ജടമൂടിയ ഓർമകൾക്കിടയിൽനിന്ന് അശാന്തിയുടെ മൂന്നാം കണ്ണായി ജോൺ എബ്രഹാം ഉയിർത്തെഴുന്നേൽക്കുന്നു. ഇന്ത്യൻ ചലച്ചിത്രകലക്കുവേണ്ടി സ്വയം ഹോമിച്ച കലാകാരൻ, പൊയ്ക്കാലുകളുടെ സഹായമില്ലാതെ ഇരട്ടജീവിതം പുലർത്താതെ അയാൾ മരണം വരെ അലഞ്ഞുനടന്നു. ബംഗാളിലെ ഏതോ ഇരുൾത്തിരിവിൽ രക്തം ഛർദിച്ചു മരിച്ചുവീണ ഘട്ടക് പല അർഥങ്ങളിലും ജോണിന്റെ പിതൃരൂപം തന്നെ.
നിർവചിക്കാനാവാത്ത പ്രതിഭാസമെന്നു സ്വന്തം കാലത്തിന് തന്നെത്തന്നെ ഉപേക്ഷിച്ചു കൊണ്ട് നൂൽപാലത്തിലൂടെ ആശ്രയമറ്റു സഞ്ചരിച്ച ആ പ്രതിഭ നിരാധാരനും ഭ്രഷ്ടനുമായി വിടവാങ്ങി. ജോണിനെപ്പോലൊരു ദണ്ഡിയെ ചവറ്റുകുട്ടയിലെറിഞ്ഞതിന് വരുംകാലം മലയാളിക്കു മാപ്പുനൽകുമോ?
ആലുവ യൂനിയൻ ക്രിസ്ത്യൻ കോളജിൽ 1980ൽ കേരള യൂനിവേഴ്സിറ്റിയും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒരാഴ്ച നീണ്ടുനിന്ന ഒരു ചലച്ചിത്രമേള നടത്തി. വിശ്വോത്തര ചലച്ചിത്ര രചനകളുടെ ഒരു മഹോത്സവ വേദി. അനേകം വിശ്വോത്തര പ്രതിഭകൾ അവരവരുടെ അന്തഃസംഘർഷങ്ങൾ സെല്ലുലോയ്ഡിലൂടെ ആവിഷ്‍കരിച്ചതിലൂടെ മനുഷ്യരാശിക്കു പുതിയ ദർശനതലങ്ങൾ സമ്മാനിച്ചത് ഞങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു.
കാസർകോട് ഫിലിം സൊസൈറ്റിയുടെ മുരളി, സി.വി. ബാലകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, അന്ന് അധ്യാപകനായിരുന്ന വത്സൻ (കലാക്ഷേത്രം) എന്നിവരൊക്കെയുമടങ്ങിയ ഒരു ചെറുസംഘത്തിൽ ഞാനുമുൾപ്പെട്ടു. അതിനുമുമ്പേ ഒരു മരത്തണലിലിരുന്ന് പുകവലിക്കുന്ന പ്രാകൃത വേഷധാരിയും അലസനുമായ മനുഷ്യൻ ജോൺ എബ്രഹാമാണെന്ന് അമ്പരപ്പു കലർന്ന ആരാധനയോടെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.
അടുക്കാൻ പോയില്ല. ഒരുതരം ഈഗോ എന്നെ തടഞ്ഞു. ചലച്ചിത്രോത്സവത്തിന് ക്ഷണിക്കപ്പെട്ട വിശിഷ്ടർ ഗെസ്റ്റ്ഹൗസിൽ വിശേഷരുചികൾ നുകർന്നുകൊണ്ടിരിക്കുമ്പോൾ ഈ അശ്വത്ഥാമാവ് തന്നെ കാർന്നുകൊണ്ടിരിക്കുന്ന പരിഹാരമറ്റ സമസ്യകൾ കൊറിച്ചുകൊണ്ട് ധൂമപാനത്തിലേർപ്പെട്ടിരിക്കുകയാണ്.
ജോൺ ഞങ്ങളുടെ സംഘത്തിലുൾപ്പെട്ടതു വളരെ പെട്ടെന്നായിരുന്നു. മുരളിക്കും വത്സനും ബാലകൃഷ്ണനും ജോണിനെ നേരത്തെ അറിയാം. അവർ ഫിലിം സൊസൈറ്റി പ്രവർത്തകരായിരുന്നു. ജോൺ എബ്രഹാമുമായി കലർന്നു കഴിച്ചു കൂട്ടിയ ആ ഒരാഴ്ചക്കാലമാണ് ഒരു യഥാർഥ കലാകാരനെക്കുറിച്ച് എനിക്കുള്ള സങ്കൽപങ്ങൾ എന്തായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞത്.
