കേട്ടാൽ തമാശ. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പശുവിന് മനുഷ്യരേക്കാൾ പ്രാധാന്യമോ? എന്നാൽ പശുസംരക്ഷണവും ഗോവധവും നയമാക്കിയ യോഗി സർക്കാറിനെ പശുതന്നെ ശിക്ഷിക്കുന്ന സ്ഥിതിയാണ്. ആന കരിമ്പിൻ കാട്ടിൽ ഇറങ്ങിയ പോലെ, അലഞ്ഞു തിരിയുന്ന കാലിക്കൂട്ടങ്ങൾ വിള നശിപ്പിക്കുമ്പോൾ സർക്കാർ ഒന്നും ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബാന്ദ ജില്ലയിലെ ദശരഥ്പുർ ഗ്രാമക്കാർ വോട്ടെടുപ്പുതന്നെ ബഹിഷ്കരിച്ചു.
പശു വോട്ടു തിന്നുമെന്ന ആശങ്ക വർധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയെല്ലാം പ്രസംഗങ്ങളിൽ പശു പ്രത്യേക പരാമർശം നേടുകയാണ്. യു.പി തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ പശുസംരക്ഷണത്തിനും അലഞ്ഞു തിരിയുന്ന കാലികൾക്കുമായി പ്രത്യേക നയം തന്നെ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം മോദി കർഷകർക്ക് നൽകിയ വാഗ്ദാനം. ഗോവധ നിരോധനവും കാലി സംരക്ഷണവും കൂടുതൽ ഫലപ്രദമായി നടപ്പാക്കുമെന്ന് യോഗി. തിരക്കിട്ട് താൽക്കാലിക ഗോശാലകൾ പലേടത്തും തട്ടിക്കൂട്ടിയിട്ടുമുണ്ട്.
പ്രതിപക്ഷവും കളമറിഞ്ഞു കളിക്കുന്നു. അഞ്ചു വർഷം മുമ്പ് ഇങ്ങനെയൊരു പ്രശ്നം ഇല്ലാതിരുന്നതു ചൂണ്ടിക്കാണിക്കുകയാണ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യു.പി ഭരണം കോൺഗ്രസിനു കിട്ടിയാൽ ഛത്തിസ്ഗഢ് സർക്കാർ നടപ്പാക്കിയ മാതിരി സംവിധാനം കൊണ്ടുവരുമെന്നാണ് പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം. കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ സർക്കാർ ചാണകം വാങ്ങും. അലഞ്ഞു തിരിയുന്ന കാലികൾ വിള നശിപ്പിച്ചാൽ കർഷകർക്ക് 3,000 രൂപ നഷ്ടപരിഹാരം നൽകുമെന്നുമുണ്ട് വാഗ്ദാനം.
ഇതിനെല്ലാമിടയിൽ പശുവിന്റെ പേരിൽ അധികൃതർ ഖജനാവ് മുടിക്കുന്ന കഥയും വെളിച്ചത്തു വരുന്നു. ഗോശാല കെട്ടാനും അവിടെ എത്തിക്കുന്ന പശുവിനെ പോറ്റാനും സംസ്ഥാന സർക്കാർ ചെലവിടുന്നത് കോടികൾ. പാവം പശുവിന് പട്ടിണിയും പൊതിരെ തല്ലുമാണ് കിട്ടുന്നതെങ്കിൽ, സർക്കാർ ഫണ്ടു കൊണ്ട് ബി.ജെ.പിക്കാരായ പ്രാദേശിക പശുപാലന്മാർ തടിച്ചു കൊഴുക്കുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കണക്കുകളിലേക്ക് വന്നാൽ, 2019ലെ കാലി സെൻസസ് പ്രകാരം ചുരുങ്ങിയത് 16 ലക്ഷം കാലികൾ യു.പിയിൽ അലഞ്ഞു തിരിയുന്നു. യോഗി വന്ന 2017നു ശേഷം ഇവയുടെ കുറഞ്ഞ വർധന 17 ശതമാനമാണ്. പശുക്കളെയും കാളകളെയും കശാപ്പു ചെയ്യാനോ വിൽക്കാനോ പാടില്ലെന്ന നിയമം യോഗി വന്ന ശേഷം യു.പിയിൽ കർക്കശം. അതുകൊണ്ട്, കറവ വറ്റിയതിനെയും ഏന്തി വലിഞ്ഞു നടക്കുന്നതിനെയുമൊക്കെ ഗ്രാമീണർ കയറൂരി വിട്ട് സമൂഹത്തിന് സംഭാവന ചെയ്യുന്നു. ശിഷ്ടകാലം ഗോശാലയിൽ സുഖവാസമാണ് സർക്കാർ വിധിച്ചിട്ടുള്ളതെങ്കിലും അതൊക്കെ കടലാസിലായതിനാൽ പശു ഗതികിട്ടാതെ അലയുന്നു. വിശപ്പകറ്റാൻ മുന്നിൽക്കാണുന്ന പച്ചപ്പിലേക്ക് പാഞ്ഞു കയറുന്നു. കരിമ്പും ചോളവും കടുകുമെല്ലാം കൂട്ടത്തോടെ തിന്നു നശിപ്പിക്കുന്നു.
പശുവിനെ പേടിച്ച് മുള്ളുവേലി മുതൽ സാരിയും കീറച്ചാക്കുമൊക്കെ നെടുനീളത്തിൽ കെട്ടിയ പാടങ്ങൾ യു.പിയിൽ ഇപ്പോൾ സാധാരണ കാഴ്ച. രാത്രിയും പകലും കാവലിരിക്കേണ്ട അവസ്ഥ. കൃഷി നശിപ്പിച്ചതിന് നേരിടാൻ ചെന്നയാളെ കാളക്കൂറ്റൻ കുത്തിമലർത്തിയ സുൽത്താൻപുർ സംഭവം അടക്കം ആക്രമണത്തെയും കർഷകർ പേടിക്കണം. ഇതൊക്കെ യോഗിസർക്കാറിനെതിരായ കുറ്റപത്രമാണ്. സംസ്ഥാനത്തെ 5,617 ഗോശാലകൾ അഥവാ 'ഗോ ആശ്രയ കേന്ദ്ര'ങ്ങളിലായി 7.89 ലക്ഷം കാലികൾ കഴിയുന്നുവെന്ന ഔദ്യോഗിക കണക്കിലെ തിരിമറിക്കും അഴിമതിക്കുമെതിരായ കുറ്റപത്രം കൂടിയാണിത്.
ഇത്രയും കാലികളുടെ പേരിൽ ഫണ്ട് തട്ടിപ്പ് നടക്കുന്നുവെന്നാണ് അനുമാനം. ശരാശരി 335 കോടി രൂപ സർക്കാർ ഗോശാലകൾക്ക് പ്രതിവർഷം നീക്കിവെക്കുന്നുണ്ട്. ഗോശാലകളിൽ പശുവൊന്നിന് പ്രതിദിനം 30 രൂപ സർക്കാർ ഗ്രാന്റുണ്ട്. അഞ്ചു കിലോഗ്രാം വൈക്കോൽ, ഒരു കിലോഗ്രാം പോഷകത്തീറ്റ എന്നിങ്ങനെയാണ് ചെലവു കണക്ക്. അത് ഗ്രാന്റായി അടിച്ചു മാറ്റുന്നു. പശുവിനെ വെളിയിലേക്ക് തുറന്നു വിടുന്നു. അങ്ങനെ ഗോരക്ഷ ജനങ്ങൾക്ക് ഏട്ടിലെ പശു; പശുക്കൾക്ക് മരുപ്പച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.