കോഴിക്കോട്: അനുഭവങ്ങളുടെ വിശാലമായ പാടത്തുനിന്ന് എഴുത്തിന്റെ കതിരുകൊത്തി പറന്ന മഹതിയായിരുന്നു പി. വത്സല. നെല്ല്, ആഗ്നേയം, കൂമൻകൊല്ലി, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, പാളയം തുടങ്ങി മലയാളിക്ക് എഴുത്തിന്റെയും വായനയുടെയും ഹരിതശോഭ നൽകിയ ടീച്ചറുടെ പെരുമാറ്റവും വാക്കുകൾപോലെ ലളിതമായിരുന്നു.
കാടും മേടും മണ്ണും പെണ്ണും നെല്ലുമെല്ലാം വായനക്കാർക്കു മുന്നിൽ അനുഭവങ്ങളുടെ മഷി നിറച്ചെഴുതാൻ വത്സലക്ക് കഴിഞ്ഞു. രണ്ടു വർഷം മുമ്പ് സംസ്ഥാന സർക്കാറിന്റെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ടീച്ചർ അടുത്ത കാലംവരെ സാഹിത്യമേഖലയിൽ സജീവമായിരുന്നു. നെല്ല് എന്ന വിഖ്യാത നോവലിന് 51 വയസ്സ് പൂർത്തിയാകുമ്പോഴാണ് വത്സലയുടെ വിടവാങ്ങൽ.
ആദിവാസി ജീവിതത്തിന്റെ ദുരിതകാണ്ഡങ്ങൾ അനുവാചകർക്ക് സമഗ്രമായി പരിചയപ്പെടുത്തിയ ആദ്യ എഴുത്തുകാരിയാകും വത്സല. അഞ്ചു പതിറ്റാണ്ട് മുമ്പെഴുതിയ ‘നെല്ല്’ മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവലുകളിലൊന്നാണ്. അരനൂറ്റാണ്ട് പിന്നിട്ട തന്റെ കൃതികളുടെ പ്രസക്തി ഇപ്പോഴും സമൂഹത്തിലുണ്ടെന്നും സാമൂഹികമായി മുഴുവനായും മാറാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചപ്പോൾ വത്സല ടീച്ചർ അഭിപ്രായപ്പെട്ടിരുന്നു. ആദിവാസികളുടെ പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ അവർ അസ്വസ്ഥയായിരുന്നു.
കുറച്ച് വർഷം മുമ്പ് സംഘ്പരിവാർ അനുകൂല പ്രസ്താവനകൾ നടത്തി ടീച്ചർ പല പുരോഗമന എഴുത്തുകാരെയും ഞെട്ടിച്ചിരുന്നു. പാക് ഗായകൻ ഗുലാം അലിയെ കേരളത്തിൽ കൊണ്ടുവന്നത് രാഷ്ട്രീയനീക്കമാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. ഭരണകൂടത്തിനെതിരെ കലഹിച്ച് അവാർഡുകൾ തിരിച്ചുകൊടുക്കുന്ന സാഹിത്യകാരന്മാരുടെ നടപടിക്കെതിരെയും പ്രതിഷേധിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച വത്സല ടീച്ചർ, നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം അദ്ദേഹത്തെ പുകഴ്ത്തി പ്രസ്താവന നടത്തി. മോദി രണ്ടാം ചാണക്യനാണെന്നും വത്സല വിശേഷിപ്പിച്ചിരുന്നു. ‘തൊട്ടുണർത്താൻ ഒരു ചെറുവിരൽ’ എന്ന തലക്കെട്ടിൽ അമൃതാനന്ദമയിയെ പുകഴ്ത്തിയെഴുതിയ ലേഖനത്തെ പുരോഗമന കലാസാഹിത്യ സംഘം നിശിതമായി വിമർശിച്ചിരുന്നു. തനിക്ക് സംഘ്പരിവാറുമായി ഒരു ബന്ധവുമില്ലെന്നാണ് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച നാളിൽ ടീച്ചർ ‘മാധ്യമ’ത്തോട് പറഞ്ഞത്.
