരമാക്കിയ നാനാജഗന്മനോരമ്യഭാഷ അതിന്റെ സമസ്ത പുണ്യത്തോടും, പ്രതാപത്തോടും നൃത്തം ചെയ്യുന്നത് നേരിൽ കാണാൻ ഇന്നും ബഷീർകൃതികൾ നമ്മെ സഹായിക്കും. നീ പോയി പഠിച്ചുവരുമ്പോഴേക്കും/ നിങ്ങളന്യോന്യം മറന്നിരിക്കും/ പോയിനാമിത്തിരി വ്യാകരണം/ വായിലാക്കീട്ടു വരുന്നു മന്ദം/ നാവിൽനിന്നപ്പഴേ പോയ്ക്കഴിഞ്ഞു/ നാനാജഗന്മനോരമ്യഭാഷ (പള്ളിക്കൂടത്തിലേക്കു വീണ്ടും). ഒരു വെറുപ്പിനും എത്രയെളുപ്പം വിഴുങ്ങാനാവാത്ത, ബഹുസ്വര–മനോഹരമായ നാനാജഗന്മനോരമ്യഭാഷയുടെ വിസ്തൃതിയാണ്, ബഷീർ എഴുത്തിനെ മഹത്താക്കുന്നത്. ഒരൊറ്റ അടഞ്ഞ ചിന്തയിൽ അവസാനിക്കുന്നതിനെതിരെ, അതിനേക്കാൾ ചിന്തയില്ലായ്മയുടെ ആഴങ്ങളിൽ ഒരിക്കലും പൊങ്ങിവരാനാവാത്തവിധം വീഴുന്നതിനെതിരെയുള്ള തുറന്നചിന്തയുടെ കരുതലാണതിന്റെ കരുത്ത്. അതുതന്നെയാണതിന്റെ കാന്തിയും!
അധാർമികമായി തീർന്ന അധികാരവ്യവസ്ഥക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ബദൽവ്യവസ്ഥ വികസിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ അർഥത്തിൽ എന്തിന്റെയും അനിവാര്യമായ ഘടനയായിരിക്കാൻ വേണ്ട ക്രമങ്ങളെയല്ല, ആയൊരു വ്യാകരണത്തെയല്ല, മറിച്ച് അധികാരം സ്വന്തം താൽപര്യാർഥം കാലൊടിച്ചിട്ട ചട്ടുകാലൻ ആഖ്യാനത്തെയും പളുങ്കൂസൻ വ്യാകരണത്തേയുമാണ് ബഷീർ വെല്ലുവിളിച്ചത്. ബഷീർ കൃതികളിൽ അനുകരണബാധയേൽക്കാത്ത വേറിട്ടൊരു വ്യാകരണമുണ്ട്. കള്ളും കഞ്ചാവും ചാരായവും എംടീഷൻ സാധനങ്ങളാകുന്നു എന്നെഴുതുമ്പോഴും, കേസരി ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുത്തുന്നതിനിടയിൽ ചിന്തകൻ എന്നതിനു പകരം, തോട്ടൻ (Thought=ചിന്ത) എന്നെഴുതുമ്പോഴും, പാകിസ്താനിലേക്ക് പോവേണ്ടിവന്നാലും സ്വന്തം പേര് വൈ മു ബ പണിക്കർ എന്നാക്കിമാറ്റി പ്രതിരോധിക്കുമെന്ന് പറയുമ്പോഴും ഗുങ്കറു എന്ന കുഞ്ഞിന്റെ കൊഞ്ചൽകുറുകലിനെ ദൈവമുണ്ടെന്നു പരിഭാഷപ്പെടുത്തുമ്പോഴും, മനുഷ്യനല്ലേ, മനുഷ്യൻ, ഹാ എത്ര ഡങ്കുഡുങ്കു എന്നോർമിപ്പിക്കുമ്പോഴും, ബഷീർ സർവ സർഗപ്രവർത്തനങ്ങളിലെന്നപോലെ ഭാഷയുടെ സാധ്യത വിപുലപ്പെടുത്തുകയാണ്. അസ്തിത്വസംബന്ധമായ അന്വേഷണങ്ങളുടെ ആഴങ്ങൾ തേടുകയുമാണ്. എത്ര ചെറുതിലും വലുതും, വലുതെന്ന് കരുതപ്പെടുന്ന