'12 കോടി...; കളത്തീൽ നിക്കുന്നോനും കരക്ക് കിടക്കുന്നോനും കളം മാറിച്ചവിട്ടുന്നോനും ഒക്കെക്കൂടി അത്രയാവും...'
മലയാളസിനിമയിൽ ബോക്സോഫീസ് ഹിറ്റായി മാറിയ പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന 'കടുവ'യിൽ ഫ്രാൻസിസ് പോൾ എന്ന രാഷ്ട്രീയക്കാരന്‍റെ ഈ ഡയലോഗ് പ്രേക്ഷകന്‍റെ കാതുകളിലേക്ക് തുളച്ചുകയറിയതാണ്. അതാവട്ടെ, ചിത്രത്തിന്‍റെ കഥാഗതിയെ വഴിതിരിച്ചുവിടുന്ന സീനും. പൃഥ്വിയും സുരേഷ് കൃഷ്ണയുമുള്ള ഫ്രെയിമിലൂടെ രംഗപ്രവേശനം ചെയ്ത ആ നടനും ഇത് മലയാളസിനിമയിലേക്കുള്ള ശക്തമായൊരു കാൽവെപ്പാണ്.
പേര്: ചന്ദ്രമോഹൻപിള്ള. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഖത്തർ പ്രവാസി. 40 വർഷത്തിലേറെയായി ഖത്തറിലെ ബാങ്കിങ് മേഖലയിലെ മിടുക്കനായ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രമോഹൻപിള്ള കാഴ്ചക്കാർക്ക് പുതുമുഖമാണെങ്കിലും സിനിമാലോകത്തിന് പരിചിതനാണ്. പ്രമുഖ സംവിധായകരും നടന്മാരുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാൾ. അതിനേക്കാളുപരി മലയാളത്തിൽനിന്ന് ഹോളിവുഡ് നിലവാരത്തോടെ പിറന്ന ബിഗ് ചിത്രം ജയരാജിന്‍റെ 'വീരം' സിനിമയുടെ നിർമാതാവ്. കലാമൂല്യംകൊണ്ട് ശ്രദ്ധേയമായ വീരത്തിലൂടെ 2016ൽ സിനിമാലോകത്ത് സാന്നിധ്യമായെങ്കിലും ഒരു താരമെന്നനിലയിൽ കാമറക്ക് മുന്നിലെത്തുന്നത് കടുവയിലൂടെയാണ്.
പൃഥ്വിരാജും ബോളിവുഡ് താരം വിവേക് ഒബ്റോയിയും മുതൽ ജനാർദനൻ, അലൻസിയർ, ഇന്നസെന്‍റ് തുടങ്ങി പ്രമുഖ താരങ്ങളെ അണിനിരത്തിയ ഷാജി കൈലാസ് പടത്തിൽ ചുരുങ്ങിയ സീനുകളിലേ പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും സിനിമാലോകത്തിന്‍റെ കണ്ണിലുടക്കിക്കഴിഞ്ഞു ചന്ദ്രമോഹൻപിള്ള.
ഒരുപാട് ഓണമുണ്ടിട്ടുണ്ടെങ്കിലും ഈ ഓണം ചന്ദ്രമോഹൻപിള്ളക്ക് താരപരിവേഷത്തോടെയുള്ള ഓണമാണ്. മേക്കപ്പും രൂപമാറ്റമൊന്നുമില്ലാതെ സ്വന്തം വേഷത്തിൽതന്നെ കടുവയിൽ ഫ്രാൻസിസ് പോളായി മാറിയ താരത്തെ ആളുകളും തിരിച്ചറിഞ്ഞുതുടങ്ങി. ഖത്തറിലെ പ്രവാസലോകത്ത് കലാസാംസ്കാരിക പ്രവർത്തനങ്ങളുമായി പരിചിതനെങ്കിലും ഇപ്പോൾ വിമാനത്താവളത്തിലും യാത്രയിലും കേരളത്തിൽ എത്തിയാലുമെല്ലാം കടുവയിലെ ചേട്ടനല്ലേ എന്നും ചോദിച്ച് ആളുകൾ തിരിച്ചറിയാൻ കൂടി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് ഇദ്ദേഹം.
