ചരിത്രം പറയുന്ന ചുവരുകൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രങ്ങൾ ചിത്രങ്ങളിലൂടെ പറയുകയാണ് ഒമാനിലെ ഒരു ഇന്ത്യൻ റസ്റ്റാറന്‍റ് 

“ഒരു വ്യക്തി മരിച്ചേക്കാം, എന്നാല്‍ ആശയം മരണശേഷവും നിലനില്‍ക്കുകയും ആയിരങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്യും’’ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ വാക്കുകളാണിത്.

വാക്കുകളുടെ മാഹാത്മ്യത്തെ ചർച്ചചെയ്യുന്നതിനപ്പുറം അത് ആലേഖനം ചെയ്ത രീതിയാണ് ഇവിടത്തെ കൗതുക കാഴ്ച. ഒമാനിലെ ഒരു റസ്റ്റാറന്‍റിലെ ചുവരുകളെ മനോഹരമാക്കിക്കൊണ്ടിരിക്കുന്നത് ഇതുപോലുള്ള അനേകം മഹദ് വചനങ്ങളാണ്.

കൂടാതെ ചുവരുകളിലൂടെ സംസാരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രങ്ങളും ചിത്രങ്ങളും മറ്റൊരു കാഴ്ച. സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതോടൊപ്പം ആയിരങ്ങൾ ചോരചിന്തി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മധുരവും നമുക്ക് ഇവിടെ നിന്ന് നുണയാം. മഹദ് വചനങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം നടത്താം.


പറഞ്ഞുവരുന്നത് ഒമാനിലെ 1947 എന്ന റസ്റ്റാറന്റിനെക്കുറിച്ചാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അലങ്കരിച്ച ഒരു റസ്റ്റാറന്‍റ്.

1947 റസ്റ്റാറന്‍റ് ഓർമപ്പെടുത്തുന്നത്…

1947, നമ്മൾ ഇന്ത്യക്കാർക്കത് വെറുമൊരു വർഷമല്ല. ബ്രിട്ടീഷ്ഭരണം അവസാനിപ്പിച്ച് ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെ തുടക്കം. തിരിച്ചുപിടിക്കലിന്റെയും കുതിച്ചുയരലിന്റെയും പടുത്തുയർത്തലുകളുടെയും പ്രാരംഭം. ആ സ്വാതന്ത്ര്യ സമരകാലത്തെയും സ്വാതന്ത്ര്യ സമര പോരാളികളേയും ഓർമപ്പെടുത്തിക്കൊണ്ടാണ് 1947 എന്ന പേരിൽ റസ്റ്റാറന്‍റ് നിർമിച്ചത്.

റസ്റ്റാറന്റിന്റെ ചുമരുകൾക്ക് പറയാനുള്ളതത്രയും നൂറ്റാണ്ടുകൾക്കുമുമ്പുള്ള പോരാട്ടങ്ങളുടെ കഥകളാണ്, സ്വാതന്ത്ര്യസമരത്തിൽ ചുക്കാൻ പിടിച്ച ധീരന്മാരുടെ കഥകൾ. ഒപ്പം സാഹോദര്യത്തിന്റെയും, മതേതരത്വത്തിന്റെയും സ്നേഹത്തിന്റെയും ഇമ്പമുള്ള ഓർമപ്പെടുത്തലുകളും.


റസ്റ്റാറന്റിന്റെ മുൻവശത്തായി സ്ഥാപിച്ച രണ്ടു പീരങ്കികൾക്കിടയിലൂടെ വേണം അകത്തേക്ക് പ്രവേശിക്കാൻ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ആയിരങ്ങള്‍ ചോരയും വിയര്‍പ്പും ഒഴുക്കിയതിന്റെ വലിയ ചരിത്രം ചുവരുകൾ പറയുന്നതിനോടൊപ്പം മുൻ വശത്തുതന്നെ വിവിധ രാജ്യങ്ങളുടെ പതാകകളും അവയുടെ ചരിത്രവും പറയുന്നുണ്ട്. വര്‍ഷങ്ങള്‍ നീണ്ട വിദേശ ഭരണം അവസാനിപ്പിച്ച് 1947 ആഗസ്റ്റ് 15ന് ഇന്ത്യ ലോകത്തിനു മുന്നില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.

അന്ന് ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നു എന്നാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കൊണ്ട് നെഹ്റു പ്രസംഗിച്ചത്. ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കുന്ന ആ ചരിത്രങ്ങളൊക്കെയും പറഞ്ഞുവെക്കുന്നുണ്ട് 1947 എന്ന റസ്റ്റാറന്റ്.


ചുമരുകളിലത്രയും സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ചെറുവിവരണവും ഒപ്പം അവരുടേതെന്ന് അടയാളപ്പെടുത്തിയ സൂക്തങ്ങളുമാണ്.

‘‘നമ്മുടെ നാടിന്റെ ചരിത്രം കേൾക്കുമ്പോൾ ഇപ്പോഴത്തെ കുട്ടികൾക്കും ഇവിടെ ജനിച്ചുവളർന്ന ഇന്ത്യക്കാർക്കും വളരെ കൗതുകമാണ്. അതൊന്നും പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ഈ ഒരു ചിന്ത ഞങ്ങളിലേക്കെത്തിയതെന്നാണ് ഹോട്ടലുടമയായ പത്തനംതിട്ടക്കാരൻ ബിബി ജേക്കബിനും കൂട്ടുകാർക്കും പറയാനുള്ളത്.

കുറേ വർഷങ്ങളുടെയും ചിന്തകളുടേയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന ഹോട്ടലുകൾ. മസ്കത്തിലെ അനന്തപുരി റസ്റ്റാറന്‍റിന്‍റെ ബ്രാഞ്ചായി പ്രവർത്തിക്കുന്ന 1947 തുടങ്ങിയിട്ട് ആറുവർഷമായി. നാട്ടിൽ കാക്കനാട് ഇൻഫോ പാർക്കിനടുത്ത് 1947 എന്നപേരിൽ തന്നെ ഞങ്ങളുടെ മറ്റൊരു റസ്റ്റാറന്റ് ഉണ്ട്. ഇതിനേക്കാൾ കുറച്ചുകൂടി വിപുലമായി ഇതേ ആശയത്തിൽ നിർമിച്ച റസ്റ്റാറന്റാണ് അതും.


1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യം കിട്ടിയതിന്റെ വാർത്തയുമായി പിറ്റേദിവസം ഇന്ത്യയിൽ വിവിധ ഭാഷകളിലായിറങ്ങിയ പത്രത്താളുകൾ ഈ ഹോട്ടലിലെ മറ്റൊരു കൗതുകമാണ്. ആളുകൾക്ക് വായിക്കാവുന്ന രീതിയിലാണ് അവയൊക്കെ തീൻമേശയിൽ സെറ്റ് ചെയ്തിരിക്കുന്നത്.

ബ്രിട്ടീഷ്‌ കോളനിവാഴ്‌ച അവസാനിപ്പിച്ച്‌ രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച് തന്റെ ജീവിതം തന്നെ വലിയൊരു സന്ദേശമാക്കിയ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ തുടങ്ങി ഇന്ത്യയുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ മുൻനിരയിൽനിന്ന, 58ാം വയസ്സിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു, സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കൂടുതൽ സജീവമാകുംവരെ അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായി തിളങ്ങിയിരുന്ന ഡോ. രാജേന്ദ്ര പ്രസാദ്, ഭരണഘടനാ ശിൽപിയെന്ന് അറിയപ്പെടുന്ന അംബേദ്കർ, മൗലാന അബുൽ കലാം ആസാദ്, ഝാൻസി റാണി, ഗോപാലകൃഷ്ണ ഗോഖലെ, ടിപ്പു സുൽത്താൻ അങ്ങനെ തുടങ്ങി ഒട്ടുമിക്ക ധീര സ്വാതന്ത്ര്യ സമര സേനാനികളെയും ഓർമപ്പെടുത്തുന്നുണ്ട് ഓരോ ചുമരുകളും.


എല്ലാ പോയകാലത്തിന്റെ രേഖപ്പെടുത്തലുകളും ഓർമിക്കപ്പെടേണ്ടവയാണെന്ന് പറഞ്ഞുവെക്കുന്നു ഒമാനിലെ ഈ 1947 റസ്റ്റാറന്‍റിന്‍റെ ചുവരുകൾ.

Tags:    
News Summary - Walls that tell history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT