ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികളെ ബി.ജെ.പി വിലക്കെടുത്തുവെന്ന് കെജ്രിവാൾ

പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, കോൺഗ്രസ് സ്ഥാനാർഥികൾ തമ്മിൽ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അ​​​രവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ കോൺഗ്രസ് സ്ഥാനാർഥികൾ ബി.ജെ.പിയിലെത്തുമെന്നായിരുന്നു കെജ്രിവാളിന്റെ പ്രചാരണം.

സാൽസെറ്റ് താലൂക്കിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകിട്ട് മൂന്നുദിവസ​​ത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാൾ ഗോവയിലെത്തിയിരുന്നു.

'ഗോവയിലെ ജനങ്ങൾക്ക് രണ്ടു വഴികളാണുള്ളത്. ഒന്ന് സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്ത് സത്യസന്ധമായ സർക്കാറിനെ അധികാരത്തിലെത്തിക്കുക. അല്ലെങ്കിൽ പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പിക്ക് വോട്ട് ചെയ്യുക. മറ്റേതൊരു പാർട്ടിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിയിലെത്തും. കഴിഞ്ഞതവണ കോൺഗ്രസിന് വോട്ട് ചെയ്തു, എം.എൽ.എമാർ ബി.ജെ.പിയിലെത്തി. ഇത്തവണ കേൾക്കുന്നത് ബി.ജെ.പി നേരത്തേതന്നെ കോൺഗ്രസിലെ ആളുകളെ വിലക്കെടുക്കുകയും​ കോൺഗ്രസ് സ്ഥാനാർഥി ടിക്കറ്റ് നേടാൻ സഹായിക്കുകയും ചെയ്തുവെന്നുമാണ്. ജയിച്ചുകഴിയുമ്പോൾ അവർ നേരെ ബി.ജെ.പിയിലെത്തും' -കെജ്രിവാൾ പറഞ്ഞു.

കോൺഗ്രസിന്റെ സ്വാധീന മേഖലയാണ് സാൽസെറ്റ്. ഇവിടെ ബി.ജെ.പിയിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പുള്ള കോൺഗ്രസ് സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നതെന്നും കെജ്‍രിവാൾ ആരോപിച്ചു.

'സാൽസെറ്റ് കോട്ട പിടിച്ചടുക്കാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞു. അതിനാൽ ഇവിടെ കോൺഗ്രസിന് കീഴിൽ ഏഴ് സ്ഥാനാർഥികളെ നിർത്തി ബി.ജെ.പി അവർക്ക് ധനസഹായം നൽകുന്നു' -കെജ്രിവാൾ കൂട്ടിച്ചേർത്തു.

ഗോവയിലെ എ.എ.പിയുടെ ചുമതലയുള്ള ആതിഷിയും കോൺഗ്രസിനെയും ബി.ജെ.പിയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് എം.എൽ.എമാരെ വിലകൊടുത്ത് വാങ്ങാൻ കഴിയുമെന്ന് ബി.ജെ.പിക്ക് അറിയാം. അതിനാൽ അവർ കോൺഗ്രസ് സ്ഥാനാർഥികളുമായി കരാർ ഉണ്ടാക്കികഴിഞ്ഞു. അവർ തെരഞ്ഞെടുപ്പ് കഴിയാൻ പോലും കാത്തിരുന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി. 

Tags:    
News Summary - BJP Already Purchased Congress Candidates in Goa Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.