തലശ്ശേരി: നഗരചരിത്രത്തോടൊപ്പം ഇഴുകിച്ചേർന്ന തലശ്ശേരിയിലെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ഓടത്തിൽ ജുമുഅത്ത് പള്ളി പുതുമോടിയിൽ. പഴമയുടെ പ്രൗഢി നിലനിർത്തിയാണ് പള്ളി നവീകരണം നടത്തിയത്. മേൽപുരയും സ്വർണത്താഴികക്കുടവും നവീകരിച്ചതോടെയാണ് പള്ളിക്ക് പുതുമോടി കൈവന്നത്. 300 വർഷത്തോളം പഴക്കമുള്ളതാണ് തലശ്ശേരിയിലെ കേയി കുടുംബാധീനതയിലുള്ള ഈ ആരാധനാലയം. വാസ്തുശിൽപകലയിലുള്ള പള്ളിയുടെ ചെമ്പുതകിട് പാകിയ വിശാലമായ മേൽപുരയിലും സ്വർണത്താഴികക്കുടങ്ങളിലും നവീകരണം പൂർത്തിയായി.
മേൽപുരയിലെ മരവും ചെമ്പുതകിടും പൂർണമായി മാറ്റിയതോടൊപ്പം ആറോളം സ്വർണത്താഴികക്കുടങ്ങളും മിനുക്കിയെടുത്തു. മഴയത്ത് കെട്ടിടത്തിൽ ചോർച്ച അനുഭവപ്പെട്ടുതുടങ്ങിയതോടെയാണ് പള്ളി നവീകരണത്തിനുള്ള വഴിയൊരുങ്ങിയത്. കഴിഞ്ഞ റമദാനുമുമ്പേ നവീകരണ ജോലി ആരംഭിച്ചിരുന്നു. ഓർക്കാട്ടേരി, കേളോത്ത്, വലിയപുര, പുതിയപുര എന്നീ നാല് കേയി കുടുംബ താവഴികളിലെ പുരുഷന്മാരടങ്ങുന്ന പള്ളി പരിപാലന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
പള്ളിയുടെ മുകൾനിലയിലെ താഴികക്കുടങ്ങൾ സ്വർണംപൂശി പഴയതുപോലെ പുന:സ്ഥാപിച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി പള്ളിക്കകത്ത് പുതിയ കാർപറ്റുകൾ വിരിച്ചു. നമസ്കാര ഹാളിലും ഖബർസ്ഥാനിലും വിശാലമായ വെളിച്ച സംവിധാനമൊരുക്കി. പെയിന്റടിച്ച് പള്ളിയുടെ അകവും പുറവും മോടികൂട്ടി. വുളുചെയ്യുന്ന ഭാഗവും വിശാലമാക്കി. വിദേശത്തും നാട്ടിലുമുള്ള കേയി കുടുംബാംഗങ്ങളിൽനിന്നുള്ള പണം സ്വരൂപിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്ന് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
(ഓടത്തിൽ പള്ളി വളപ്പിലെ കുളം)
കേയി വംശത്തിലെ മൂസക്കേയിയാണ് വാസ്തുശിൽപ ഭംഗിയോടെ ഓടത്തിൽ ജുമുഅത്ത് പള്ളി നിർമിച്ചത്. ഡച്ചുകാരുടെ അധീനതയിലുള്ള കരിമ്പിൻതോട്ടം (ഓടം) വിലക്കുവാങ്ങിയാണ് അഞ്ചേക്കറിലേറെയുള്ള സ്ഥലത്ത് മധ്യത്തിലായി പള്ളി നിർമിച്ചത്. തിരുവിതാംകൂർ രാജാവ് നൽകിയ ലക്ഷങ്ങൾ വിലയുള്ള തേക്കിൻതടികളാണ് പള്ളി നിർമാണത്തിനായി ഉപയോഗിച്ചത്. ലോഗൻസ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, എൻ.സി.സി റോഡ് എന്നിവിടങ്ങളിൽ നിന്നായി പള്ളിയിലേക്ക് പ്രവേശന കവാടവുമുണ്ട്. തലശ്ശേരി ടൗണിലെ ഭൂരിഭാഗം വ്യാപാരികളും മറ്റുള്ളവരും ആരാധനക്കെത്തുന്നത് ഇവിടെയാണ്. നാലുപതിറ്റാണ്ടുകാലം കാടുമൂടിക്കിടന്ന, ഓടത്തിൽ പള്ളിയിലെ കുളവും നവീകരിച്ചിട്ടുണ്ട്. കുളത്തിലെ ചളിനീക്കി. ചുറ്റുമുള്ള പടവുകൾ വാർണിഷ് ചെയ്യും. പരിസരം മുഴുവൻ ചെടികൾ വെച്ചുപിടിപ്പിക്കാനും കമ്മിറ്റിക്ക് ആലോചനയുണ്ട്. എൻ.സി.സി റോഡിൽ നിന്നും പള്ളിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുളം സ്ഥിതിചെയ്യുന്നത്. ഖബറിടം വിശാലമാക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.