ചിത്രങ്ങൾ: ഡോ. ധനീഷ് ഭാസ്കർ

'ശത്രുപക്ഷത്ത് നിന്നവരാൽ പോലും ആദരിക്കപ്പെട്ടവർ'; മാപ്പിള മുസ്​ലിങ്ങളും രണ്ട് പുൽച്ചാടികളും തമ്മിലെന്താണ് ബന്ധം?

കേരളത്തിലെ മാപ്പിള മുസ്​ലിങ്ങളും പതിറ്റാണ്ടുകൾക്ക് മുമ്പ് പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ രണ്ടിനം പുൽച്ചാടികളും തമ്മിലെന്താണ് ബന്ധം? ശത്രുപക്ഷത്തുണ്ടായിരുന്ന ബ്രിട്ടീഷുകാരാൽ പോലും ആദരിക്കപ്പെട്ടവരാണ് കേരളത്തിലെ മാപ്പിളമാർ എന്ന്, 'മോപ്ല ഗട്ടേറ്റ', 'മോപ്ല റൂബ്ര' എന്നീ രണ്ട് പുൽച്ചാടിയിനങ്ങളെ മുൻനിർത്തി വിശദീകരിക്കുകയാണ് ഇന്ത്യയിലെ പുൽച്ചാടി ഗവേഷണത്തിൽ നിർണായക പഠനങ്ങൾ നടത്തിയ ഡോ. ധനീഷ് ഭാസ്കർ.

മലബാറും മലബാറിലെ മുസ്​ലിങ്ങളും 1940ൽ പുൽച്ചാടിയിലൂടെ ഒരു ബ്രിട്ടീഷ് ഗവേഷകനാൽ ആദരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായ മലബാർ സമരത്തെ അപ്രസക്തമാക്കാനും വർഗീയ ലഹളയായി മുദ്രകുത്താനും ശ്രമങ്ങൾ നടക്കുന്ന കാലത്ത് 'മാപ്ല'മാരോടുള്ള ആദരസൂചകമായി ജീവിവർഗങ്ങൾക്ക് ബ്രിട്ടീഷ് ഗവേഷകർ പേര് നൽകിയ ചരിത്രം നാം അറിഞ്ഞിരിക്കണമെന്നാണ് ഡോ. ധനീഷ് ഭാസ്കർ പറയുന്നത്.



(ഡോ. ധനീഷ് ഭാസ്കർ)

 

ചരിത്രം പുൽച്ചാടിയിലൂടെ -ഡോ. ധനീഷ് ഭാസ്കർ

മലബാറും, മലബാറിലെ മുസ്​ലിങ്ങളും 1940 ൽ പുൽച്ചാടിയിലൂടെ ഒരു ബ്രിട്ടീഷ് ഗവേഷകനാൽ ആദരിക്കപ്പെട്ടിട്ടുണ്ട്.!

1936 - 1939 കാലഘട്ടത്തിൽ പശ്ചിമഘട്ടത്തിൽ ബ്രിട്ടീഷ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും കൊളംബോ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും ചേർന്ന് നടത്തിയ പര്യവേഷണത്തിൽ കേരളത്തിലെ നിലമ്പൂർ ഭാഗത്തു നിന്നും തമിഴ്‌നാട്ടിലെ ആനമല-ടോപ്സ്ലിപ്പിൽ നിന്നുമായി കണ്ടെത്തിയ രണ്ടു പുൽച്ചാടികൾ ഉൾപ്പെടുന്ന ജനുസ്സിന് GM Henry [George Morrison Reid Henry (Sri Lanka, 1891 – England, 1983)] എന്ന ഗവേഷകൻ പേര് നൽകിയത് "MOPLA"എന്നാണ്!. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നമ്മുടെ നാട്ടിലെ മാപ്ലാർക്കുള്ള ആദരം ആയിരുന്നു അത്.

