പനജി: ഗോവ അസംബ്ലി സീറ്റുകളിൽ നാലിലൊന്ന് ഇക്കുറി ദമ്പതികൾ കൈയടക്കുമോ...? വിവിധ പാർട്ടികൾ ഇക്കുറി ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ ദമ്പതികളെ രംഗത്തിറക്കിയിട്ടുണ്ട്. അവരെല്ലാം ജയിച്ചാൽ 40 അംഗ നിയമസഭയിലെ നാലിലൊന്ന് ദമ്പതികളുടെ കൈയിലെത്തും.
ബി.ജെ.പിയും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ദമ്പതികളെ മത്സരത്തിനിറക്കിയിട്ടുണ്ട്. ബി.ജെ.പി രണ്ട് ദമ്പതികളെ രംഗത്തിറക്കിയപ്പോൾ കോൺഗ്രസും തൃണമൂലും ഓരോ ദമ്പതികൾക്കാണ് ടിക്കറ്റ് നൽകിയത്. കൂടാതെ മറ്റൊരു ബി.ജെ.പി നേതാവിന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരത്തിനുണ്ട്.
ബി.ജെ.പി നേതാവും ആരോഗ്യമന്ത്രിയുമായ വിശ്വജിത്ത് റാണെക്കും ഭാര്യ ദേവിയക്കും പാർട്ടി സീറ്റ് നൽകിയിട്ടുണ്ട്. വിശ്വജിത് റാണെ മത്സരിക്കുന്നത് വാൽപോയി മണ്ഡലത്തിൽനിന്നാണ്. എന്നാൽ, ദേവിയ മത്സരിക്കുന്നത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പോറിയത്തിലാണ്. ഇവിടെ ദേവിയയുടെ എതിർ സ്ഥാനാർഥിയാകട്ടെ ഭർത്താവ് വിശ്വജിത്ത് റാണെയുടെ പിതാവ് പ്രതാപ് സിങ് റാണെയാണ്. അമ്മായിയച്ഛനും മരുമകളും നേർക്കുനേർ കൊമ്പുുകോർക്കുന്ന മണ്ഡമായി പോറിയം ശ്രദ്ധ നേടിയിരിക്കുകയാണ്. ദേവിയയുടെ കന്നി മത്സരമാണിത്.
2019 ൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേക്കേറിയ എട്ട് എം.എൽ.എമാരിൽ ഒരാളായ അതനാസിയോ മോൺസെരാറ്റെയും പത്നി ജെനിഫർ മോൺസെരാറ്റെയുമാണ് ബി.ജെ.പിയുടെ രണ്ടാമത്തെ ദമ്പതി സ്ഥാനാർഥികൾ. അതനാസിയ പനജിയിൽ നിന്ന് ജനവിധി തേടുമ്പോൾ ജെനിഫർ തലെയ്ഗാവോയിലാണ് മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ് ലേക്കർ ക്യുവെപെം സീറ്റിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ പത്നി സാവിത്രി കാവ് ലേക്കർക്ക് സങ്ക്വം മണ്ഡലത്തിൽ നൽകാൻ ബി.ജെ.പി തയാറായില്ല. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയിരിക്കുകയാണ് സാവിത്രി കാവ് ലേക്കർ. 2017 ൽ ഇവർ രണ്ടുപേരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചവരുമാണ്.
കോൺഗ്രസ് സ്ഥാനാർഥികളായ മൈക്ക്ൾ ലെബോയും പത്നി ദലൈലയുമാണ് അടുത്ത ദമ്പതികൾ. രണ്ടുപേരും ബി.ജെ.പിയിൽ നിന്ന് കൂടുമാറി കോൺഗ്രസിലെത്തിയതാണ്. കലൻഗ്യൂട്ട് മണ്ഡലത്തിലാണ് ലബോ മത്സരിക്കുന്നത്. ദലൈല സിയോലിമിലും. തൃണമൂൽ കോൺഗ്രസിലെ കിരൺ കണ്ടോൽകറും പത്നി കവിതയും മത്സരത്തിനുണ്ട്. കിരൺ അൽഡോണയിലും കവിത തിവിമിലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.