ബേപ്പൂര്‍: വിശ്വസാഹിത്യത്തിൽ മലയാളത്തെ അടയാളപ്പെടുത്തിയ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരക നിർമാണ ജോലികൾക്ക് തുടക്കമായി. വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ ബി.സി(ബേപ്പൂർ-ചെറുവണ്ണൂർ) റോഡിൽ കോര്‍പറേഷന്‍ അനുവദിച്ച പഴയ കമ്യൂണിറ്റി ഹാള്‍ ഭൂമിയിലാണ് സാഹിത്യ സുല്‍ത്താന് സ്മാരകം നിര്‍മിക്കുന്നത്. കോഴിക്കോട് കോർപറേഷന്റെ കൈവശമുള്ള 82.69 സെന്റ് സ്ഥലമാണ് പ്രയോജനപ്പെടുത്തുന്നത്. തൊട്ടടുത്തുള്ള 14 സെന്റ് സ്ഥലംകൂടി കോർപറേഷൻ ഏറ്റെടുത്തേക്കും.
ടൂറിസം വകുപ്പ് അനുവദിച്ച 7.37 കോടി രൂപ ചെലവിട്ട് 4,000 ചതുരശ്ര അടി തറ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാറെടുത്തത്. രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ സ്മാരകത്തോടൊപ്പം കരകൗശല വസ്തുക്കളുടെ വില്‍പന കേന്ദ്രം, ആംഫി തിയറ്റര്‍, സ്‌റ്റേജ് എന്നിവയുണ്ടാകും.
ഇതോടൊപ്പം നടപ്പാക്കുന്ന രണ്ടാംഘട്ടത്തില്‍ കുട്ടികളുടെ കളിസ്ഥലം, വാക് വേ, ഫുഡ് സ്റ്റാളുകള്‍ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ബഷീറിന് ലഭിച്ച പുരസ്കാരങ്ങൾ, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കൈയെഴുത്ത് പ്രതികൾ, എഴുത്തുകാരുമൊത്തുള്ള ഫോട്ടോകൾ എന്നിവ സംരക്ഷിക്കാനും എഴുത്തുകാർക്ക് രചന നടത്താനുള്ള ഇടവും വായനമുറിയും മറ്റും ചേർന്നതായിരിക്കും സ്മാരകം.
ഗവേഷണകേന്ദ്രം, സാംസ്കാരിക പരിപാടികൾക്കുള്ള ഹാളുകൾ, ഓപൺ എയർ പച്ചത്തുരുത്തുകൾ, ബഷീർ കഥാപാത്രങ്ങളുടെ മിനിയേച്ചറുകൾ, കുട്ടികൾക്കായി അക്ഷരത്തോട്ടം എന്നിവ കെട്ടിടത്തിൽ സജ്ജമാക്കും. തികച്ചും ഭിന്നശേഷി സൗഹൃദമായിരിക്കും കെട്ടിടം. ഒന്നര വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ കഥാവശേഷനായിട്ട് 28 വര്‍ഷം പിന്നിട്ടെങ്കിലും ഉചിതമായ സ്ഥലം കണ്ടെത്തുന്നതിലെ സാങ്കേതികത്വം കാരണം സ്മാരക നിർമാണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ടാണ് ബഷീര്‍ സ്മാരക നിര്‍മാണത്തിന് ഫണ്ടനുവദിച്ചതും നടപടികള്‍ വേഗത്തിലാക്കിയതും. കഴിഞ്ഞ ജൂലൈയില്‍ ബേപ്പൂരില്‍ സംഘടിപ്പിച്ച ബഷീര്‍ ഫെസ്റ്റിലാണ് കെട്ടിടനിര്‍മാണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.