ആലപ്പുഴയിൽനിന്ന് സ്കൂൾപഠനം പൂർത്തിയാക്കിയശേഷം, ബംഗളൂരു ക്രൈസ്റ്റ് കോളജിൽ ബിരുദപഠനത്തിനെത്തിയപ്പോഴായിരുന്നു ചന്ദ്രമോഹനിലെ കലാകാരൻ കർട്ടൻനീക്കി അരങ്ങിലെത്തുന്നത്. കുട്ടിക്കാലം മുതലേ മനസ്സിൽകൊണ്ടുനടന്ന അഭിനയവും കവിതയും എഴുത്തുമെല്ലാം മലയാളി സമാജത്തിന്‍റെ വേദികളിലൂടെ നിറഞ്ഞാടി. ബിരുദപഠനം കഴിഞ്ഞ് 1977ലാണ് മുതിർന്ന സഹോദരൻ നൽകിയ വിസയിൽ ഖത്തറിലെത്തുന്നത്. ദോഹയിലെത്തി പിന്നെ ജോലിത്തിരക്കിലായി.
ധനകാര്യസ്ഥാപനങ്ങളിൽ ജോലിയിലിരിക്കുമ്പോഴും കലാപ്രവർത്തനങ്ങളുമായി ഖത്തറിൽ സജീവമായിരുന്നു. കവിതയും കഥകളുമെഴുതിയും സ്വന്തമായി രചിച്ച പാട്ടുകൾ ആൽബങ്ങളാക്കി ചിത്രീകരിച്ചും ദുഖാൻ ബാങ്കിലെ ജോലിക്കിടയിലും കലയെ താലോലിച്ചുകൊണ്ടുനടന്നു. ചന്ദ്രകല ആർട്സിന്‍റെ ബാനറിൽ വിഡിയോ ആൽബങ്ങളും ഭക്തിഗാനങ്ങളും പുറത്തിറക്കി. ഖത്തറിലെ കലാസ്വാദകർക്കിടയിൽ ഏറ്റവും ഹിറ്റായ സംഗീതനിശയായ ഹൃദയരാഗങ്ങളുടെ നിർമാതാവായും മാറി.
സംഗീതസംവിധായകൻ രാജാമണിയുമായുള്ള സൗഹൃദമാണ് പഴയ ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയുള്ള ഹൃദയരാഗങ്ങൾ എന്ന സംഗീതനിശക്ക് വഴിയൊരുക്കിയത്. രാജാമണിയുടെ മരണശേഷം മധുബാലകൃഷ്ണനൊപ്പം ചേർന്നും ഹൃദയരാഗങ്ങൾ സംഘടിപ്പിച്ച് പ്രവാസമണ്ണിലെ സംഗീതപ്രേമികളുടെ ഹൃദയത്തുടിപ്പായി മാറി.
ഇതിനിടയിലായിരുന്നു, സംവിധായകൻ ജയരാജിന്‍റെ നവരസശ്രേണിയിലെ അഞ്ചാമത്തെ ചിത്രമായ 'വീരം' ചന്ദ്രകല ആർട്സിന്‍റെ ബാനറിലെത്തുന്നത്. ബിഗ് ബജറ്റ് ചിത്രം സാമ്പത്തികമായി വിജയംകണ്ടില്ലെങ്കിലും കലാമൂല്യവും സാങ്കേതിക നിർവഹണവും കൊണ്ട് ലോക സിനിമാവേദികളിൽ വീരം തിളങ്ങി.