ഗവേഷണത്തിന്റെ ഭാഗമായി 2016 ൽ British Natural History Museum London UK (BNHM UK) സന്ദർശിച്ചപ്പോൾ, ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്ന ബ്രിട്ടീഷ് കോളനികളിൽ നിന്നും അവർ ശേഖരിച്ച അമൂല്യമായ നിധിപോലെ സംരക്ഷിച്ചു വരുന്ന ജീവികളുടെ "type specimens" കാണുവാനും അവയെ കുറിച്ച് പഠിക്കാനും അവസരം ലഭിച്ചിരുന്നു. നമ്മുടെ ഇന്ത്യയിൽ നിന്നും സായിപ്പ് കണ്ടെത്തി സൂക്ഷിച്ചു വെച്ചിരിക്കുന്ന ഷഡ്പദങ്ങൾ, അവയിൽ തന്നെ പുൽച്ചാടികളുടെ ശേഖരം, കണ്ടും പഠിച്ചും തീർക്കാവുന്നതിലും അപ്പുറം ആണ്. ഒരുപക്ഷെ അവിടെ ആയതു കൊണ്ട് മാത്രം ഇന്നും 100 വർഷത്തിന് മേലെ പഴക്കമുള്ള specimens വരെ കേടുകൂടാതെ അതി മനോഹരമായി നിലനിൽക്കുന്നു.

BNHM UK പുൽച്ചാടി ശേഖരത്തിലെ മറ്റ് പുൽച്ചാടികളെക്കാൾ രൂപം, നിറം, ശരീരത്തിലെ സ്വർണ നിറത്തിൽ ഉള്ള പുള്ളികൾ എന്നിവ കൊണ്ട് വ്യത്യസ്തരായ രണ്ടു പുൽച്ചാടികളെ ശ്രദ്ധയിൽപ്പെട്ടിരുന്നു. Mopla guttata & Mopla rubra (Henry, 1940) എന്ന ശാസ്ത്ര നാമത്തിൽ കടും ചുവപ്പ് നിറത്തിൽ ശരീരം മുഴുവൻ സ്വർണ പുള്ളികൾ ഉള്ള രണ്ട് പുൽച്ചാടികൾ!. 1938 ൽ നെടുംകയം-നിലമ്പൂർ ഭാഗത്ത് നിന്നും കണ്ടെത്തിയ Mopla rubra യും , 1939 ൽ തമിഴ്‌നാട്ടിലെ ആനമല-ടോപ്സ്ലിപ്പിൽ ഭാഗത്തു നിന്നും കണ്ടെത്തിയ Mopla guttata യും. രണ്ടും പെൺ പുൽച്ചാടികൾ ആയിരുന്നു.



(ചിത്രം: ഡോ. ധനീഷ് ഭാസ്കർ)

അവയെ കണ്ടു പിടിച്ചു പേരിട്ട Henry യും പുൽച്ചാടി പഠനമേഖലയിൽ തലതൊട്ടപ്പനായ Sir Boris P Uvarov ഉം തമ്മിൽ Mopla യെ കുറിച്ച് നടന്ന ഒരു ചർച്ചയുടെ വിശദാംശങ്ങളും രസമുള്ളതായിരുന്നു. 'Mopla ഇന്ത്യ ഉൾപ്പെടുന്ന Old-World മേഖലയിൽ കാണുന്ന പുൽച്ചാടികളോട് സാമ്യം ഉള്ളതല്ല എന്നും, രൂപത്തിലും, നിറത്തിലും, ശരീരത്തിലെ പുള്ളികളിലും അവ Neotropical മേഖലയിൽ ഉള്ള പുൽച്ചാടികളോട് സാമ്യം ഉള്ളതാണെന്നും ആയിരുന്നു അവരുടെ സംശയം. പക്ഷെ, കയ്യിൽ ഉള്ള പെൺ പുൽച്ചാടികളുടെ specimen ഉപയോഗിച്ച് ഈ സംശയം നീക്കാൻ കഴിയില്ല എന്നും, ഒരു ആൺ Mopla യെ കിട്ടിയാൽ കൂടുതൽ പഠനം തുടരാം എന്നതും ആയിരുന്നു അവരുടെ ചർച്ചയുടെ അവസാനം.

Mopla യെ കുറിച്ച് മ്യൂസിയത്തിൽ ലഭ്യമായ വിവരങ്ങൾ എല്ലാം ശേഖരിച്ചു അവിടെ നിന്ന് ഇറങ്ങുമ്പോൾ ഇത്ര ഭംഗിയുള്ള ചങ്ങായിമാരെ ഇക്കണ്ട കാടൊക്കെ നടന്നിട്ടും ഞാൻ കണ്ടില്ലല്ലോ എന്നൊരു ഇതുണ്ടായിരുന്നു ഉള്ളിൽ.!

