ചിത്രീകരണം: സജീവ് കീഴരിയൂർ

തീയെടുക്കുന്ന കനവുകൾ - കഥ

‘ഹന്നാ, വേഗം എഴുന്നേല്‍ക്ക്’.

ഞെട്ടി കണ്ണുതുറക്കുമ്പോള്‍ സൂര്യവെളിച്ചം കണ്ണിലേയ്ക്കു തുളച്ചുകയറി. അതിനോടു പൊരുത്തപ്പെടാനാകാതെ കണ്ണിമകള്‍ വീണ്ടും താനേ അടഞ്ഞുപോയി. ഉമ്മയുടെ ശബ്ദമാണ്. ഇന്നലെ എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല. പുറത്ത് നേരിയ ചാറ്റല്‍മഴയുണ്ടായിരുന്നു. ഒലിവ് മരച്ചില്ലകള്‍ കാറ്റില്‍ ആടിയുലയുന്നത് കണ്ടപ്പോള്‍ മനസ്സും അതിന്‍റെ പ്രതിഫലനമായി മാറി.

ഭയംകൊണ്ട് മനസ്സ് മരവിച്ചുപോയിരിക്കുന്നു. രാത്രി വൈകിയും ഉപ്പയും ഇക്കാക്കയും വന്നിട്ടില്ലായിരുന്നു. ഉമ്മയുടെ മടിയില്‍ തലചായ്ച്ച് തറയിലാണുറങ്ങിയത്. ജനല്‍ തുറന്നിട്ടപ്പോള്‍ നേര്‍ത്ത കാറ്റ് അകത്തേക്കു കയറി. മധുരം കിനിയുന്ന അത്തിപ്പഴത്തിന്‍റെ മണമാണതിന്. മുറ്റത്ത് കറുപ്പും പച്ചയും നിറത്തിലുള്ള അത്തിപ്പഴങ്ങള്‍ വീണുകിടക്കുന്നു. ഒന്നുരണ്ടെണ്ണം പുലരിയുടെ കുളിര്‍മയേറ്റ് പൊട്ടിവിടര്‍ന്നിട്ടുണ്ട്. ആര്‍ക്കും വേണ്ട.

നൗറയും ഫര്‍ഹയും മിയയും വരാറുണ്ടായിരുന്നു എന്നും. ഈയിടെ ആരെയും കാണാറേയില്ല. ദൂരെ ഓറഞ്ചുമരങ്ങള്‍ക്കപ്പുറം ചെമ്മരിയാട്ടിന്‍ കൂട്ടങ്ങള്‍ മേയുന്ന പാടത്തിലൂടെ ആരൊക്കെയോ ധൃതിയില്‍ നടന്നുമറയുന്നു.

ഈ കാട്ടുതീയില്‍നിന്ന് എല്ലാവരും രക്ഷപ്പെടുകയാണ്. ഇസ്രായേലിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ഷെല്ലാക്രമണത്തിന്‍റെ മിന്നല്‍വെളിച്ചം ഇപ്പോഴും നെഞ്ചിലേയ്ക്കു തുളച്ചുകയറുന്നു. സ്കൂളില്‍ പോയിട്ട് ഒരാഴ്ചയായി. അവസാനദിവസം ഇന്നുമോര്‍ക്കുന്നു.

അഫ്താബ്സാര്‍ അന്ന് വിഷാദമുഖവുമായാണ് ക്ലാസിലെത്തിയത്. കളിചിരികളില്ല, കഥയില്ല, കുട്ടികളുടെ കലപിലകളില്ല. മൗനം ഭയാനകമാണെന്ന് അന്നാണറിഞ്ഞത്. കൈയിലെ ചോക്ക് മേശപ്പുറത്തു വെച്ചുകൊണ്ട് ഇടറുന്ന ശബ്ദത്തില്‍ സാര്‍ ഇത്രയും പറഞ്ഞു.

‘ഇസ്രായേല്‍ വീണ്ടും നമ്മുടെ വീട്ടിലേക്കുവരുന്നു. ഇനി നമ്മള്‍ എന്നു കാണുമെന്നറിയില്ല. നിങ്ങള്‍ പ്രാർഥിക്കുക.’

അവസാന വാക്കിലെത്തിയപ്പോള്‍ സാര്‍ വിതുമ്പി... കുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ ഷെല്ലാക്രമണം തുടര്‍ന്നു. കുഴിബോംബുകള്‍ പൊട്ടി. മഴയുള്ള രാവുകളില്‍ ഇടിമിന്നല്‍ പോലെയായി ഷെല്‍വര്‍ഷങ്ങള്‍. രണ്ടും വേര്‍തിരിച്ചറിയാനാവാതെ...

എന്‍റെ കൂട്ടുകാരി അമാന വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. അവളുടെ വീടും കത്തിച്ചാമ്പലായി. ഞാന്‍ കണ്ടു അവളെ! വികൃതമായിരുന്നു അവളുടെ മുഖം. ചോരച്ചാലുകള്‍ തീര്‍ത്ത കുഞ്ഞുമുഖത്തെ കുസൃതിക്കണ്ണുകള്‍ അ​േപ്പാഴും ഈ ലോകത്തെ കണ്ടുകൊതിതീരാതെ പാതി തുറന്നുതന്നെയിരുന്നു... ഞങ്ങളുടെ അങ്ങാടി ആളനക്കമില്ലാതെ പ്രേതഭൂമിയായി.

ഉപ്പ ഞങ്ങളുടെ തോട്ടത്തില്‍ വിളയിച്ച ഓറഞ്ചും *സുച്ചിനിയും എഗ് പ്ലാന്‍റും തക്കാളിയും പഴുത്തുചീഞ്ഞു. പച്ചവെള്ളവും ഉണക്ക റൊട്ടിയും മാത്രമായി ഞങ്ങളുടെ ഭക്ഷണം. ഒലിവെണ്ണപോലും കിട്ടാതായി.

‘ഹന്നാ...’

ഇപ്പോള്‍ ഉമ്മയല്ല, ഇക്കയും ഉപ്പയുമാണ്. പുറത്ത് വാഹനങ്ങള്‍ മുരളുന്ന ശബ്ദം...

അവര്‍ ഓടി അകത്തുവന്നു. പിന്നാലെ ഉമ്മയും.

‘വേഗം... വേഗം ഇവിടെനിന്ന് രക്ഷപ്പെടണം. ഇല്ലെങ്കില്‍...’

ധൃതിയില്‍ കിട്ടിയ സാധനങ്ങളെല്ലാം വാരിവലിച്ച് അവര്‍ പുറത്തേക്കു പാഞ്ഞു. കൂടെ ഞാനും എന്‍റെ സ്കൂള്‍ബാഗും.

പുറത്ത് പട്ടാളക്കാര്‍ തോക്കും കൈയില്‍പ്പിടിച്ച് റോന്തുചുറ്റുന്നു. ഒരു തുറന്ന ജീപ്പ് ചീറിവന്ന് അത്തിമരത്തിനു ചുവട്ടില്‍ വന്നുനിന്നു.

‘കയറൂ...’

പട്ടാളക്കാരന്‍ അലറി.

വേറെ പലരും ജീപ്പിലുണ്ടായിരുന്നു. ഞങ്ങള്‍ കയറിയപ്പോള്‍ ജീപ്പ് തിങ്ങിഞെരുങ്ങി. അത് കുതിക്കാനൊരുങ്ങവേ ഞാന്‍ പുറത്തേക്കു ചാടി!

‘ഹന്നാ...എവിടേക്കാണ്...?’

ഉപ്പയുടെ ശബ്ദം തേങ്ങലായി...

‘ഉപ്പാ, എന്‍റെ പാവക്കുട്ടി...’

ഞാന്‍ ഓടുകയായിരുന്നു.

‘നോ...’

അടുത്ത് നിന്ന പട്ടാളക്കാരന്‍റെ ബലിഷ്ഠമായ കൈകള്‍ എന്നെ തൂക്കിയെടുത്ത് ജീപ്പിലേക്കെറിഞ്ഞു.

ജീപ്പ് ഒരു മുരള്‍ച്ചയോടെ പറന്നു.

ഞാന്‍ എന്‍റെ വീടിനെ നോക്കി കൈ​െപാത്തിക്കരഞ്ഞു. ഓറഞ്ചുമരങ്ങള്‍ നിരനിരയായ വളവ് തിരിയുമ്പോള്‍ ഞാന്‍ കണ്ടു, എന്‍റെ വീടിനുമേല്‍ പതിക്കുന്ന ഷെല്ലിന്‍റെ മിന്നല്‍വെളിച്ചം. എന്‍റെ പാവക്കുട്ടി ഇപ്പോള്‍ കണ്ണടച്ചിരിക്കും...

.................................

*ഫലസ്തീന്‍ കാര്‍ഷിക വിളകള്‍

Tags:    
News Summary - theeyedukkunna kanavukal - story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.