കലാലോകത്ത് വർഷങ്ങളുടെ പരിചയവും ചലച്ചിത്രനിർമാണവും പ്രവർത്തകരുമായുള്ള അടുത്ത സൗഹൃദവും ഉണ്ടായിട്ടും ഏറെ വൈകിയാണ് അഭിനേതാവിന്‍റെ വേഷത്തിൽ ചന്ദ്രമോഹനെത്തുന്നത്. സ്വന്തം ചിത്രമായ വീരത്തിലും ഒരു റോളിൽപോലും മുഖം കാണിച്ചില്ല. എന്നാൽ, സിനിമയുടെ സർവകലാശാലയായ ജയരാജിനൊപ്പം ചേർന്ന് സിനിമയുടെ എല്ലാവശങ്ങളും പഠിച്ചെടുക്കാനുള്ള അവസരമാക്കിമാറ്റുകയായിരുന്നു താനെന്ന് ചന്ദ്രമോഹൻ പറയുന്നു. ജയരാജും ഷാജി കൈലാസും ഉൾപ്പെടെയുള്ള സുഹൃത്തുക്കൾ വർഷങ്ങൾക്കുമുമ്പേ ക്ഷണിച്ചിട്ടും സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
ഒടുവിൽ, കടുവയുടെ ചർച്ചയിൽ ഷാജി കൈലാസ് ഒരു വേഷം നീക്കിവെച്ചപ്പോൾ ചന്ദ്രമോഹൻ ഫ്രാൻസിസ് പോളായി മാറി. ആൽബങ്ങളിലെ അഭിനയപരിചയം കാരണം കാമറക്കുമുന്നിൽ പരിഭ്രമമൊന്നുമില്ലായിരുന്നു. കൂളായിതന്നെ തന്‍റെ റോളുകൾ ചെയ്തു. സെറ്റിലുള്ളവരെല്ലാം പരിചിതരായതിനാൽ പുതുമുഖക്കാരന്‍റെ അങ്കലാപ്പൊന്നും തീരെയില്ലായിരുന്നു. പൃഥ്വിരാജിന്‍റെ കുടുംബവുമായി നേരത്തെതന്നെ അടുപ്പമുണ്ടായതിനാൽ, അദ്ദേഹത്തിനൊപ്പം കംഫർട്ടായി തന്നെ അഭിനയിക്കാനായി. ആദ്യ ഷോട്ടിനു പിന്നാലെതന്നെ രാജു അഭിനന്ദിക്കുകയും ചെയ്തു.
ഇപ്പോൾ പല സംവിധായകരിൽനിന്നും ചന്ദ്രമോഹന് വിളിയെത്തിക്കഴിഞ്ഞു. എങ്കിലും തിരക്കുപിടിച്ച് അഭിനയം തുടരാനൊന്നും പ്ലാനില്ല. പറ്റുന്നതും നല്ലതുമായ വേഷങ്ങളാണെങ്കിൽ മാത്രം ഇനിയും ഒരുകൈ നോക്കാമെന്നാണ് ഖത്തർ പ്രവാസികളുടെ താരത്തിന്‍റെ തീരുമാനം.
കൗമാരത്തിന്‍റെ ചുറുചുറുക്കിനിടയിലായിരുന്നു ചന്ദ്രമോഹൻപിള്ളയുടെ പ്രവാസം ആരംഭിക്കുന്നത്. 1982ൽ ഖത്തറിലെ പ്രമുഖ ബാങ്കിൽ ജീവനക്കാരനായി പ്രഫഷനൽ കരിയർ ആരംഭിച്ച ഇദ്ദേഹം, 40 വർഷത്തോളം വിവിധ സ്ഥാനങ്ങൾ വഹിച്ചശേഷം, ഈ വർഷമാണ് ദുഖാൻ ബാങ്കിൽനിന്ന് പടിയിറങ്ങുന്നത്.
ഇപ്പോൾ, ഫെസിലിറ്റി മാനേജ്മെന്‍റ് കമ്പനി ഉൾപ്പെടെയുള്ള ബിസിനസ് തിരക്കിനിടയിലാണ് സിനിമയും അഭിനയവുമെല്ലാം. ഖത്തർ ഉരീദുവിൽ ഉദ്യോഗസ്ഥയായിരുന്ന ഭാര്യ ശ്രീകലയും ബംഗളൂരുവിൽ ഡെർമറ്റോളജിസ്റ്റായ മകൾ ഡോ. സുനിത മോഹനും എല്ലാ പിന്തുണയുമായി ഈ കലാകാരനൊപ്പമുണ്ട്. നീണ്ട പ്രവാസജീവിതം പിന്നിട്ട ചന്ദ്രമോഹനെ ഈ വർഷമാദ്യം നടന്ന ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ സെന്‍റർ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.