മലയാളികളായ എല്ലാവരും ഓണക്കാലത്ത് പൂക്കളം ഒരുക്കിയിട്ടുണ്ടാകും. വീട്ടിൽ അല്ലെങ്കിൽ സ്കൂളിലോ അതല്ലെങ്കിൽ ഏതെങ്കിലും മത്സരത്തിനോ ഓഫിസലോ അങ്ങനെയങ്ങനെ. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് സങ്കൽപം. എന്നാൽ ഓണത്തപ്പനെ എതിരേൽക്കാൻ അത്ര പരിചിതമല്ലാത്ത 'മാതേര് വെക്കുക' എന്നൊരു ചടങ്ങുണ്ട്. വീടുകളിൽ പിരിമിഡാകൃതിയിൽ മണ്ണുകുഴച്ചുണ്ടാക്കി രൂപം പ്രതിഷ്ഠിക്കുന്നതിനെയാണ് മാതേര് വെക്കുക എന്ന് പറയുന്നത്. തൃക്കാക്കരപ്പൻ, ഓണത്തപ്പൻ എന്നൊക്കെ വിവിധ പ്രദേശങ്ങളിൽ ഇതിന്‍റെ പേര് മാറി വരും.
ഈ തൃക്കാക്കരപ്പൻ ആരാണെന്ന് ചോദിക്കരുത്. പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്ന് ഒരു കൂട്ടര് പറയും. അല്ല വാമനനാണെന്ന് മറ്റൊരു പക്ഷം. തൃക്കാക്കരയിൽ ഉത്സവത്തിനു വരാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്‍പന പുറപ്പെടുവിച്ചെന്ന് പറയപ്പെടുന്നു. അങ്ങനെയാണ് തൃക്കാക്കരപ്പനെ കുടിവെക്കുന്ന ചടങ്ങുണ്ടായത് എന്നും കരുതപ്പെടുന്നു.
ഉത്രാട നാളിലാണ് തൃക്കാക്കരയപ്പനെ വീട്ടുമുറ്റത്ത് കുടിവെക്കുക. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മണ്ണ് കുഴച്ച് നല്ലതു പോലെ പതം വരുത്തും. നിറം നല്‍കാന്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുന്നവരുമുണ്ട്. ഉത്രാടത്തിനു മുന്‍പേ തന്നെ തൃക്കാക്കരയപ്പനെ ഉണ്ടാക്കി ഉണക്കിവെക്കുന്നു. ഉത്രാടദിവസം നാക്കിലയിൽ മുറ്റത്ത് അഞ്ച് തൃക്കാക്കരയപ്പന്‍മാരെ വെക്കുന്നു. നടുവില്‍ വലുതും ഇരുഭാഗത്തും രണ്ട് ചെറുതു വീതവുമാണ് ഉണ്ടാക്കി വെക്കുക. അതില്‍ അരിമാവ് കൊണ്ട് അണിയിച്ച് കൃഷ്ണ കിരീടം, ചെമ്പരത്തി, ചെണ്ടുമല്ലി, തുമ്പ എന്നിവ കൊണ്ട് അലങ്കരിക്കും. ചെമ്പരത്തി ഈര്‍ക്കിളില്‍ കുത്തി വെക്കും.
ഇതിന് പുറമെ തിരുവോണം നാളിൽ മഹാബലിയെ കുടിവെക്കുന്നു. മുത്തശ്ശിയമ്മ, കുട്ടിപട്ടര്, അമ്മി , ആട്ടുകല്ല് തുടങ്ങി അനുചരനന്മാരോടൊത്താണ് മഹാബലി പ്രതിഷ്ഠിക്കപ്പെടുക. തൃക്കാക്കരയപ്പന് നേദിക്കാന്‍ ശര്‍ക്കരയും പഴവും തേങ്ങയും വെച്ച് പ്രത്യേകതരം അടയുണ്ടാക്കുന്നു. ശർക്കര ഇല്ലാതെ പഞ്ചസാരയിട്ട് പൂവടയാണ് ചിലർ നേദിക്കുക. ആൺകുട്ടികൾ തന്നെ പൂജിക്കണമെന്ന് ചിലയിടത്ത് നിർബന്ധം പിടിക്കാറുണ്ടെങ്കിലും പെൺകുട്ടികളും പൂജ ഏറ്റെടുക്കാറുണ്ട്. അഞ്ച് ഓണം വരെയാണ് തൃക്കാക്കരയപ്പനെ പൂജിക്കുന്നത്. എന്നും രാവിലേയും വൈകിട്ടും വിളക്ക് കൊളുത്തി പൂജിക്കും.
തിരുവോണം കഴിഞ്ഞ് നാലാം ദിവസം മാതേരുകൾ എടുത്ത് മാറ്റുന്നു. അതിനു ശേഷം കന്നിയിലെ ആയില്യം വരെ പൂക്കളം ഇടുന്നത് തുടരുന്നു. കന്നിമാസത്തിലെ ആയില്യത്തിൻ നാളിന് പ്രത്യേകതയുണ്ട്. മഹാബലിയുടെ മകനായ മകത്തടിയൻ പ്രജകളെ കാണാൻ വരുന്ന ദിവസമാണ് ആയില്യം എന്നാണ് വിശ്വാസം. അന്ന് മകത്തടിയൻ എന്ന പേരിൽ തടി കൂടിയ രൂപത്തെയാണ് പ്രതിഷ്ഠിക്കുക. ഒരു ദിവസത്തെ പൂജക്ക് ശേഷം മകത്തടിയനെ എടുത്തുമാറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.