അജ്മാന് ജനതയുടെ പൈതൃക ജീവിതത്തിന്റെ സ്മരണകളുണർത്തുന്ന കലാരൂപത്താല് ഒരുങ്ങുകയാണ് അജ്മാനിലെ ലിവാറ സ്ക്വയര്‍. മത്സ്യബന്ധനത്തിലധിഷ്ടിതമായ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ജനതയുടെ സ്മരണകള്‍ക്ക് കയ്യൊപ്പ് ചാർത്തുകയാണ് ഈ നിർമാണ പ്രവൃത്തിയിലൂടെ.
പുരാതന കാലം മുതല്‍ ഉപയോഗിക്കുന്ന ലീഖ് എന്ന പേരില്‍ അറിയപ്പെടുന്ന മത്സ്യബന്ധന വലയുടെ മാതൃകയാണ് ലിവാറ സ്ക്വയറില്‍ ഒരുക്കിയിരിക്കുന്നത്. പൂർവ്വികരുടെ ജീവിതവും അവരുടെ ആധികാരിക കരകൗശലവസ്തുക്കളും പുനരാവിഷ്കരിക്കുകയാണ് ഇവിടെ.
വര്‍ഷത്തിലെ മുഴുവന്‍ ദിനങ്ങളെ ഓർമിപ്പിക്കുന്നതിന് 365 മത്സ്യങ്ങളും ലീഖ് വലയുടെ അകത്ത് ആവിഷ്കരിച്ചിട്ടുണ്ട്. അജ്മാനിലെ പോര്‍ട്ട് ആനഡ് കസ്റ്റംസ് ആസ്ഥാനത്തിനടുത്തായാണ് ലിവാറ സ്ക്വയര്‍ നിലകൊള്ളുന്നത്. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ്, അജ്മാൻ പോര്‍ട്ട് ആൻഡ് കസ്റ്റംസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ലിവാറ ഏരിയയിൽ അജ്മാൻ കലാസംരംഭങ്ങളുടെ ഭാഗമായി നിർമിച്ച ലിവാറ സ്ക്വയർ ഒരുക്കിയിരിക്കുന്നത്.
ഇമാറാത്തി ഡിസൈനർ അബ്ദുല്ല അൽ മുല്ലയുടെ നേതൃത്വത്തിലാണ് ഈ നിർമിതിയുടെ നിർമാണം പൂര്‍ത്തീകരിച്ചത്. രാജ്യത്തിന്റെ പുരാതന ചൈതന്യങ്ങളെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി നിർമിതികള്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
പൂർവ്വികരുടെ മൂല്യങ്ങളിൽ നിന്നും ഉന്നതമായ തത്വങ്ങളിൽ നിന്നും പുതിയ തലമുറകൾക്ക് ഒരു മാതൃക നൽകാനും ഈ നിർമിതി ലക്ഷ്യം വെക്കുന്നുണ്ടെന്നും അജ്മാന്റെ കല, സൗന്ദര്യം, സർഗ്ഗാത്മകത എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ ഇനിയും ശ്രമങ്ങള്‍ തുടരുമെന്നും നഗരസഭ ആസൂത്രണ വകുപ്പ് അടിസ്ഥാന വികസന വിഭാഗം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.