അന്ന് ആലുവ ‘സീനത്തി’ൽ അഗ്രഹാരത്തിൽ കഴുതൈ പ്രദർശിപ്പിച്ചിരുന്നു. മേളയിൽ പങ്കെടുക്കാൻ വന്ന വിദ്യാർഥികൾക്ക് ആ ചിത്രം കാട്ടിക്കൊടുക്കാനായി സംഘാടകർ കൊണ്ടുപോയി. രാത്രി ജോൺ ഭക്ഷണ ശാലയിൽ ചെന്ന് കഞ്ഞിവെള്ളം ചോദിച്ചു. അവർ തിരസ്കരിച്ചു. വല്ലാത്ത വൈപരീത്യം.
വേദനയിൽ കുതിർന്ന വെറും ഓർമകളാണിവ. ജോണിനെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതുന്നതിൽ ഒരർഥവുമില്ലെന്നും എനിക്കറിയാം. എങ്കിലും കഴിഞ്ഞുപോയ ആ കാലം പങ്കിടുമ്പോൾ എന്തോ ആത്മസുഖം ഞാനനുഭവിക്കുന്നു.ജോൺ ഭക്ഷണം കഴിച്ചതേയില്ല. അധികൃതരോട് ഒന്നും ആവശ്യപ്പെട്ടുമില്ല. അവരോ ജോണിനെ പച്ചയായി അവഗണിച്ചു. ഒരു നട്ടുച്ചക്ക് ഞങ്ങൾക്കരികിലൂടെ കടന്നുപോയ യൂനിവേഴ്സിറ്റി ഭാരവാഹിയോട് ബാലചന്ദ്രൻ പറഞ്ഞു: “ഇത് ശരിയല്ല.
ഒരു രാത്രി ഞാനും ബാലചന്ദ്രനും ജോണും ആയിടെ എസ്.എസ്.എൽ.സിക്ക് റാങ്കുകിട്ടിയ ഒരു ഉണ്ണിയും കൂടി ഒരു മുറി വാടകക്കെടുത്തു. ജോണിന് അക്കാലം തന്നെ ഉദരസംബന്ധിയായ ഏതോ കഠിനരോഗം ഉണ്ടായിരുന്നിരിക്കണം. മുറിയിൽ കയറിയപാടേ വയറ്റിൽ പൊത്തിക്കൊണ്ട് കിടക്കയിൽ വീണ് ഭക്ഷണം വേണമെന്നുപറഞ്ഞു. ബാലചന്ദ്രനും ഉണ്ണിയും മസാലദോശ കിട്ടുമോ എന്ന സംശയത്തോടെ ഇരുട്ടിലേക്കിറങ്ങി. ജോണിന്റെ വേദന കാണാൻ ഞാനൊറ്റക്കായി.
അരമണിക്കൂർ ജോൺ വേദനയിൽ പുളഞ്ഞു. ആഹാരത്തിനു പോയവർ തിരിച്ചെത്തി. രാവിലെ എഴുന്നേറ്റു പോരുമ്പോൾ തലേന്നു വാങ്ങിയ മസാലദോശപ്പൊതി മേശപ്പുറത്ത് വിഷണ്ണമായി ഞങ്ങളെ നോക്കിക്കൊണ്ടിരിപ്പായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് മേധാവികളുടെ സാന്നിധ്യത്തിൽ ഘട്ടക്കിന്റെ മേഘേധക് താരായുടെ (മേഘം മറച്ച നക്ഷത്രം)പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ്. ജോൺ അവിടെ പ്രത്യക്ഷപ്പെട്ട് െപ്രാജക്ടറിൽ ആഞ്ഞടിച്ചു. അതോടെ ഫിലിം റോൾ പൊട്ടി. പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരനടക്കം പലരും പരിഭ്രാന്തരായി. സമ്മിശ്ര പ്രതികരണങ്ങളുളവായി. ജോൺ അലറി: “ഘട്ടക്കിന്റെ ചിത്രത്തിനുമുമ്പ് എനിക്ക് ചിലത് പറയാനുണ്ട്.... എന്നിട്ടേ പ്രദർശനം തുടരാവൂ...’’
തുടർന്ന് ഘട്ടക്കുമായി താൻ പങ്കുവെച്ച കാലം, ഘട്ടക്കിന്റെ കലാദർശനം, സിനിമയെക്കുറിച്ച് തനിക്കുള്ള ധാരണകൾ എന്നിവയെയൊക്കെപ്പറ്റി ജോൺ വാചാലനായി. അപ്പോഴാണ് സ്വകാര്യതയിലല്ലാതെ അദ്ദേഹം ഉള്ളുതുറന്നത്.ആ ദിവസങ്ങൾ അവസാനിച്ചതിൽ ഞാനാണേറ്റവും ദുഃഖിച്ചത്. ജോണിനെ വിട്ടു പിരിഞ്ഞതിൽ.വളരെക്കാലം പിന്നിട്ടതിനുശേഷം ഫോർട്ട്കൊച്ചിയിൽ നിയോഗം. ചെറുമാസികയുടെ ഓഫിസിൽ വെച്ച് എനിക്കെതിരെ ഇരിക്കുന്ന മനുഷ്യൻ
ജോൺ എബ്രഹാമാണെന്നറിയെ ഞാൻ തകർന്നുപോയി. വളരെയധികം വ്യഥാഭാരങ്ങൾ അനുഭവിച്ചിരുന്നു ഞാൻ അക്കാലത്ത്. ഒരക്ഷരം ഉരിയാടാതെ ഞങ്ങൾ തമ്മിൽ പത്തു മിനിറ്റോളം കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. ജോൺ ഇറങ്ങി നടന്നു. ഞാൻ അന്ധമായി പിന്തുടർന്നു.