പലതിലും ചെറുതും കണ്ടെത്തുകയാണ്. ബലൂൺപോലെ വീർത്തു നിൽക്കുന്ന അഹന്തകളുടെ കാറ്റൊഴിച്ചുവിടുകയാണ്. ക്ഷേത്രവും ചർച്ചും നിൽക്കുന്നേടത്തുതന്നെ നിൽക്കട്ടെ, നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാവരുത് എന്ന് ‘േപ്രമലേഖന’ത്തിലും, വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം മനസ്സിന്റെ തൃപ്തി നോക്കിയാൽ മതി എന്ന് ‘ശബ്ദങ്ങളി’ലും, എേന്റത് എന്നുപറയാൻ എന്താണുള്ളത് എന്ന്, ‘ചെവിയോർക്കുക അന്തിമകാഹള’ത്തിലും, േപ്രമത്തിന് എപ്പോഴും അൽപസ്വൽപം നാറ്റമൊക്കെ കാണും എന്ന് ‘േപ്രമവും പൂക്കളി’ലും, താങ്കൾ ഏതെങ്കിലും പാർട്ടിയിൽ അംഗമാണോ? എന്ന ചോദ്യത്തിനുള്ള അംഗംതന്നെയല്ല– ബഷീറിസത്തിന്റെ അനിഷേധ്യനേതാവ് എന്ന ഊറിച്ചിരിപ്പിക്കുന്ന ഉത്തരത്തിലും നരച്ച പതിവ് പ്രതികരണങ്ങളെ നിലംപരിശാക്കുന്നൊരു പ്രതിബോധമാണ് ചങ്ങലകൾ പൊട്ടിക്കുന്നത്.
മതത്തിന്റെ പേരിൽ മസിലു പിടിച്ച് പരസ്പരം മുരളാനാഗ്രഹിക്കുന്നവരെപ്പോലും, ചിരിയിൽ വീഴ്ത്തുന്ന രചനാരീതി ബഷീറിനെ ഓർമിക്കുമ്പോഴെല്ലാം കളങ്കമില്ലാത്ത നിർവൃതിയായി നിറയും. സ്വയം വിസ്തൃതമാവുന്നതിൽ അതിനോളം ഹൃദ്യമായ മറ്റൊന്നും ജീവിതത്തിൽ എളുപ്പം കണ്ടെടുക്കാനാവില്ല. അതുകൊണ്ടാണ്, ‘വരട്ടെ ദുരിതങ്ങൾ കേരളത്തിനുമേലും. ചിരിക്കാൻ മറക്കാതിരിക്കാൻ കഴിയാതിരുന്നെങ്കിൽ’ എന്ന് പ്രിയ വൈലോപ്പിള്ളി പാടിയത്. ചിരിക്കുന്നതോടെ താൽക്കാലികമായിട്ടാണെങ്കിലും വരേണ്യ ദന്തഗോപുരങ്ങളും അധികാരത്തിന്റെ പൊന്നാപുരം കോട്ടകളും നിലംപൊത്തും. ഉള്ളറിഞ്ഞ് മനം നിറഞ്ഞ് ചിരിക്കാൻ കിട്ടുന്ന ഓരോ അവസരവും, അറിയാതെയായാൽപോലും വിചാരണ ചെയ്യുന്നത് നാനാപ്രകാരേണയുള്ള അധികാരങ്ങളെയാണ്. ‘മുണ്ടേസേതുങ് മുതൽ ഉപ്പുമാങ്ങ ഭരണിവരെ’ എന്ന തലവാചകം മുതൽ, അതിലെ ഓരോ ചോദ്യോത്തരവും, ബഷീറിന്റെ സാഹിത്യരചനകളെന്നപോലെ, ആലോചിക്കുംതോറും പലവിതാനങ്ങളിൽ പ്രസക്തമാണെന്ന് നമുക്ക് മനസ്സിലാവും.
ചോദ്യം: തൊണ്ണൂറാംകോയി മുട്ടയിടണചേലിക്ക് കുത്തിര്ന്ന് മാത്റ്പൂമീന്റെ അഗത്ത് കത എയ്തി പെര്പ്പിക്കണ ഈ ഉറൂബ്സാഹിബ് ഏതാ ബഷീർകാക്ക? ഉസ്ര്ള്ള ബാപ്പാന്റെ മോനാണെങ്കിൽ ഓന്റെ സരിയായ പേര് പറ.