തിരിച്ചു വന്ന് PhD ഗവേഷണത്തിന്റെ ഭാഗമായി പറമ്പിക്കുളത്തും ഇരവികുളത്തും കാട് കേറി നടക്കുമ്പോൾ ഇങ്ങനെ ചില exclusive പുൽച്ചാടികൾ കാണേണ്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പറമ്പികുളത്തു നിന്നും ഒരു ആൺ Mopla യെ കിട്ടി. ഏകദേശം 76 വർഷങ്ങൾക്ക് ശേഷം Mopla യുടെ മൂന്നാമത്തെ specimen, പണ്ട് ആനമല ഭാഗത്തു നിന്ന് അവർക്ക് കിട്ടിയതിനു 3 KM അപ്പുറം നമ്മുടെ പറമ്പിക്കുളം കടുവ സങ്കേതത്തിൽ നിന്ന്. പിന്നീടുള്ള ഒരു വർഷം ഒന്ന് രണ്ടെണ്ണത്തിനെ കൂടെ കിട്ടുമോ എന്ന തിരച്ചിൽ തുടർന്ന്, കിട്ടിയില്ല!. ആകെ ഉള്ള ഒരെണ്ണത്തിനെ വെച്ച് കീറി-മുറിച്ചുള്ള പഠനങ്ങൾ റിസ്‌ക്‌ ആയതു കൊണ്ട് പിന്നേയും തിരഞ്ഞു, കിട്ടിയില്ല!. അങ്ങനെ Mopla ഉൾപ്പെടുന്ന Catantopinae എന്ന Sub family യിൽ വർക്ക് ചെയുന്ന CHF Rowell എന്ന ശാസ്ത്രജ്ഞനുമായുള്ള ചർച്ച, അദ്ദേഹത്തിന്റെ സഹായത്തോടെ ആകെയുള്ള ഒരു Mopla specimen കീറി മുറിച് Genetalia ഉപയോഗിച്ചുള്ള പഠനം, 2018 ൽ Switzerland ലെ Geneva മ്യൂസിയത്തിൽ പോയപ്പോൾ അവിടെ Apls ൻറ താഴവരയിൽ Rowell ൻറെ ലാബിൽ 10 ദിവസം.!

ഒടുവിൽ 2020 ൽ Mopla യെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങളോടെ ഒരു ഗവേഷണ പ്രബന്ധം. പിന്നീട്, ഇപ്പോൾ തുടരുന്ന IUCN Grasshopper redlist assessment പഠനത്തിലും Mopla യെ തിരയുന്നുണ്ട്. ഒന്ന് രണ്ട് സ്ഥലങ്ങളിൽ നിന്നും 2021 ൽ കിട്ടി. അത്രയ്ക്ക് അപൂർവമായ ഒരു പുൽച്ചാടി വർഗം!!.

സാധാരണ ജീവികൾക് പേരിടുമ്പോൾ പല മാർഗരേഖകൾ സ്വീകരിക്കാറുണ്ട്. അവയെ കണ്ടു വരുന്ന സ്ഥലം, കണ്ടു പിടിച്ച ആളുകൾ, അതുമല്ലെങ്കിൽ ആ മേഖലയിൽ തന്നെ പ്രവർത്തിക്കുന്നവരോടുള്ള ആദരസൂചകമായി അങ്ങനെ ഒക്കെ!. പക്ഷെ നമ്മുടെ നാട്ടിൽ 1921 ന് ശേഷം വെറും 20 വര്ഷം ഇപ്പുറം കണ്ടുപിടിച്ച പുൽച്ചാടിക്ക് ഒരു ബ്രിട്ടീഷ് ഗവേഷകൻ "Mopla - മാപ്ല" എന്ന് പേര് നൽകിയത്, അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളിൽ "Moplas, a Moslem tribe inhabiting the Malabar region of south India" അവർ ആദരിക്കപ്പെടേണ്ടവരായിരുന്നു, അല്ലെങ്കിൽ ആണ് എന്നതിനുള്ള ഉദാഹരണമാണ്. 

ശത്രുപക്ഷത്ത് നിന്നവരാൽ പോലും ആദരിക്കപ്പെട്ടവരാണ് അവർ..! 


Full View


Tags:    
News Summary - What is the connection between the Muslims of Kerala and the two grasshoppers?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT