ന്യൂഡൽഹി: കേരളത്തിലെ നിലവിലെ മുസ്‌ലിം വിരുദ്ധ ആഖ്യാനങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് സീറോ മലബാര്‍ സഭ മാത്രമാണെന്ന് എഴുത്തുകാരൻ ബെന്യാമിന്‍. പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സീറോ മലബാർ സഭ ആഭ്യന്തരമായ വലിയ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ഓൺലൈൻ മാധ്യമമായ 'ട്രൂ കോപ്പി വെബ്സീനി'ൽ കുറിച്ചു.
വിഷയം വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്നുവേണോ കിഴക്കോട്ട് തിരിഞ്ഞുനിന്ന് വേണോ കുര്‍ബാന അര്‍പ്പിക്കാന്‍ എന്നത് ദീര്‍ഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസധാരകള്‍ തമ്മിലുള്ള തർക്കമായിരുന്നു. അത് രൂപതകൾ തമ്മിലും ബിഷപ്പുമാര്‍ തമ്മിലുമുള്ള സംഘര്‍ഷമായി മാറിക്കഴിഞ്ഞിരുന്നു. അതിന് തീര്‍പ്പുകൽപിച്ചുകൊണ്ട് വത്തിക്കാന്‍ പുറപ്പെടുവിച്ച മാർഗരേഖ സ്വീകരിക്കാനോ കുര്‍ബാന അര്‍പ്പണം സംബന്ധിച്ച ഇടയലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയാറായിട്ടില്ല. ഇത് സഭക്കുള്ളില്‍ വലിയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ഇതൊക്കെ മറച്ചുപിടിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങള്‍ക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തരസംഘര്‍ഷത്തെ ഒതുക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. താൽക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്‌നങ്ങളില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവര്‍ ആലോചിക്കുന്നതേയില്ല -ബെന്യാമിന്‍ പറയുന്നു. ന്യൂനപക്ഷം എന്നനിലയില്‍ മുസ്ലിംസമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങള്‍ പങ്കുപറ്റുന്നു എന്നും ഒരുകാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്‌ലിം വിഭാഗങ്ങള്‍ സംഘടിതമായ ശ്രമത്തിലൂടെ കവര്‍ന്നുകൊണ്ടുപോയി എന്നും മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹിഷ്ണുത പലരൂപത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നും ബെന്യാമിൻ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.