വളപട്ടണം: കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് കളരിയാൽ ഭഗവതിയുടെ കൂറ്റൻ തിരുമുടി നിവർന്നു. കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവർന്നതോടെ ഉത്തര മലബാറിലെ തെയ്യക്കാലത്തിന് തിരശ്ശീല വീണു. കളരിവാതുക്കൽ ഭഗവതിയുടെ പെരുംതിരുമുടിക്കൊപ്പം തിരുവർക്കാട്ട് ഭഗവതി, സോമേശ്വരി, പാടിക്കുറ്റി, ചുഴലി ഭഗവതി, പോർക്കലി എന്നീ ഉപദേവതകളും തിരുമുറ്റത്തെത്തി.
രാവിലെ കലശം നിറക്കലോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 21 കോൽ നീളവും 5.75 കോൽ വീതിയുമുള്ള തിരുമുടി പച്ച മുളകൾകൊണ്ട് കത്രികപ്പൂട്ട് ഇട്ടാണ് ഉയർത്തിയത്. ദീർഘ നാളത്തെ വ്രതക്കാരും അവകാശ പാരമ്പര്യമുള്ളവരും ചേർന്ന് ഓംകാര മന്ത്രധ്വനികൾ ഉരുവിട്ട് മുഖ്യ കോലക്കാരനായ മൂത്താനിശ്ശേരി ബാബു പെരുവണ്ണാന്റെ ശിരസ്സിലേറ്റിയത്. തന്ത്രി നൽകിയ ഉടവാൾ കയ്യിലെടുത്ത് ഭഗവതി മൂന്നുതവണ പ്രദക്ഷിണം വച്ചു. നാലരയോടെ ആരംഭിച്ച് ഭഗവതിതെയ്യങ്ങൾ ആറോടെ മുടി ഇറക്കി. തു ടർന്ന് കലശത്തട്ടിൽ നിന്നു പൂക്കൾ വാരിവിതറിയതോടെ ചടങ്ങുകൾക്ക് സമാപനമായി. ഏഴ് കവുങ്ങുകളും 16 വലിയ മുളകളും ഉപയോഗിച്ചാണ് മുടി തയാറാക്കിയത്.
പുഴാതി, അഴീക്കോട്കുന്നാവ്, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ആശാരിമാരും ചിറക്കൽ പുറമേരി തറവാട്ടുകാരും ചേർന്നാണ് മുടി നിർമിച്ചത്. വളപട്ടണം ശീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റും അരങ്ങേറി. കളരിവാതുക്കൽ പെരുങ്കളിയാട്ടത്തോടെ ഉത്തര മലബാറിലെ തെയ്യക്കാലത്തിന് സമാപനമായി. ഇനി തുലാം പത്തോടെ മാത്രമേ കാവുകൾ ഉണരുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.