തോപ്പിൽ ഭാസി

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി': ആദ്യ തിരശ്ശീല ഉയർന്നിട്ട് എഴുപതാണ്ട്

ആലപ്പുഴ: അതുല്യനാടകകാരനും തിരക്കഥാകൃത്തുമായി നിറഞ്ഞുനിന്ന തോപ്പിൽ ഭാസിയെ മലയാളമണ്ണിന്‌ നഷ്‌ടമായിട്ട്‌ മൂന്ന്‌ പതിറ്റാണ്ട്‌. 1992 ഡിസംബർ എട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിന് തിരശ്ശീല വീണത്.തോപ്പിൽ ഭാസി നീതികേടുകൾക്കെതിന്‍റെ തന്‍റെ നാടകങ്ങളിലൂടെ സമൂഹത്തെ സമരസജ്ജരാക്കുകയായിരുന്നു.

'നിങ്ങളെന്നെ കമ്യൂണിസ്‌റ്റാ'ക്കി അടക്കം കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ തഴച്ചുവളരാൻ വളക്കൂറുള്ള മണ്ണൊരുക്കിയ നാടകകുലപതിയായാണ്‌ തോപ്പിൽ ഭാസി അറിയപ്പെടുന്നത്. കേരള ചരിത്രത്തിന്റെ ഭാഗമായ ശൂരനാട്‌ സംഭവത്തിൽ പ്രതിയാകുകയും കുടിലുകളിലും മാടങ്ങളിലും ഒളിവുജീവിതം നയിക്കുകയും ചെയ്‌ത ഭൂതകാലവും ഭാസിക്കുണ്ടായിരുന്നു. മനുഷ്യന്റെയും സമൂഹത്തിന്റെയും മനസ്സിനെ ആഴത്തിൽ പഠിച്ച്‌ ഭാസിയിലെ നാടകകാരൻ ജനിക്കുന്നത്‌ അക്കാലത്താണ്‌.

1924 ഏപ്രിൽ എട്ടിന്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ ശക്തിദുർഗങ്ങളിലൊന്നായ വള്ളികുന്നം ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസ്‌കരപിള്ളയെന്ന തോപ്പിൽ ഭാസി ജനിച്ചത്. പിതാവ് പരമേശ്വരൻപിള്ള, മാതാവ് നാണിക്കുട്ടിയമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി സ്‌കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചങ്ങൻകുളങ്ങര സംസ്‌കൃത സ്‌കൂളിൽനിന്ന്‌ ശാസ്‌ത്രി പരീക്ഷ ജയിച്ചു.

തിരുവനന്തപുരം ആയുർവേദ കോളജിൽനിന്ന്‌ വൈദ്യകലാനിധി പാസായി. ആയുർവേദ കോളജിൽ പഠിക്കുന്ന സമയത്തുതന്നെ വിദ്യാർഥി കോൺഗ്രസിൽ അംഗമായി. നിയമസഭ സ്‌പീക്കറായ ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനുമാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുമായി അടുപ്പിച്ചത്‌. 1957ലെ പൊതുതെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന്‌ ഒന്നാം കേരള നിയമസഭയിൽ അംഗവുമായി.

ഒളിവിലിരിക്കെ ഭാസി 'മുന്നേറ്റം' എന്ന ഏകാങ്കനാടകം സോമൻ എന്ന തൂലികനാമത്തിൽ രചിച്ചു. ശൂരനാട്‌ കേസിലെ പ്രതികൾക്ക്‌ കേസ്‌ നടത്താൻ രൂപവത്കരിച്ച ഡിഫൻസ്‌ കമ്മിറ്റിക്ക്‌ പണം സമാഹരിക്കാൻ നാടകം പിന്നീട്‌ പുസ്‌തകമാക്കി. ആ നാടകം വികസിപ്പിച്ചതാണ്‌ 'നിങ്ങളെന്നെ കമ്യൂണിസ്‌റ്റാ'ക്കി. 1952 ഡിസംബർ ആറിന്‌ ചവറ തട്ടാശേരി മൈതാനത്തെ ഓലമേഞ്ഞ സുദർശന ടാക്കീസിലായിരുന്നു ആദ്യ അവതരണം.

മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കൈയും തലയും പുറത്തിടരുത്, സർവേക്കല്ല്, സൂക്ഷിക്കുക ഇടതുവശം ചേർന്ന് പോകുക തുടങ്ങിയവ മറ്റ്‌ പ്രധാന നാടകങ്ങളാണ്‌. കാളിദാസന്റെ 'അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി വേദിയിലെത്തിച്ചു. 'ഒളിവിലെ ഓർമകളാണ്‌ 'ആത്മകഥ.

1961ൽ 'മുടിയനായ പുത്രൻ' എന്ന തന്റെ നാടകത്തിന് ചലച്ചിത്രഭാഷ്യം നൽകിയാണ് ഭാസിയുടെ സിനിമ പ്രവേശനം. തുടർന്ന് അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. 1970ൽ 'നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി' എന്ന സിനിമ സംവിധാനം ചെയ്‌ത്‌ സംവിധാനരംഗത്ത് ചുവടുവെച്ചു. പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്‌തു. ആദ്യകിരണങ്ങൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, തുലാഭാരം എന്നീ സിനിമകളിൽ വേഷമിട്ടു. 'പ്രേമവും ത്യാഗവും' എന്ന ചെറുകഥ സമാഹാരം, 'ഒളിവിലെ ഓർമകൾക്കുശേഷം' എന്ന സ്‌മരണ സമാഹാരം എന്നിവയും രചിച്ചു.

ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണിയമ്മയായിരുന്നു തോപ്പിൽ ഭാസിയുടെ ഭാര്യ. കഴിഞ്ഞവർഷം ജൂലൈ 15നാണ്‌ അവർ മരിച്ചത്‌. സോമൻ (അഭിഭാഷകൻ), മാല, സുരേഷ് (ബിസിനസ്), പരേതരായ തോപ്പിൽ അജയൻ (സിനിമ സംവിധായകൻ), രാജൻ എന്നിവരാണ്‌ മക്കൾ.

Tags:    
News Summary - 'You Made Me a Communist': It's seventy years since the first curtain rose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.