ഉത്തരം: ന്റെ പൊന്നാര സലീമേ, ജ്ജ് കളിച്ച് കളിച്ച്, ന്റെ ബാപ്പാനെതൊട്ട് കളിക്കണോ? പഹയാ, അന്റെ കണ്ണിന്റെ സിൽവറ് ഞമ്മളെടുക്കും! ന്റെ ബാപ്പ ബല്യ ശുജാഇ ആർന്ന്! പക്കേങ്കില്, അന്റെ ശോത്യത്തിന് ഞമ്മളെന്ത്ര്ത്താ പറയാ? ഒന്ന് പട്ടാങ്ങാ, ഓൻ കാഫ്റ് ഉറൂബാ. ഓന്റെ സറിയായപേര് കുട്ടികിസ്ണമാരാരെന്നാ തോന്ന്ണ്. ജ്ജ് ആ എൻ വി കിസ്ണബാരര്ക്ക് ഒരു കത്തൈയ്തി ചോയിക്ക്. ഓൻ ഉസ്റുള്ള ബാപ്പാന്റെ മോനാണെങ്കി അനക്ക് മറ്കത്തെയ്തും. അസ്സലാമു അല്ലൈക്കും! ഇതിലെ ഓരോ വാക്കും അവസാനത്തെ അസ്സാലാമു അലൈക്കും വരെ സൂക്ഷിച്ചു നോക്കിയാൽ ഇന്നത്തെ അവസ്ഥയിൽ സൂക്ഷ്മ അപഗ്രഥനം ആവശ്യപ്പെടുന്നുണ്ടെന്ന് മനസ്സിലാവും. വിശദീകരിക്കുന്നില്ല.
1994 ജൂലൈ 5ന് ശേഷം ഈ കുറിപ്പെഴുതുന്നതുവരെയുള്ള അനുസ്മരണദിനങ്ങളിൽ ഒന്നൊഴിയാതെ ബഷീർ ഓർമയുടെ ഭാഗമാവാനും ഓരോതവണ വായിക്കുമ്പോഴും, മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോവാനും അവസരം കിട്ടിയ ഒരു സാംസ്കാരിക പ്രവർത്തകനെന്ന നിലയിൽ, ബഷീർ എന്ന മഹാപ്രതിഭ എന്റെ സ്വന്തം ജീവിതത്തിലുണ്ടാക്കിയ അത്ഭുതം കലർന്ന ആദരവ് ആവർത്തനമാവുമെങ്കിലും നവഫാഷിസ്റ്റ് അലർച്ചകളുടെ പശ്ചാത്തലത്തിൽ പറയാതെ വയ്യ.
ദേശാഭിമാനി വാരികയിൽ ഞാനാദ്യമായെഴുതിയ പ്രബന്ധം മുകളിൽ പരാമർശിച്ച ഉറൂബ് എന്ന പേരിൽ പ്രകാശം പരത്തിയ മഹാപ്രതിഭ പി.സി. കുട്ടികൃഷ്ണനെയും വൈക്കം മുഹമ്മദ് ബഷീറിനെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. അന്നത്തെ വാരികയുടെ എഡിറ്ററായ തായാട്ട് മാഷിന്റെ നിർദേശമനുസരിച്ചാണ് അന്ന്, അതായത് ഏകദേശം നാൽപത് കൊല്ലങ്ങൾക്കുമുമ്പ് ‘പി.സിയും ബഷീറും’ എന്ന പേരിൽ ആ പ്രബന്ധം എഴുതിയത്. എന്റെ ആദ്യ പുസ്തകമായ ‘തീപിടിച്ച ആത്മാവുകൾക്കൊരാമുഖം’ എന്ന 1986ൽ പ്രസിദ്ധീകൃതമായ പുസ്തകത്തിൽ ആ ലേഖനമുണ്ട്. എഴുത്തിൽ വെറും തുടക്കക്കാരൻ മാത്രമായ എന്നെ, എന്തിന് ഞാൻപോലും അറിയാത്ത എന്നെ, അന്നെന്നപോലെ ഇന്നും കോരിത്തരിപ്പിച്ചുകൊണ്ട് ബഷീർ എന്റെ അത്രയൊന്നും മികച്ചതല്ലാത്ത ആ പ്രബന്ധത്തെപ്പറ്റി പറഞ്ഞ അഭിപ്രായങ്ങൾ പിൽക്കാലത്ത് എഴുതുമ്പോഴും സൂക്ഷ്മത പുലർത്താൻ എനിക്ക് ഏറെ സഹായകമായി തീർന്നു. ബഷീർ എന്റെ ദേശാഭിമാനി പ്രബന്ധത്തെക്കുറിച്ച് വായനക്കാർക്കുള്ള കത്തുകൾക്കിടയിൽ അന്നെഴുതിയ പ്രതികരണം ഇന്നാണെങ്കിൽ കവർചട്ടയിൽ വഴുതനങ്ങ അക്ഷരങ്ങളിൽ ഇടം പിടിക്കുമായിരുന്നു! അർഹിക്കുന്ന പ്രാധാന്യം അന്ന് ആ കത്തിന് കിട്ടാതെപോയെങ്കിലും പിന്നീട് സമാഹരിക്കപ്പെട്ട ബഷീർ കൃതികളിൽ പ്രാധാന്യത്തോടെ ആ കത്ത് ചേർക്കപ്പെട്ടിട്ടുണ്ടെന്നത് കുറച്ചൊന്നുമല്ല ഊർജം പകരുന്നത്. ബഷീർ സമ്പൂർണകൃതികൾ രണ്ടാംഭാഗത്ത് രണ്ടിടത്തും ‘യാ ഇലാഹി’ എന്ന മരണാനന്തരകൃതിയിലും എന്റെ പക്കൽ ശാപമില്ല; അനുഗ്രഹമേയുള്ളൂ എന്ന, എന്നും ആർക്കും പ്രചോദനം നൽകുന്ന ആ കത്തുണ്ട്. കത്തെഴുതാൻ ബഷീറിന് പ്രകോപനമായത് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് പ്രബന്ധത്തിൽ നടത്തിയ അഭിപ്രായപ്രകടനമല്ല, അക്കാലത്ത് കലാകൗമുദി വാരികയിൽ അദ്ദേഹത്തിന്റെ പേരിൽ വന്ന ഒരഭിമുഖത്തിലെ വാക്യം, ഞാൻ എടുത്തു ചേർത്തതും അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചതുമാണ്.
നിങ്ങൾ പുതിയ തലമുറയിലെ എഴുത്തുകാരുടെ കൃതികൾ വായിക്കാറുണ്ടോ എന്ന അഭിമുഖത്തിലെ ചോദ്യത്തിന് ഞാൻ അമേധ്യം ഭക്ഷിക്കാറില്ല എന്ന ബഷീറിന്റെ മറുപടിയാണ് അന്ന് എന്നെ വല്ലാതെ ക്ഷോഭിപ്പിച്ചത്. ആ ക്ഷോഭം ധൂർത്തമായിതന്നെ എഴുത്തിൽ സർവ ആദരവും നിലനിർത്തിക്കൊണ്ട് രൂക്ഷമായ ഭാഷയിൽതന്നെ എഴുതുകയും ചെയ്തു. ഇതിനോടുള്ള തന്റെ പ്രതികരണമാണ് പിന്നീട് സ്ഥിരപ്രതിഷ്ഠ നേടിയ ‘എന്റെ പക്കൽ ശാപങ്ങളില്ല, അനുഗ്രഹമേയുള്ളൂ’ എന്ന് പത്രാധിപർക്കുള്ള കത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.
നിർലോഭമായി സ്നേഹം ചൊരിയാനെന്നപോലെ ബഷീർ വിമർശിക്കേണ്ടിടത്ത് നിശിതമായി വിമർശിക്കാനും ധീരതകാണിച്ച മഹാപ്രതിഭാശാലിയാണ്. നീതിയുടെ മുന്നിലല്ലാതെ– അദ്ദേഹം ശിരസ്സ് കുനിച്ചില്ല. അഥവാ കുനിച്ചിട്ടുണ്ടെങ്കിൽ, അത് ഓടകളിൽ വീണുകിടക്കുന്ന മനുഷ്യരെ കാണാനാണ്. മേൽവിലാസമില്ലാത്തവരെ മാറോടടുക്കി പിടിക്കാനാണ്. ഭ്രഷ്ട് കൽപിച്ചകറ്റി നിർത്തുന്ന മനുഷ്യരുടെ ഉള്ള് കാണാനാണ്. കൊച്ചു മൺതരിയുടെപോലും മഹത്ത്വം മനസ്സിലാക്കാനാണ്.
രോമത്തെ രോമംമാത്രമായി കാണണം. അതൊരു മൂല്യത്തിനും പകരമല്ല, ആരുടേതായാലും എന്ന് സ്വന്തം ആത്മീയന്വേഷണസത്യത്തിന്റെ അസ്ഥിയിൽതൊട്ട് ബഷീർ മുമ്പ് എഴുതിയത് ഇന്ന് നാം അന്നത്തേക്കാളേറെ താൽപര്യത്തോടെ വീണ്ടും അതിന്റെ സമഗ്രസംഘർഷശോഭയിൽ തിരിച്ചറിയണം. വിശുദ്ധഖുർആൻ, വിശുദ്ധബൈബിൾ എന്നൊക്കെ പറയുന്നത്പോലെ വിശുദ്ധരോമം എന്നുപറയുന്നതിനെയാണ്, രോമമതങ്ങളിലും വിശുദ്ധരോമത്തിലും അദ്ദേഹം അടപടലം പരിഹസിക്കുന്നത്. തലയിലെ മുടി വരണ്ടി മൊട്ടയാക്കി ചിലർ താടി വളർത്തുന്നു. മറ്റു ചിലർ മുഖത്തെ താടി വടിച്ച് തലയിൽ മുടി വളർത്തുന്നു. വേറൊരു കൂട്ടർ താടിയും മുടിയും വടിച്ച് ഉച്ചിയിൽ മാത്രമായി കുടുമ വെക്കുന്നു. ബഷീർ സാക്ഷ്യപ്പെടുത്തുന്നത് ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ടെങ്കിലും മറ്റെന്താണെങ്കിലും രോമംകൊണ്ടുള്ള ഈ കസർത്തിന്റെ പേരല്ല മതമെന്നാണ്!
എഴുതാനായി സ്വർണ്ണകസേരകളിൽ/ ഇരുത്തപ്പെട്ടവർ/ അവരുടെ കുപ്പായങ്ങൾ നെയ്തവരെപ്പറ്റി/ ചോദ്യം ചെയ്യപ്പെടും/ അവരുടെ പുസ്തകങ്ങൾ പരിശോധിക്കപ്പെടും/ അവയിലെ ഉദാത്തമായ വിചിന്തനങ്ങൾക്കുവേണ്ടിയല്ല/ നെയ്തുകാരെക്കുറിച്ച്/ സൂചനനൽകുന്ന യാദൃശ്ചികമായ ഒരു പ്രയോഗത്തിനുവേണ്ടി/ അവർ താൽപര്യപൂർവ്വം വായിക്കപ്പെടും എന്ന് ബ്രഹ്ത്. എങ്കിൽ മലയാളി വീണ്ടും വീണ്ടും ബഷീർ കൃതികൾ വായിക്കേണ്ടിവരും. െബ്രഹ്ത് പറയുന്ന തയ്യൽക്കാർക്ക് തൊഴിലാളികൾ എന്ന നിലക്കുള്ള വിലാസമുണ്ട്, എന്നാൽ ബഷീറിന്റെ നത്തുദാമുവിനും എട്ടുകാലിമമ്മൂഞ്ഞിനും മണ്ടൻമുത്തപ്പയ്ക്കും ആ വിധം ഒരു മേൽവിലാസവുമില്ല. അവർ ബഹിഷ്കൃതരാണ്. അങ്ങിനെ നോക്കുമ്പോൾ ബഷീർ സാഹിത്യം ബഹിഷ്കൃതരുടെ ഇതിഹാസമാണ്. അതോടൊപ്പം ഒരു നവഫാഷിസ്റ്റ് കാലത്ത് പല നിലകളിൽ ബഹിഷ്കൃതരാവാൻ സാധ്യതയുള്ളവർക്കുള്ള ശകതമായ പ്രതിരോധത്തിനുള്ള സമരായുധവും!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.