നീ​ലം​പേ​രൂ​രി​ലെ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ജ​ന്മ​ഗൃ​ഹം

ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ജന്മഗൃഹം നാശത്തിന്റെ വക്കില്‍

ചങ്ങനാശ്ശേരി: ഗ്രന്ഥശാല പ്രസ്ഥാന സ്ഥാപകന്‍ പി.എന്‍. പണിക്കരുടെ ജന്മഗൃഹം നാശത്തിന്റെ വക്കില്‍.അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായും വാരാചരണ ആഘോഷമായും സംസ്ഥാനത്തുടനീളം നടക്കുമ്പോഴും ഓര്‍മകള്‍ നിലനില്‍ക്കുന്ന ജന്മഗൃഹത്തോട് അവഗണനയാണ്. 200 വര്‍ഷം പഴക്കമുള്ള വീടാണിത്. ആറര സെന്റ് സ്ഥലവും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സര്‍ക്കാറിന് വിട്ടുനല്‍കിയിരുന്നു.

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മ്യൂസിയം നിര്‍മിക്കണമെന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് പി.എന്‍. പണിക്കരുടെ ജന്മഗൃഹമായ പുതുവായില്‍ വീട്. ഉടമസ്ഥാവകാശം സര്‍ക്കാറിന് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജീര്‍ണാവസ്ഥയിലായ വീട് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മേല്‍ക്കൂരയുടെ ഒരു വശം പൂര്‍ണമായി തകര്‍ന്നു. ഓടുകള്‍ മിക്കതും പൊട്ടി. മഴ പെയ്താല്‍ വീടിനുള്ളിലെ ഭിത്തികളും തറയും നനയും. ജനലുകള്‍ ചിതലരിച്ച നിലയിലാണ്.

വീടും പരിസരവും കാടുപിടിച്ചു കിടക്കുന്നു. വായനദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരും സമീപ ജില്ലകളില്‍നിന്നടക്കം സ്‌കൂള്‍ വിദ്യാര്‍ഥികളും ഇവിടെ എത്തിയിരുന്നു.വീട് മ്യൂസിയമായി സംരക്ഷിച്ചാല്‍ തിരുവനന്തപുരത്തുനിന്ന് പി.എന്‍. പണിക്കര്‍ ഉപയോഗിച്ച വസ്തുക്കളും മറ്റും ഇവിടേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ പറയുന്നു.

അദ്ദേഹം സ്ഥാപിച്ച സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാലയിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടും പരിസരവും സംരക്ഷിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.സര്‍ക്കാറിന് നല്‍കിയ സ്ഥലമായതിനാല്‍ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് പരിമിതിയുണ്ട്. ഇത് സംബന്ധിച്ച് സാംസ്‌കാരിക മന്ത്രിക്ക് നിവേദനം നല്‍കാനുള്ള നീക്കത്തിലാണ് വായനശാല പ്രവര്‍ത്തകരെന്ന് ബന്ധുവും പി.എന്‍. പണിക്കര്‍ സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാല ലൈബ്രേറിയനുമായ വത്സലകുമാരി പറഞ്ഞു.

Tags:    
News Summary - P.N. Panicker's birth house is on the verge of destruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.