കോവിഡ് കാലത്ത് മുക്കത്ത് മകളുടെ വീട്ടിലായിരുന്നു താമസം. എഴുത്തച്ഛൻ പുരസ്കാരമടക്കമുള്ള നേട്ടങ്ങളും ഇക്കാലത്താണ് തേടിയെത്തിയത്. ശതാഭിഷേകം പിന്നിട്ട ടീച്ചർ പുതിയ നോവലിന്റെ പണിപ്പുരയിലായിരുന്നു. കോഴിക്കോട്ട് കാനങ്ങോട്ട് തറവാട്ടിലെ ബാല്യം നോവലായി എഴുതാനായിരുന്നു തീരുമാനം. ‘കിളിക്കാലം’ എന്നായിരുന്നു എഴുതിത്തുടങ്ങിയപ്പോൾ പേരിട്ടിരുന്നത്. പുസ്തകം പൂർത്തിയാക്കാനാകാതെയാണ് അന്ത്യം.
സിനിമയായ നെല്ല്
വത്സല ടീച്ചറുടെ ഒട്ടേറെ കൃതികൾക്ക് വിളനിലം വയനാടിന്റെ പ്രകൃതിരമണീയമായ പശ്ചാത്തലമായിരുന്നു. ‘നെല്ല്’ നോവൽ സിനിമയാക്കിയത് രാമു കാര്യാട്ടായിരുന്നു. വയനാടിന്റെ സൗന്ദര്യവും അവിടത്തെ ജനങ്ങളുടെ ജീവിതം ചിത്രീകരിക്കാനുള്ള അഭിനിവേശവുമായിരുന്നു കാര്യാട്ടിന്. എസ്.എൽ പുരം സദാനന്ദനാണ് തിരക്കഥ തയാറാക്കിയത്.
വത്സലയും കെ.ജി. ജോർജും ചേർന്ന് വേറൊരു തിരക്കഥയും നെല്ലിനെ ആസ്പദമാക്കി തയാറാക്കിയിരുന്നു. ഇതുരണ്ടും സിനിമക്കുവേണ്ടി ഉപയോഗിക്കുകയുണ്ടായി. എന്നാൽ, തിരക്കഥ, സംഭാഷണം എന്നിവയുടെ ക്രെഡിറ്റ് എസ്.എൽ പുരത്തിനുതന്നെയായിരുന്നു. സിനിമയിൽ ആവശ്യമായ ഘടകങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തുകയായിരുന്നു എസ്.എൽ പുരം.
കള്ളുഷാപ്പ്, ചായക്കട, മന്ത്രവാദം തുടങ്ങിയ അംശങ്ങൾ അങ്ങനെ ചിത്രത്തിന്റെ ഭാഗമായി. ബാലു മഹേന്ദ്രയായിരുന്നു നെല്ലിന്റെ കാമറാമാൻ. ബാലുവിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണത്. സലിൽ ചൗധരിയുടെ സംഗീതവും ചിത്രത്തിന് വലിയ സാധ്യത നൽകി. നെല്ലിലെ കദളി ചെങ്കദളി എന്ന ലതാ മങ്കേഷ്കറിന്റെ ഗാനം മലയാളത്തിന്റെ ഹിറ്റായി.
‘ആഗ്നേയം’ ദൂരദർശനുവേണ്ടി സീരിയലായി ചിത്രീകരിച്ചിരുന്നു. ജോസ് പ്രകാശിന്റെ സഹോദരൻ പ്രേം പ്രകാശായിരുന്നു തിരക്കഥയും സംവിധാനവും നിർവഹിച്ചത്. 13 എപ്പിസോഡുകൾ ഉണ്ടായിരുന്നു. നെല്ലിനേക്കാൾ തനിക്ക് സംതൃപ്തി നൽകിയത് ആഗ്നേയമായിരുന്നുവെന്ന് വത്സല ടീച്ചർ പറയുമായിരുന്നു. നെല്ല് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഗ്നേയം കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.