“കൊലപാതകങ്ങൾ പെരുകുന്ന തെരുവുകളാണ്... സൂക്ഷിക്കണമെന്ന്’ ജോൺ ഉപദേശിച്ചു. വളരെയേറെ നടന്ന് ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ മാളികക്കെട്ടിടത്തിന്റെ ജരാനരകായമായ കൈവരിയിൽ പിടിച്ച് ജോൺ മുകളിലേക്കു കയറി. പഴയ പച്ചച്ചായമടിച്ച ഒരു ഇടനാഴിയിലേക്ക് ഞങ്ങൾ കടന്നു. ആ ഇടനാഴിയിലുടനീളം അനേകം നിറങ്ങൾ പ്രസരിപ്പിക്കുന്ന വൈദ്യുതിവിളക്കുകൾ തൂങ്ങിക്കിടന്നു. ചെന്നായ്ക്കൾ... ചെന്നായ്ക്കളുടെ പ്രവർത്തകരായിരിക്കാം ഒരു ചെറുസംഘം ജോണിനെ സ്വാഗതം ചെയ്തു. സന്ധ്യക്ക് ഞാൻ പിരിഞ്ഞുപോന്നു.
യാദൃച്ഛയാ, ആലുവ ടാസ് ഹാളിൽ അവതരിപ്പിക്കപ്പെട്ട ഒരു രാത്രി നാടകം കാണാൻ ഞാൻ പോയി. നിഴലുകൾക്കിടയിൽ സഞ്ചി തൂക്കിയ രൂപത്തെ ഞാൻ തിരിച്ചറിഞ്ഞു. അതു ജോണായിരുന്നു. അടുത്തുചെന്നു. പെട്ടെന്ന് തിരിച്ചറിഞ്ഞില്ല. അറിഞ്ഞപ്പോൾ ആ വല്ലാത്ത ചിരി.
ജോണിനെ ഏറ്റവുമൊടുവിൽ സന്ധിച്ചതിന്റെ ഓർമയിൽ എന്റെ ഹൃദയരക്തം പൊടിയുന്നു. അന്ന് ഞാൻ ജോണിന്റെ സമ്മതമില്ലാതെ അദ്ദേഹത്തെ വെടിഞ്ഞുപോന്നു. ഞാൻ എറണാകുളത്ത് ബോട്ട്ജെട്ടിക്കരികിൽ തെരുവിൽ വിൽക്കുന്ന വേഷങ്ങൾ പരിശോധിച്ചുകൊണ്ടു നിൽക്കുകയായിരുന്നു.
“ദാ - ഒരു രുദ്ര കവി’ ഒരലർച്ച കേട്ടു. പിന്തിരിഞ്ഞു നോക്കിയപ്പോൾ ഏറ്റവും വേണ്ടപ്പെട്ട ഒരാളാണെന്നേ പിടികിട്ടിയുള്ളൂ. അൽപം കഴിഞ്ഞേ ജോൺ എബ്രഹാമാണ് അതെന്നെനിക്ക് മനസ്സിലായുള്ളൂ. ജോൺ അത്രക്കധികം മാറിപ്പോയിരുന്നു. കൂടെയുണ്ടായിരുന്ന ഒരു കഥാകൃത്ത് ജോണിനെ മദ്യശാലയിലേക്കു നയിച്ചു. അവർക്കിടയിൽ ഒരു സാക്ഷി മാത്രമായി ഞാനിരുന്നു.
കഥാകൃത്ത് ഒടുങ്ങാത്ത ജാട പ്രകടനങ്ങൾ തുടങ്ങി. അസഹനീയരായ അത്തരം മനുഷ്യരെ അദ്ദേഹം എങ്ങനെ സഹിച്ചിരുന്നു എന്ന് ഇപ്പോഴേ എനിക്കു മനസ്സിലാകുന്നുള്ളൂ. സഹനത്തിന്റെ പരകോടിയിൽ ഞാൻ ഇറങ്ങിപ്പോന്നു.ഒടുവിൽ മരണവാർത്ത കേട്ടു. ഒരു രാത്രി മുഴുവനും കരഞ്ഞു. ആ വേർപാടിന്റെ മുറിപ്പാട് ഉണങ്ങുന്നതല്ല. മൃതദേഹം പോയിക്കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ അതിനായി പോകേണ്ടതുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.