കോഴിക്കോട്: മലയാളത്തിന്റെ എഴുത്തു തറവാട്ടിലെ പെരുന്തച്ചൻ എം.ടി. വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ ആദരം. തിരൂർ തുഞ്ചൻ സ്മാരകത്തിന്റെ സാരഥ്യത്തിൽ മൂന്നു പതിറ്റാണ്ട് പിന്നിടുന്ന എം.ടിയെ സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് മേയ് 16 മുതൽ 20 വരെ നീളുന്ന ‘എം.ടി ഉത്സവ’ത്തിലൂടെയാണ് ആദരിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
16ന് വൈകീട്ട് അഞ്ചിന് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥിയാവും. കായികമന്ത്രി വി. അബ്ദുറഹിമാൻ ‘കാഴ്ച എം.ടി’ പ്രദർശനം ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണൻ ആദരഭാഷണം നടത്തും.
17ന് എം.ടിയുടെ നോവൽ ഭൂമിക സെമിനാർ, കഥാചർച്ച, സ്നേഹസംഗമം എന്നിവ നടക്കും. 18ന് ‘എം.ടിയുടെ ചലച്ചിത്രകാലം’, ‘എം.ടി. എന്ന പത്രാധിപർ’, 19ന് ‘അറിയുന്ന എം.ടി. അറിയേണ്ട എം.ടി.’, ‘എം.ടി. തലമുറകളിലൂടെ’ എന്നീ സെമിനാറുകൾ നടക്കും. ജോർജ് ഓണക്കൂർ, എം.എം. ബഷീർ, ജയമോഹൻ, പി.കെ. രാജശേഖരൻ, സുഭാഷ്ചന്ദ്രൻ, കെ. രേഖ, ഹരിഹരൻ, കെ. ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽജോസ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.എൻ. കാരശ്ശേരി,
ജോൺ ബ്രിട്ടാസ് എം.പി., കെ.വി. രാമകൃഷ്ണൻ, കെ.സി. നാരായണൻ, വെങ്കിടേഷ് രാമകൃഷ്ണൻ, വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വി.കെ. ശ്രീരാമൻ, ഡോ. പി.എം. വാരിയർ, സി. ഹരിദാസ്, എം.പി. അബ്ദുസമദ് സമദാനി എം.പി, എ. വിജയരാഘവൻ, എം.ആർ. രാഘവവാരിയർ, കെ.പി. രാമനുണ്ണി തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനം കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, എ.പി. നസീമ എന്നിവർ സംസാരിക്കും. സച്ചിദാനന്ദൻ ആദരഭാഷണം നടത്തും.
എം.ടി. രചിച്ച നിർമാല്യം, ഓളവും തീരവും, വൈശാലി എന്നീ സിനിമകൾ വിവിധ ദിവസങ്ങളിൽ പ്രദർശിപ്പിക്കും. പുഷ്പവതിയുടെ പാട്ട്, അശ്വതി ശ്രീകാന്തിന്റെ നൃത്തസന്ധ്യ, ഷെർലക്ക് നാടകം, എടപ്പാൾ വിശ്വനാഥന്റെ സുകൃതഗാനങ്ങൾ, കോട്ടക്കൽ മുരളി സംവിധാനം ചെയ്ത ഗോപുരനടയിൽ നാടകം, ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാറിന്റെ ഗാനമേള എന്നിവയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ എം.എൻ. കാരശ്ശേരി, കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.