അനന്തപുരിയെ ഇളക്കിമറിച്ച് ഘോഷയാത്ര

തിരുവനന്തപുരം : അനന്തപുരിയെ ഇളക്കിമറിച്ച വമ്പന്‍ സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണംവാരാഘോഷത്തിന് ഔദ്യോഗിക സമാപനം. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളയമ്പലം കെല്‍ട്രോണിന് സമീപത്ത് നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത ഘോഷയാത്ര കാണാന്‍ പാതയുടെ ഇരുവശങ്ങളിലും പതിനായിരങ്ങള്‍ തടിച്ചുകൂടി.

ആകെ എഴുപത്തിയാറ് ഫ്‌ളോട്ടുകളും എഴുപത്തിയേഴ് കലാരൂപങ്ങളുമായി നഗരം ഇതുവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിച്ചാണ് ഘോഷയാത്ര കടന്നുപോയത്. ഒന്നാം നിരയില്‍ കേരള പൊലീസിന്റെ ബാന്‍ഡ് സംഘം, പിന്നാലെ പഞ്ചവാദ്യവും കേരള പൊലീസ് അശ്വാരൂഢസേനയും അനുഗമിച്ച് വൈവിധ്യമാര്‍ന്ന നാടന്‍ കലാരൂപങ്ങളും ഫ്‌ളോട്ടുകളും നിരത്തിലിറങ്ങിയതോടെ ജനം ഇളകിമറിഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചോതുന്നതും മലയാളത്തനിമ ചോരാത്തതുമായ ഫ്്ളോട്ടുകള്‍ വ്യത്യസ്തമായ അനുഭവമായി. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പുറമെ പത്തോളം ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങളും ഘോഷയാത്രക്ക് അകമ്പടിയായി. വിനോദ സഞ്ചാര വകുപ്പിന്റെ കാരവന്‍, കേരള പൊലീസ് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ കവചിത വാഹനം, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കരുതെന്ന സന്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്, വനസംരക്ഷണ സന്ദേശവുമായി കേരള വനം വന്യജീവി വകുപ്പ് എന്നിവയുടെ ഫ്‌ളോട്ടുകള്‍, കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി റൈഡ് ഇരുനില ബസ് തുടങ്ങിയവ ജനശ്രദ്ധ നേടി. ഏറ്റവും പിന്നിലായി അണിനിരന്ന കെ.എസ്.ഇ.ബിയുടെ ഫ്്‌ളോട്ടും ദൃശ്യമികവ് കൊണ്ട് ശ്രദ്ധേയമായി.

യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വി.വി.ഐ.പി പവലിയനില്‍ ഘോഷയാത്ര വീക്ഷിക്കാന്‍ തമിഴ്‌നാട് ഐ.ടി വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ് പ്രത്യേക അതിഥിയായെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ആന്റണി രാജു, ജി.ആര്‍. അനില്‍, വി.ശിവന്‍കുട്ടി, കെ.രാജന്‍, പി.എ.മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ ഡി.കെ.മുരളി, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ് തുടങ്ങിയവരും വി.വി.ഐ.പി പവലിയനില്‍ ഘോഷയാത്ര വീക്ഷിച്ചു.

അതിഥികള്‍ക്ക് മുന്നില്‍ പ്രത്യേകമൊരുക്കിയ വേദിയില്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ നാടന്‍കലാരൂപങ്ങളും അരങ്ങേറി. പബ്ലിക് ലൈബ്രറി ഭാഗത്ത് ഒരുക്കിയിരുന്ന വി.ഐ.പി പവലിയനില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.

Tags:    
News Summary - The procession rocked Ananthapuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.