നൃത്ത ഗുരൂമുഖങ്ങളുടെ ഉത്സവത്തിന് പരിസമാപ്തി

തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് ക്ലാസിക്കൽ നൃത്തകലയുടെ ഉത്സവ രാവുകൾ പകർന്ന പദ്‌മവിഭൂഷൺ ഡോ. കപിലാ വാത്സ്യായൻ ദേശീയ നൃത്തോത്സവത്തിന് നിറഞ്ഞ സദസിന്റെ ഹർഷാരവത്തോടെ പരിസമാപ്തി. സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത മന്ത്രി സജി ചെറിയാൻ നാഷണൽ യങ്ങ് ടാലന്റ് ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു. മെയ് മാസത്തിൽ കാസർഗോഡ്, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ ഓരോരിടത്തും മൂന്ന് ദിനങ്ങൾ വീതം നീണ്ടുനിൽക്കുന്ന ദേശീയ യുവ നൃത്തോത്സവമാണ് അരങ്ങേറുക.

പത്മവിഭൂഷൺ ഡോ. കപിലാ വാത്സ്യായന്റെ നാമധേയത്തിൽ ഒരുക്കിയ രാജ്യത്തെ ശ്രദ്ധേയ ഫെസ്റ്റിവലിന്റെ രണ്ടാം അദ്ധ്യായത്തിൽ പദ്മശ്രീയും പദ്മവിഭൂഷണും, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളും ഉൾപ്പെട്ട നൃത്ത രംഗത്തെ ഗുരൂ മുഖങ്ങളാണ് അണിനിരന്നത്. ഇതിനൊപ്പം വിഖ്യാത നൃത്ത പ്രതിഭകളെ കുറിച്ചുള്ള ഓർമ്മ പ്രഭാഷണങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, സാംസ്‌കാരിക കൂട്ടായ്മ, ആദരം എന്നിവയും സംഘടിപ്പിച്ചു.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. പന്തളം സുധാകരൻ, കെ. മധുപാൽ, മാധവ ദാസ്, എസ്.രാധാകൃഷ്ണൻ, അഡ്വ.റോബിൻ സേവ്യർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഡോ കപിലാ വാത്സ്യായനെ കുറിച്ചുള്ള പ്രത്യേക അനുസ്മരണം പത്മശ്രീ ഭാരതി ശിവജി നിർവ്വഹിച്ചു. പത്മശ്രീ. ഗീതാ ചന്ദ്രൻ, വൈജയന്തി കാശി, ഗുരു വി. മൈഥിലി, ഡോ.നീന പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പത്മശ്രീ. ഗീതാ ചന്ദ്രന്റെ ഭരതനാട്യവും, വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും നിറഞ്ഞ സദസിൽ അരങ്ങേറി.  

Tags:    
News Summary - The Festival of Dance Gurus concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.