ഓണേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ

അങ്ങ് വടക്കു ദേശത്ത് കടത്തനാടെന്ന് പറയും, ഓണേശ്വരന്മാരുടെ സ്വന്തം നാട്. പ്രജകളെക്കണ്ട് ക്ഷേമം അന്വേഷിക്കാൻ വർഷാവർഷം എല്ലാ ഓണത്തിനും മഹാബലിയുടെ അവതാരമെന്നോണം ഓണേശ്വരനെത്തും. രാജാക്കന്മാരുടെ ഉത്തരവ് പ്രകാരം മലയസമുദായക്കാരാണ് ചമയം അണിയുന്നത്. ഉത്രാടത്തിനും തിരുവോണത്തിനും ചുവപ്പ് പട്ടുടുത്ത്, മുഖത്ത് ചായം പൂശി, കിരീടം ചൂടി, കുരുത്തോല കുടയുമേന്തി, തോൾ സഞ്ചിയും തൂക്കി വീടുവീടാന്തരം കയറി ഇറങ്ങുമ്പോൾ ഓണേശ്വരന്മാർക്ക് സംസാരിക്കാൻ പാടില്ല. ഓണപ്പൊട്ടനെന്നും ഇവരെ വിളിക്കും.

ഓണേശ്വരനെ കാത്തിരിക്കുന്ന പറമ്പിന്റെ മുകളിലുള്ളവർക്ക് വിശ്വാസത്തിന്റെ നിറപ്പകിട്ടാർന്നാണ് ഭാസ്കരേട്ടൻ എത്താറുള്ളത്. മണിമുഴക്കം കേട്ടാൽ ആളുകൾ ചാണകം മെഴുകി അതിനുമുകളിലിട്ട പൂക്കളത്തിനരികിലായി വിളക്ക് കത്തിച്ചുവെക്കും, അതിനടുത്തായി ഒരു പറ അരിയും കരുതും. ഓണപ്പൊട്ടൻ എത്തിയാൽ പൂക്കളത്തിനു ചുറ്റും വലയം വെക്കും, ശേഷം ഒരു അരിമണി കൈയിലെടുത്ത്, തോൾ സഞ്ചിയിൽനിന്ന് രണ്ടിതൾ പൂവുമെടുത്ത് പ്രജകളുടെ മേൽ കൈയുയർത്തി അനുഗ്രഹം ചൊരിയും, ശേഷം ദക്ഷിണയുമായി മടങ്ങും.

കാലമേറെ മാറിയെങ്കിലും സാംസ്കാരികപ്പെരുമ നിലനിർത്തുന്ന ചുരുക്കം ചില കലാകാരന്മാരാണ് ചിട്ടവട്ടങ്ങളോടുകൂടി ഇന്നും ഇത്തരത്തിലുള്ള ആചാരങ്ങൾ കൊണ്ടാടുന്നത്. പഴയകാല തോറ്റംപാട്ടുകളിൽ പ്രസിദ്ധിയാർജിച്ച ഞേറമ്മൽ വേലുക്കുട്ടി പണിക്കരുടെ മകൻ ഭാസ്കരേട്ടനും 45 വർഷക്കാലമായി പാരമ്പര്യമായി കിട്ടിയ സ്വത്വം നിലനിർത്തിപ്പോരുന്നു. തന്റെ 63ാം വയസ്സിലും നാടിന് ഓണേശ്വരനായതിന്‍റെ വർഷങ്ങളോളമുള്ള പരിചയ സമ്പത്ത് അദ്ദേഹം പങ്കുവെക്കുന്നു...

