മനാമ: അറേബ്യയുടെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചംവീശി ബഹ്റൈനിൽ നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളി കണ്ടെത്തി. മുഹറഖിനുസമീപം സമാഹിജ് മേഖലയിൽ നടന്ന ഉത്ഖനനത്തിലാണ് നെസ്റ്റോറിയൻ ചർച്ചിന്റെ ഭാഗങ്ങൾ ബഹ്റൈൻ, ബ്രിട്ടീഷ് പുരാവസ്തുഗവേഷകർ കണ്ടെത്തിയത്.
ബഹ്റൈനിലാദ്യമായാണ് ക്രിസ്ത്യൻ നിർമിതി കണ്ടെത്തുന്നത്. അറേബ്യൻ പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ കെട്ടിടങ്ങളിലൊന്നാണിതെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ എ.ഡി നാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് കെട്ടിടമെന്ന് വ്യക്തമായി. കുരിശുകളും ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ബിംബ സൂചനകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
എ.ഡി നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കത്തോലിക്ക സഭയുമായി ബന്ധം വിച്ഛേദിച്ച നെസ്റ്റോറിയൻ വിഭാഗത്തിന്റെ പള്ളിയാകാനാണ് സാധ്യതയെന്നാണ് നിഗമനം. ഗൾഫിൽ വിവിധ പ്രദേശങ്ങളിൽ കടൽതീരത്തോട് ചേർന്നാണ് ക്രിസ്ത്യൻ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
എന്നാലിതിൽനിന്നും വ്യത്യസ്തമായി വികസിതവും ജനസാന്ദ്രമായതുമായ പട്ടണത്തിനു നടുവിലാണ് ഈ നിർമിതിയെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ചർച്ച് ഓഫ് ദി ഈസ്റ്റ് എന്നും അറിയപ്പെടുന്ന നെസ്റ്റോറിയൻ പള്ളി എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തുന്നത്. ഇസ്ലാം അറേബ്യൻ മേഖലയിൽ വ്യാപിച്ചതിനെത്തുടർന്ന് അതിനുമുമ്പ് പ്രബലമായിരുന്ന ക്രിസ്തുമതം പിൻവാങ്ങുകയായിരുന്നു.
അക്കാലത്ത് ഉപേക്ഷിക്കപ്പെട്ടതായിരിക്കാം കെട്ടിടം. മൂന്ന് കുരിശുകളിൽ രണ്ടെണ്ണം കെട്ടിടത്തിനു പുറത്തും ഒരെണ്ണം അകത്ത് ചുമരിലുമായിരുന്നു. മീനിന്റെ മാതൃകയും ക്രിസ്തുവിനെ സൂചിപ്പിക്കുന്ന "Chi Rho" അടയാളവും ഇതോടൊപ്പം ഭിത്തിയിലുണ്ടായിരുന്നു.
കല്ല് കൊണ്ട് നിർമിച്ച കെട്ടിടം തേച്ചിട്ടുണ്ടായിരുന്നു. അടുപ്പുകളടങ്ങുന്ന അടുക്കള, വാതിലുകളും ജനലുകളുമുള്ള വീട് എന്നിവ മികച്ച ജീവിതനിലവാരം പുലർത്തിയ ജനതയുടെ സൂചകമാണ്. മാംസം, മത്സ്യം, കക്കയിറച്ചി, എന്നിവ ഭക്ഷണമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചു.
അമൂല്യമായ മുത്തുകളുടെയും ഇന്ത്യൻ മൺപാത്രങ്ങളുടെയും കണ്ടെത്തൽ സൂചിപ്പിക്കുന്നത് ഇന്ത്യയടക്കം രാജ്യങ്ങളുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തെയാണ്. ഗ്ലാസുകളും ചെമ്പ് നാണയങ്ങളും അടക്കം കണ്ടെത്തി.
യു.കെയിലെ എക്സെറ്റർ യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അറബ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിലെ പ്രഫസർ തിമോത്തി ഇൻസോൾ, ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിലെ ഡോ. സൽമാൻ അൽ മഹാരി എന്നിവരുടെ നേതൃത്വത്തിലുള്ള യു.കെ, ബഹ്റൈൻ സംയുക്ത സംഘമാണ് ഗവേഷണം നടത്തുന്നത്.
ബഹ്റൈനിലെ നെസ്റ്റോറിയൻ സഭയുടെ ആദ്യത്തെ ഭൗതിക തെളിവാണിതെന്നും അക്കാലത്തെ ജനതയുടെ ജീവിത രീതികൾ, ജോലി, ആരാധന ഇവ സംബന്ധിച്ച് കൗതുകകരമായ ഉൾക്കാഴ്ചകൾ വരും ദിവസങ്ങളിലെ ഗവേഷണങ്ങളിലൂടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും പ്രഫസർ തിമോത്തി ഇൻസോൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.