രാജ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയുമായാണ് 21ാം വയസ്സിൽ ആര്യ രാജേന്ദ്രൻ എന്നെ പെൺകുട്ടി തിരുവനന്തപുരം കോർപറേഷൻ മേയറായി ചുമതലയേൽക്കുന്നത്. വയസ്സ് എന്നുപറയുന്നത് ഒരു നമ്പർ മാത്രമാണെന്നും അതിലുപരി പക്വതയും അനുഭവപരിചയവുമാണ് ഒരു നേതൃസ്ഥാനത്തേക്കുള്ള ആർജവമെന്നും തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. ഡിഗ്രി പഠനകാലത്തുതന്നെ പുതിയ മേഖലയിലേക്കുള്ള ചുവടുമാറ്റം കൂടുതൽ കരുത്തുപകർന്നു. ഒട്ടേറെ വെല്ലുവിളികൾ ഈ കുറഞ്ഞകാലഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇതെല്ലാം അതിജീവിക്കാനുള്ള കരുത്തുകിട്ടിയെന്നത് സന്തോഷകരമായാണ് മേയർ ആര്യ രാജേന്ദ്രൻ കാണുന്നത്. വിദ്യാർഥിയായിരിക്കുമ്പോഴും പലപ്പോഴും പരിപാടികളുടെ സംഘടനാതലത്തിൽ പ്രവർത്തിക്കാൻ ആര്യക്ക് കഴിഞ്ഞിട്ടുണ്ട്. ആ ഊർജം മേയർ എന്നപദവി അലങ്കരിക്കുമ്പോൾ കരുത്തുപകരുന്നു. വിദ്യാർഥിയായ ആര്യയുടെയും മേയറായ ആര്യയുടെയും ഓണക്കാലം ഇങ്ങനെയാണെന്ന് അവർതന്നെ പറയുന്നു.
''പഠിക്കുന്നകാലത്തെ ഓണം എന്നുപറയുന്നത് തീർച്ചയായിട്ടും സ്കൂളിലും കോളജിലും വലിയ ആഘോഷപരിപാടികൾതന്നെയായിരുന്നു. എല്ലാവരുടെയും ഓർമകൾ പോലെ എനിക്കും അത് സന്തോഷത്തിന്റെ ദിനങ്ങളാണ് സമ്മാനിച്ചത്. ഓണം എന്നുപറയുന്ന ആഘോഷം മനുഷ്യന്റെ പ്രത്യേകിച്ചും മലയാളികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്സവംതന്നെയാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും യാത്രചെയ്യുക. പരസ്പരം സന്തോഷം പങ്കുവെക്കുക. പൊതുവെ ഒരു സന്തോഷംനിറഞ്ഞ സമയമായിരിക്കും. സ്കൂളിലും കോളജുകളിലും പഠിക്കുന്നസമയത്ത് കൂട്ടുകാർക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവർക്കൊപ്പം തമാശപറഞ്ഞ് സന്തോഷിക്കാൻപറ്റുന്ന അവസരമാണ്. ഈ സമയങ്ങളിലൊക്കെ ആ സന്തോഷത്തിൽ പങ്കാളിയാകാൻ കഴിഞ്ഞിട്ടുണ്ട്.''
''ഞാൻ സ്കൂളിലും കോളജിലും പഠിക്കുന്നകാലത്തെ ഇത്തരം ആഘോഷപരിപാടികളുടെ സംഘാടനത്തിന്റെ ഭാഗമായിരുന്നു. മേയർ ആയതിനുശേഷം സ്വാഭാവികമായും ഒരു നഗരത്തിന്റെ ഓണവുമായി ബന്ധപ്പെട്ടുകൊണ്ട് പ്രത്യേകിച്ച് സർക്കാർ പരിപാടികളിൽ പങ്കെടുക്കാൻ പറ്റിയ അവസരമാണിത്. കാരണം കഴിഞ്ഞ വർഷമൊന്നും കോവിഡ് കാരണം ഓണം ഉണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ പ്രളയം വന്നതുമുതൽ നമ്മൾ ഓണത്തിന്റെ ആഘോഷമെല്ലാം മാറ്റിവെച്ചിരിക്കുകയാണ്. സ്വാഭാവികമായും ഇത്രയും വർഷത്തിനുശേഷം എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഓണപ്പരിപാടിയുടെ ഭാഗമാവാൻ പറ്റി. തിരുവനന്തപുരം മേയർ സ്വാഭാവികമായും സർക്കാറിന്റെ സംസ്ഥാനതല പരിപാടികളുടെ ഭാഗമാണ്. അതിന്റെ പ്രധാനപ്പെട്ട കമ്മിറ്റിയിലും സംഘാടനത്തിലും ഒക്കെ ഭാഗമായിട്ടുള്ളയാളാണ്. അങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻപറ്റി എന്നുള്ള ഭാഗം കൂടി ഈ ഓണത്തിന്റെ പ്രത്യേകതയാണ്.''
ഓണത്തിന് എല്ലാവരോടും പറയാനുള്ളത് സമാധാനത്തോടെ ഓണം ആഘോഷിക്കുക. സാധാരണയായി ആഘോഷങ്ങൾക്ക് പോയി നിരവധി കുട്ടികൾ അപകടം വരുത്തുന്ന വാർത്ത നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. പരമാവധി സന്തോഷം നമുക്കുണ്ടാവണം. എന്നാൽ, സുരക്ഷിതമായ ഓണമാണ് ഉണ്ടാവേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.