അനു​ഗ്രഹം നൽകി ഓണേശ്വരൻ

‘വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ ഒരു വരം കൊടുത്തു. ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ ഒരു ദിവസം ഭൂമിയിലേക്ക് പോകാം, പക്ഷേ, ആരോടും മിണ്ടാൻ പാടില്ല’... ഇതാണ് ഓണപ്പൊട്ടന്റെ ഐതിഹ്യം. കൈയിലുള്ള മണി ഉപയോഗിച്ച് ആശയവിനിമയം നടത്തും. സംസാരിക്കാൻ പാടില്ലാത്തതിനാലാണ് ഓണപ്പൊട്ടന്മാർ എന്ന വിളിപ്പേര് വന്നത്. കാലു നിലത്തുറപ്പിക്കാതെ ഓടിക്കൊണ്ടും തുള്ളിക്കൊണ്ടും ഇവരങ്ങനെ നടന്നുനീങ്ങും. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകും.

കോലം ചമയുന്നതിന് അത്തം മുതൽ വ്രതം അനുഷ്ഠിക്കണം, മത്സ്യ മാംസാഹാരം പാടെ ഒഴിവാക്കിക്കൊണ്ട് ഒരു നേരത്തെ അരി ഭക്ഷണത്തിലൊതുക്കണം. ചിങ്ങമാസം തുടങ്ങിയാൽ ആടയാഭരണങ്ങൾ ഒരുക്കിവെക്കാനും തുടങ്ങും. ഉത്രാടത്തിനും തിരുവോണത്തിനും അതിരാവിലെ എഴുന്നേറ്റ് പ്രഭാത കർമങ്ങൾ കഴിഞ്ഞ് പ്രാർഥിച്ചതിനുശേഷം വെള്ള (കാണി) ധരിക്കും. അതിന്റെ കര കാണിച്ചുകൊണ്ട് മുകളിലായ് ചുവപ്പുടുക്കും ശേഷം അരയിൽ ഒരു കെട്ടും കെട്ടിയാൽ ഓണേശ്വരന്റെ വേഷവിധാനമായി. പിന്നീട് മുഖത്ത് ചായങ്ങൾക്കൊണ്ടലങ്കരിക്കും.

ചമയിച്ചൊരുക്കം...

ചമയങ്ങളിൽ മുഖത്തെഴുതാൻ ഉപയോഗിക്കുന്ന മനയോല, ചായില്യം, മഷി എന്നിവകൾ മഞ്ഞ, കറുപ്പ്, ചുവപ്പ്, വെള്ള എന്നീ നിറങ്ങളാണ്. ഇതെല്ലാം പണ്ടുകാലങ്ങളിൽ വീട്ടിൽതന്നെ നിർമിക്കുകയാണ് ഭാസ്കരേട്ടൻ. കണ്ണെഴുതാൻ ഉപയോഗിക്കുന്ന മഷി കറുപ്പ് നിറത്തിലുള്ള കരിയാണ്. വിളക്ക് കത്തിച്ച് അതിന്‍റെ മുകളിൽ ഓട് വെക്കും, ശേഷം ഓടിന്റെ മുകളിൽനിന്ന് ലഭിക്കുന്ന കരിയെടുത്ത് വെളിച്ചെണ്ണയിൽ ചാലിച്ചാണ് മഷിയുണ്ടാക്കുന്നത്.

വെള്ള നിറത്തിലുള്ള ചാന്ത് നിർമിക്കുന്നത് പച്ചരി അരച്ചാണ്. മനയോലക്കല്ല് അരക്കുകയോ, പൊടിക്കുകയോ ചെയ്ത് അതിലേക്ക് വെള്ളം ചേർത്താണ് മനയോല ഉണ്ടാക്കുന്നത്. ചായില്യവും കല്ല് അരച്ച് അല്ലെങ്കിൽ പൊടിച്ച് അതിലേക്ക് വെള്ളം കലർത്തിയാണ് നിർമിക്കുന്നത്. ഇതെല്ലാം ആദ്യകാല രീതികളാണ്, എന്നാൽ, ഇന്ന് പൗഡർ രൂപത്തിൽ വിപണിയിൽ ഇതെല്ലാം ലഭിക്കും.

