കൊച്ചി: ഓണപ്പൂക്കളത്തിന് നടുവിൽ വെക്കുന്ന ശിൽപഭംഗിയേറിയ തൃക്കാക്കരയപ്പനെ നിർമിച്ച് കൊച്ചി നഗരത്തെരുവിൽ വിൽക്കുന്നുണ്ട് കോവിഡിൽ ജോലി നഷ്ടപ്പെട്ട ഒരു ചിത്രകലാ അധ്യാപകൻ. ഹൈകോടതി ജങ്ഷനിൽ രണ്ടുവർഷമായി വരാപ്പുഴ ചിറക്കകം പാണ്ടിയാലക്കൽ വീട്ടിൽ ടി.ബി. രാധാകൃഷ്ണൻ ഓണത്തപ്പനുമായി എത്തുന്നു. സ്ഥിര വരുമാനം നിലച്ചപ്പോൾ കാഴ്ച വിരുന്നേകുന്ന ശിൽപങ്ങളുമായി നിത്യച്ചെലവിന് വഴി കണ്ടെത്താൻ തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ് ഈ ശിൽപി.
''കോവിഡ് പേടിച്ച് ആളുകൾ പുറത്തിറങ്ങാൻ മടിച്ചതോടെ ഓണത്തപ്പെൻറ വിൽപനയും കുറഞ്ഞു. കഴിഞ്ഞ ഓണത്തിന് ലഭിച്ച കച്ചവടംപോലും ഇക്കുറിയില്ല. കോവിഡ് മരണം കൂടിയതാകും കാരണം. ശിൽപനിർമാണമാണ് അറിയുന്ന തൊഴിൽ എന്നതിനാൽ ഇതല്ലാതെ മറ്റൊരു വഴിയില്ല'' -റോഡരികിൽ നിരത്തിവെച്ച ശിൽപങ്ങൾക്ക് പിന്നിലിരുന്ന് രാധാകൃഷ്ണൻ പറയുന്നു.
2004ൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് ശിൽപകലയിൽ മാസ്റ്റർ ഓഫ് ഫൈനാർട്സ് കഴിഞ്ഞതാണ് ഇദ്ദേഹം. പിന്നീട് കുറച്ചുവർഷം ഗൾഫിൽ േജാലി നോക്കി. തിരിച്ച് നാട്ടിൽ വന്ന് ആലുവ വിദ്യാനികേതൻ സ്കൂളിൽ ചിത്രകലാധ്യാപകനായി. കോവിഡിൽ സ്കൂൾ അടഞ്ഞതോടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ പിടിച്ചുനിൽക്കാനാവാതെ ജോലി വിട്ടു. ഇപ്പോൾ വീട്ടിൽ ശിൽപനിർമാണവുമായി കഴിയുന്നു.
ഫൈബർ മോൾഡ് ഉണ്ടാക്കി അതിൽ പ്ലാസ്റ്റർ ഓഫ് പാരിസ് നിറച്ചാണ് ഓണത്തപ്പനെ നിർമിക്കുന്നത്. പെയിൻറ് അടിച്ച് മനോഹരമാക്കും. സഹായിയെയും കൂട്ടിയാണ് ശിൽപ നിർമാണം. ഭാര്യ സൗമ്യയും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഓണം കൂടാൻ മനോഹരമായ ഈ ഓണത്തപ്പെൻറ വിൽപനതന്നെ ആശ്രയം.
ഓണനാളുകളിൽ നഗരത്തിൽ എത്തിച്ചേർന്ന അനേകം വഴിയോര കച്ചവടക്കാരുടെ പ്രതിനിധിയായി ശിൽപി രാധാകൃഷ്ണനും വരുമാനം പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.