അങ്ങിങ്ങായി കലക്കുവെള്ളം ശേഷിച്ച വറ്റിവരണ്ട പുഴയുടെ നടുക്ക് നിരാശയോടെ നിത്യാ രാമൻ നിന്നു. ഭൂമിയെ നനച്ച് മഴ പെയ്തിട്ട് വർഷമൊന്ന് കഴിഞ്ഞു. ഇടക്ക് തൂവിപ്പോകുന്നതല്ലാതെ ഭൂമിയുടെ ദാഹംതീർത്ത് പെയ്തിട്ടില്ല. അടിയൊഴുക്കുകൊണ്ട് കുപ്രസിദ്ധമായ പുഴയാണ് പ്രായംചെന്ന് എല്ലിച്ചുപോയ സ്ഥലത്തെ പ്രധാന ഗുണ്ടയെപ്പോലെ ശുഷ്കിച്ചുകിടക്കുന്നത്.
എത്രപേരുടെ ജീവനെടുത്ത പുഴയാണ്! പുഴയോടൊപ്പം വളർന്ന, അപകടനേരങ്ങളിൽ അടിയൊഴുക്കിലേക്ക് ഊളിയിട്ട് രക്ഷകനായിരുന്ന അച്ഛനെപ്പോലും... നിത്യ നെടുവീർപ്പിട്ടു.
അന്ന് ഏറെ കുപ്രസിദ്ധമായ ഒരു ചുഴിയുണ്ടായിരുന്നു. സേട്ടുകടവിലെ ചുഴി. പാറക്കുമുകളിൽനിന്ന് ചാടി ഊളിയിട്ട സേട്ടു മുങ്ങിമരിച്ച ഇടം. വെള്ളത്തിനടിയിലും പാറയായിരുന്നു. അതിന്റെ വിടവുകളിൽ കാലുകുടിങ്ങിയാണത്രേ ജീവനുകൾ പൊലിഞ്ഞത്. അതിൽ ആദ്യത്തേത് സേട്ടുവായിരുന്നതുകൊണ്ടാണ് കടവിന് ആ പേര്. സേട്ടുവിന്റെ മരണശേഷം നടന്ന മറ്റു മരണങ്ങളെ സേട്ടുവിന്റെ പേരിൽ ചാർത്തപ്പെട്ടത് മറ്റൊരു കഥ. അസമയത്ത് അടിയൊഴുക്കിലേക്ക് ഊളിയിട്ടവരെ സേട്ടുവിന്റെ പ്രേതം മുക്കിക്കൊന്നുവെന്നാണ് നാട്ടുകഥ. പാതിരാകളിൽ സേട്ടു അലക്കി, കുളിക്കുന്നതിന്റെ ശബ്ദം കേട്ടവരുണ്ട്!
സേട്ടുവിനു ശേഷം മുങ്ങിമരിച്ചവർ എന്തുകൊണ്ട് പ്രേതങ്ങളായി മറ്റുള്ളവരെ മുക്കിക്കൊന്നില്ലെന്ന് ഒരിക്കൽ യുക്തിപൂർവം അച്ഛൻ ചോദിച്ചിരുന്നു! സേട്ടു കടവിൽ മുങ്ങാൻകുഴിയിട്ട് അടിയിലെ പാറയിൽ തൊട്ട് എത്രതവണ അച്ഛൻ പൊന്തിവന്നിട്ടുണ്ട്! അതേ കടവിൽ ഞങ്ങളെ വെള്ളത്തിലേക്കിട്ടാണ് അച്ഛൻ നീന്തൽ പഠിപ്പിച്ചത്. പാറയിൽ നിന്നും ചാടി വായുവിൽ മൂന്നു തവണ മറിഞ്ഞ് വെള്ളത്തിലേക്ക് ഊളിയിടുന്ന ചേട്ടൻ പിന്നീട് കൗതുകമായി. അച്ഛന്റെ മുങ്ങിമരണശേഷം ചേട്ടൻ പുഴയിലേക്ക് വന്നിട്ടേയില്ല. പുഴയോട് അത്ര വെറുപ്പായിരുന്നു.
സന്തോഷം വന്നാലും സങ്കടം വന്നാലും അച്ഛൻ സേട്ടുകടവിൽ ചാടി, മുങ്ങി, നീന്തി മതിവരുവോളം അവിടെ കഴിയും. സന്തോഷനേരങ്ങളിൽ പുഴയിലേക്ക് ഞങ്ങളെയും കൂട്ടും. സങ്കടസമയങ്ങളിൽ ആരെയും ഒപ്പം കൂട്ടില്ല. അന്ന് അമ്മയോട് കലഹിച്ചാണ് അച്ഛൻ പുഴയിലേക്ക് പോയത്. അച്ഛന്റെ വിറങ്ങലിച്ച ശരീരം നടുവകത്ത് കിടത്തിയപ്പോൾ ആർത്തലച്ച് അമ്മ പറഞ്ഞതും അതാണ്; ‘ഞാൻ കാരണമല്ലേ’ എന്ന അമ്മയുടെ ആ നിലവിളി നിത്യയുടെ കാതുകളിൽ വീണ്ടുമിരമ്പി.