മുന്നാക്ക്, കച്ചിൻകര, വളകൾ, തണ്ടകൾ, ചൂടകം, മാല എന്നിവയാണ് പ്രധാന ആടയാഭരണങ്ങൾ. അരക്കെട്ടിലണിയുന്ന ആഭരണമാണ് മുന്നാക്ക് , കൈകളിലണിയുന്ന പ്രത്യേക ലോഹങ്ങളാൽ തീർത്തതാണ് ചൂടകം, കൂടാതെ തെച്ചിപ്പൂവുകൊണ്ട് ഉണ്ടാക്കിയ തണ്ടകളും മരം കൊണ്ട് നിർമിച്ച വളകളും ധരിക്കുന്നുണ്ട്.

കഴുത്തിൽ പൂവുകളാൽ കോർട്ടിത്തിട്ട മാലയും കച്ചിൻ കര അല്ലെങ്കിൽ അരക്കച്ചയും കെട്ടിയാൽ അണിഞ്ഞൊരുങ്ങിയ ഓണേശ്വരനായി. ഇതിന്റെ കൂടെ താടി, മീശ ചാമരം, കിരീടം, വൈക്കട്ടി, ഓലക്കുട, സഞ്ചി എന്നിവ ചേർന്നാലേ ഓണപ്പൊട്ടൻ എന്ന പൂർണരൂപത്തിലേക്കെത്തുകയുള്ളൂ.

മുഖത്ത് മുന്നിൽ കാണപ്പെടുന്ന മീശയും, വാർമുടി പോലെ കിടക്കുന്ന ചാമരവും നിർമിക്കുന്നത് കദളി വാഴ മുറിച്ചാണ്. അതിന്‍റെ തണ്ട് ചീന്തി ഉണക്കി കാർന്നെടുത്ത നാര് ഉപയോഗിച്ച് മുടിപോലെ ഉണ്ടാക്കിയെടുക്കുന്നു. ഇപ്പോൾ ഇതെല്ലാം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള നിർമിതിയിലേക്ക് മാറി. കാഴ്ചയിൽ കുറച്ചുകൂടെ മേന്മയുണ്ടാവുമത്രെ. കൂടാതെ കാലങ്ങളോളം നീണ്ടുനിൽക്കുന്നതിനാലും സൗകര്യപ്രദമാണ്. കവുങ്ങിന്റെ പാള കോട്ടി ഒരു തൊപ്പി രൂപത്തിലാക്കി ചുവപ്പ് തുണി കൊണ്ട് പൊതിഞ്ഞ് അതിൽ പൂവുകൾ വെച്ച് അലങ്കരിച്ചാണ് തലയിൽ വെക്കുന്ന കിരീടം ഉണ്ടാക്കുന്നത്. ഇപ്പോൾ പൂവുകൾക്ക് പകരം വർണക്കടലാസുകളാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നു.

കാലങ്ങൾക്കനുസരിച്ച് കോലം മാറും

പരമ്പരാഗത രീതിയിൽ ഓണപ്പൊട്ടൻ കോലംകെട്ടൽ നിർബന്ധമാണ്. എന്നാലും, കാലങ്ങൾക്കനുസരിച്ച് കോലം മാറും എന്നു പറയുന്നതുപോലെ ചായില്യം, ചാമരം, കിരീടം എന്നിവ നിർമിക്കുന്നതിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തോളിൽ സഞ്ചിയുമേന്തി പ്രജകളെക്കണ്ട് അനുഗ്രഹിച്ചു മടങ്ങവേ ദക്ഷിണ ആയിട്ട് പൈസയും അരിയും മുണ്ടുകളൊക്കെ കിട്ടും. ഇങ്ങനെ ലഭിക്കുന്ന സാധനങ്ങൾ പഞ്ഞമാസത്തിൽ ഉപയോഗിക്കും. ജാതിമതഭേദമന്യേ എല്ലാ വീടുകളിലും ഓണേശ്വരനെത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.