മുംബൈ: മുഖ്യമന്ത്രിപദമാണ് 50കാരനായ വിശ്വജിത് റാണെയുടെ ലക്ഷ്യം. അതിന് പാർട്ടി ഏതെന്നത് വിഷയമല്ല. പാർട്ടി നോക്കേണ്ട, എന്നിൽ മാത്രം വിശ്വസിക്കൂ എന്നതാണ് നയം. കോൺഗ്രസിലെ ദിഗംബർ കാമത്ത് (2007), ബി.ജെ.പിയിലെ മനോഹർ പരീകർ (2017), ഡോ. പ്രമോദ് സാവന്ത് സർക്കാറുകളിൽ ആരോഗ്യമന്ത്രിയായിരുന്നു. ഗോവൻ രാഷ്ട്രീയത്തിലെ കാരണവരും 11 തവണ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവും പിതാവുമായ പ്രതാപ് സിങ് റാണെയെ 'ഭീഷണിപ്പെടുത്തി' വീട്ടിലിരുത്തി തന്റെ ലക്ഷ്യത്തിലേക്ക് കരുക്കൾ നീക്കുകയാണ് ഇത്തവണ.
സത്തരി താലൂക്കിലെ വൽപൊയിയിലാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്. തൊട്ടടുത്ത മണ്ഡലമായ പൊറിമിൽ ഭാര്യ ദിവ്യയും ബി.ജെ.പി ടിക്കറ്റിൽ സ്ഥാനാർഥിയാണ്. 2007ലാണ് മത്സരരംഗത്തിറങ്ങുന്നത്. 2010ൽ കോൺഗ്രസിലേക്കു മടങ്ങിയ വിശ്വജിത്തിനെ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മനോഹർ പരീകർ പ്രയത്നിച്ചെങ്കിലും നടന്നില്ല. 2017ലെ തെരഞ്ഞെടുപ്പിൽ വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാറുണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ വീണ്ടും പാർട്ടി വിട്ടു. സത്തരിയിലെ ഭൂമിയുടെ മുക്കാൽ പങ്കും വിവിധ റാണെ കുടുംബങ്ങളുടേതാണ്. അവിടെ കഴിയുന്നവർക്ക് റാണെമാരെ ധിക്കരിക്കാനാകില്ല. കുടുംബപ്പേര് റാണെയല്ലെങ്കിൽ തെരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശുപോലും കിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.