സേട്ടുകടവിനെ, അവിടത്തെ ചുഴിയെ, അടിയിലെ കുത്തിയൊഴുക്കിനെ അടിമുടി അറിയാവുന്ന അച്ഛന്റെ മുങ്ങിമരണം ഇന്നും ഉത്തരംകിട്ടാ ചോദ്യമാണ്.
അന്ന് പുഴക്കരകൾ കഴിഞ്ഞുള്ള കാപ്പി, ചായ തോട്ടങ്ങളിലൊന്നും വീടുകളുണ്ടായിരുന്നില്ല. ദൂരേക്കായിരുന്നു വീടുകൾ. പുഴ പുഴയാകും മുമ്പ് കൈവഴികൾ ഒലിച്ചിറങ്ങുന്ന മലകളിലും ആൾപ്പാർപ്പുണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടങ്ങൾ മാത്രം. മലമുകളിൽ മഴപെയ്താൽ പുഴ നിറഞ്ഞുകവിയും. എങ്കിലും ആരാന്റെ പറമ്പുകളിലേക്ക് അന്നൊന്നും അതിക്രമിച്ചു കടന്നിരുന്നില്ല. ഔഷധച്ചെടികളുടെ നീരുമായി ഒഴുകിയ പുഴ ആർക്കും അന്നൊരു ദോഷവും ചെയ്തില്ല.
കുന്നുകളും പുഴയോരങ്ങളും കോൺക്രീറ്റ് വനങ്ങളായി രൂപം മാറിയതോടെയാണ് പുഴക്ക് ആത്മാവ് നഷ്ടപ്പെട്ടത്. ഇന്ന് മലമുകളിൽ രാത്രികളിൽ മിന്നുന്നത് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമല്ല; വൈദ്യുതി വിളക്കുകളുടെ പൊലിമയാണ്.
അതോടെ ആകാശവും ഭൂമിയും തമ്മിലെ പ്രണയത്തിൽ ദൂതനായ മഴ വരാതായി. ആകാശവും പച്ചയുടയാട നഷ്ടപ്പെട്ട ഭൂമിയും തമ്മിലെ പ്രണയത്തിൽ കല്ലുകടിപോലെ വല്ലപ്പോഴും ആർത്തുപെയ്ത മഴ പുഴയെ പ്രക്ഷുബ്ധമാക്കി. കലിപൂണ്ട പുഴ അതിരുകൾ ഭേദിച്ച് അതിക്രമങ്ങൾ നടത്തി.
ഒരിക്കൽ 200 മീറ്ററുകൾ കടന്ന് പുഴ വീട്ടിലുമെത്തി. അടുക്കള ഭാഗത്താണ് അതിക്രമങ്ങൾ ഏറെ നടത്തിയത്. അച്ഛന്റെ പ്രേതാത്മാവ് പ്രക്ഷുബ്ധമായ ആ കലക്കുവെള്ളത്തിൽ ഉണ്ടായിരുന്നുവെന്ന് തോന്നിപ്പോയി. അത് അമ്മയോടുള്ള കലിപ്പായിരുന്നുവെന്നും ഒരിട തോന്നിപ്പോയി. നാട്ടിലെ പേടിസ്വപ്നം തടിച്ചുരുണ്ട അറാത്ത് അസ്സുവിനെ പോലെയായിരുന്നു പുഴ. ഇന്ന്, എല്ലും തോലുമായി കിടപ്പിലായ അറാത്ത് അസ്സുവിനെപോലെ പുഴയും കെട്ടടങ്ങി.
നിത്യാ രാമൻ സേട്ടുകടവിലേക്ക് നടന്നു. അച്ഛന്റെ കാലുകൾ കുടുങ്ങിയ പാറക്കൂട്ടം കാണണം. വറ്റിവരണ്ടു കിടക്കുന്ന സേട്ടുകടവിലെ പാറകൾക്കിടയിൽ ഒരു വിടവ് നിത്യ കണ്ടു. അതിൽ അല്പം വെള്ളമുണ്ട്. കുഴിയിൽനിന്നും നുരഞ്ഞ കുമിള നിത്യയുടെ ഉള്ളിലൂടെ മിന്നലെറിഞ്ഞു.
ആദ്യം ശങ്കിച്ചുനിന്ന നിത്യ പതിയെ ആ പാറ വിടവിലേക്ക് കാലു താഴ്ത്തി. ഞെരിയാണിയോളം കാല് താഴ്ന്നു. ഒരുകൂട്ടം ആത്മാക്കൾ കാലുകളിൽ ഉമ്മവെച്ചതായി അവൾക്കു തോന്നി. ഒരു വിറയൽ അവളുടെ തലച്ചോറിലേക്ക് പാഞ്ഞു. കാലുകുടഞ്ഞു പുറത്തെടുക്കാൻ പക്ഷേ അവൾക്കായില്ല. ഞെരിയാണിയെ വാരിപ്പുണർന്ന് പാറമട! സൂര്യതാപത്തിൽ വിയർത്തൊലിച്ച് അവൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.