കേരളത്തിന്റെ മലയോര ജില്ലയാണ് ഇടുക്കി. ജില്ലയുടെ ആസ്ഥാനവും മലയിൽതന്നെയാണ്. അതിന്റെ ബുദ്ധിമുട്ട് അവിടത്തുകാർക്കുണ്ട്. ഞാനും കുറച്ചൊക്കെ അത് അനുഭവിച്ചിട്ടുണ്ട്. തൊടുപുഴ-മൂലമറ്റം റൂട്ടിൽ കുടയത്തൂർ ഗവ. ഹൈസ്കൂളിന് സമീപം ചാലപ്പുറത്തായിരുന്നു ഞങ്ങളുടെ വീട്. ചാലപ്പുറത്ത് എന്നത് അച്ഛെൻറ വീട്ടുപേരാണ്. അത് പിന്നീട് സ്ഥലപ്പേരായി മാറി. തനി കുഗ്രാമമായിരുന്നു. വീട്ടിൽനിന്ന് നാല് കിലോമീറ്ററോളം നടന്നാണ് സ്കൂളിൽ പോയിരുന്നത്. വീടിന് സമീപം ഒരു വലിയ തോട് ഒഴുകിയിരുന്നു. അതിെൻറ പേരും ചാലപ്പുറം തോട് എന്നായിരുന്നു. അന്നവിടെ കുറച്ച് കുടുംബങ്ങളേ താമസിച്ചിരുന്നുള്ളൂ. വെള്ളത്തിന് ഒരു ബുദ്ധിമുട്ടുമില്ലാത്ത സ്ഥലമായിരുന്നു. 22 വർഷത്തോളം അവിടെ ജീവിച്ചു. ഇപ്പോൾ അവിടമെല്ലാം മിനി ടൗണായി മാറി. കഴിഞ്ഞവർഷം ഞാൻ നാട്ടിൽ പോയിരുന്നു. തറവാട്ടുവീട്ടിലെത്തി ബന്ധുക്കളുമായി പഴയ ഓർമകൾ പുതുക്കി.
ഇടുക്കി പ്രകൃതിരമണീയമായ സ്ഥലമാണ്. പക്ഷേ, പുറത്തുനിന്നെത്തിയവർ ഇടുക്കിയുടെ പ്രകൃതിക്ക് ഒരുപാട് കോട്ടം വരുത്തി. ഞാൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് മൂലമറ്റം വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഹെലികോപ്ടറിൽ വന്നത്. ഞങ്ങൾ കുറച്ച് കൂട്ടുകാർ നാലഞ്ച് കിലോമീറ്റർ നടന്ന് അവിടെ പോയി. വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്യുന്നത് കാണലൊന്നുമായിരുന്നില്ല ലക്ഷ്യം. ഹെലികോപ്ടർ കാണണം. എങ്ങനെയാണ് അതിൽ ആളുകൾ കയറുന്നത് എന്നറിയണം. അതൊക്കെയായിരുന്നു അന്നത്തെ കൗതുകങ്ങൾ. അന്ന് മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നോക്കിയാൽ കാണുന്ന മലനിരകൾക്കെല്ലാം പച്ച നിറമായിരുന്നു. ഇന്ന് അവക്ക് പുകഞ്ഞനിറമാണ്. അങ്ങിങ്ങായി പാറക്കൂട്ടങ്ങളും കാണാം. മലകളിലെ മരങ്ങളൊക്കെ വെട്ടിക്കളഞ്ഞിരിക്കുന്നു. മലകളൊക്കെ ഇടിച്ചുനിരത്തുകയാണ്.
ഇടുക്കിക്കാരനായ എഴുത്തുകാരന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം കിട്ടി എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ഇടുക്കി ഇനിയും പുരോഗമിക്കേണ്ടതുണ്ട്. ആദിവാസി മേഖലക്കൊക്കെ സർക്കാർ ഫണ്ട് അനുവദിക്കുമെങ്കിലും അതൊന്നും വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ല. ഇടുക്കിയുടെ തനിമ എത്രകാലം നിലനിൽക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. വരുംനാളുകളിൽ ഇടുക്കി ജലക്ഷാമം നേരിട്ടേക്കാം എന്ന ആശങ്കയും എനിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.