ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകുമോ? ചുണ്ടിനും കപ്പിനുമിടയിൽ അധികാരം നഷ്ടപ്പെട്ട് തകർന്നുപോയ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമോ? ബദലാകാൻ വിരുന്നെത്തിയ ആപ്, തൃണമൂൽ പാർട്ടികൾക്ക് ചലനമുണ്ടാക്കാൻ കഴിയുമോ? ഇവക്കുള്ള ഉത്തരം ഗോവൻ ജനത തിങ്കളാഴ്ച വോട്ടായി രേഖപ്പെടുത്തും.
ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് നേർക്കുനേർ പോര്. ആപും തൃണമൂലും കോൺഗ്രസ് വോട്ട് ഭിന്നിപ്പിക്കുന്നതോടെ ഭരണവിരുദ്ധവികാരം മറികടന്ന് അധികാരത്തുടർച്ച സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഭൂരിപക്ഷം ലഭിച്ചാൽ ഡോ. പ്രമോദ് സാവന്ത് തന്നെയാകും മുഖ്യമന്ത്രി. മുഖ്യമന്ത്രിപദ മോഹവുമായി വിശ്വജിത് റാണെയുമുണ്ട്.
പരീകറുടെ മരണശേഷം മുഖ്യനാകാൻ വിശ്വജിത് ചരടുവലിച്ചെങ്കിലും പാർട്ടിയുടെ തണലിൽ വളർന്ന ആർ.എസ്.എസുകാരനായ പ്രമോദ് സാവന്ത് മതിയെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സാൻക്വിലീമിൽ ഹാട്രിക് ജയപ്രതീക്ഷയിലാണ് സാവന്ത്.
ജയസാധ്യതയുള്ള നേതാക്കൾക്കായി മണ്ഡലങ്ങളിൽ സർവേ നടത്തിയ ബി.ജെ.പി സാധ്യതയുള്ള മറ്റു പാർട്ടി നേതാക്കളെക്കൂടി പാട്ടിലാക്കി. 25 ശതമാനം ക്രിസ്ത്യാനികളുള്ള ഗോവയിൽ 12 ക്രിസ്ത്യൻ സ്ഥാനാർഥികളെ ബി.ജെ.പി രംഗത്തിറക്കി.
അതേസമയം, ഏഴിടങ്ങളിൽ വിമതർ ബി.ജെ.പിക്ക് പ്രതികൂലമായേക്കും. പനാജിയിൽ പരീകറുടെ മകൻ ഉത്പൽ പരീകറും മാൻഡ്രേമിൽ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും സ്വതന്ത്രരായി മത്സരിക്കുന്നു. തന്നെ തഴഞ്ഞ് അച്ഛന്റെ രാഷ്ട്രീയ എതിരാളി, കോൺഗ്രസ് വിട്ടെത്തിയ അതനാസിസോ മോൻസെരട്ടെക്ക് പനാജിയിൽ ടിക്കറ്റ് നൽകിയതാണ് ഉത്പലിനെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ആരാകുമെന്ന് സൂചനയില്ലെങ്കിലും കോൺഗ്രസിൽ നിലവിൽ മുതിർന്ന നേതാവ് മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്താണ്. പരീകറെപോലെ സർവസമ്മതൻ. ബി.ജെ.പി വിട്ടെത്തിയ മുൻ മന്ത്രി മൈക്ക്ൾ ലോബോയാണ് പിന്നെയുള്ളത്.
വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി പ്രതാപ്സിങ് റാണെ അവസാന നിമിഷം പിന്മാറിയത് കോൺഗ്രസിന് തിരിച്ചടിയാണ്. സട്ടാരിയിലെ പോറീം മണ്ഡലവുംകൂടി ഇതോടെ ബി.ജെ.പിക്ക് സ്വന്തമായേക്കും.
മറ്റൊരു മണ്ഡലം വൽപൊയി കഴിഞ്ഞ തവണ പ്രതാപ് സിങ് റാണെയുടെ മകൻ വിശ്വജിത്തിന്റെ കൂറുമാറ്റത്തിലൂടെ ബി.ജെ.പിക്കൊപ്പമായി. വിശ്വജിത്തിന്റെ ഭാര്യ ഡോ. ദിവ്യയാണ് പോറീമിലെ ബി.ജെ.പി സ്ഥാനാർഥി. ഗോവൻ പൈതൃകം നിലനിൽക്കാനായി പോരാടുന്ന അഭിഭാഷകൻ അമിത് പലേക്കറെ ആപ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.