അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് തുടക്കമിട്ട് ഉത്തർപ്രദേശിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 58 പടിഞ്ഞാറൻ യു.പി മണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക് നീങ്ങുമ്പോൾ തെളിയുന്നത് ജാട്ട് - ഹിന്ദു ധ്രുവീകരണത്തിന്റെ ചിത്രം. പ്രചാരണം അവസാനിച്ച് അന്തിമ ചിത്രം തെളിഞ്ഞപ്പോൾ സമാജ്വാദി പാർട്ടി - രാഷ്ട്രീയ ലോക്ദൾ സഖ്യവും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ ഇഞ്ചോടിഞ്ച് മത്സരമായി മാറിക്കഴിഞ്ഞു. ചൗധരി ചരൺ സിങ്ങിൽ നിന്ന് ജയന്ത് ചൗധരിയിലെത്തി നിൽക്കുന്ന ആർ.എൽ.ഡിയുടെ ജാട്ട് രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന ഘട്ടം കൂടിയാണിത്.
ജാട്ടുകളും മുസ്ലിംകളും ഒരുമിച്ച് ബി.ജെ.പിയെ നേരിടാനിറങ്ങിയ ഈ തെരഞ്ഞെടുപ്പിലും നല്ല ഒരു അവസരം പടിഞ്ഞാറൻ യു.പിയിൽ ഇനി അജിത് സിങ്ങിന്റെ മകന് കിട്ടാനില്ല. മത്സരം എസ്.പി- ആർ.എൽ.ഡിയും ബി.ജെ.പിയുമായി നേർക്കുനേർ ആയതോടെ മുസ്ലിംകളിൽ ബഹുഭൂരിഭാഗവും സഖ്യത്തിനൊപ്പം നിൽക്കുകയാണ്. അതു പോലെ ഹിന്ദു ജാട്ടുകൾ സഖ്യത്തെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായതും മുസ്ലിം ജാട്ട് നേതാവ് ഗുലാം മുഹമ്മദ് ജ്വാലയും. ബി.ജെ.പിക്ക് യു.പി നഷ്ടമാകുമെന്ന് ഇവർ ഒരുപോലെ പ്രതീക്ഷ വെക്കുന്നു.
കർഷക സമരത്തിൽ തങ്ങളെ അപമാനിച്ച ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് ജാട്ട് സമുദായം പരസ്യമായി പ്രഖ്യാപിച്ചതോടെ ജാട്ട് ഇതര ഹിന്ദു സമുദായങ്ങൾ ഒന്നടങ്കം ബി.ജെ.പിക്ക് ഒപ്പം നിൽക്കുന്നതാണ് ഭൂരിഭാഗം മണ്ഡലങ്ങളിലെയും അന്തിമ ചിത്രം. അതേസമയം ജയപരാജയം ജാട്ടുകൾ തീരുമാനിക്കുമെന്നതിനാൽ അവരിൽ നിന്ന് ഒരു വിഹിതം കൂടി വോട്ടു പിടിച്ചാലല്ലാതെ ജയമില്ലെന്ന് ബി.ജെ.പിയും തിരിച്ചറിഞ്ഞിരിക്കുന്നു. ജാട്ട് ഹിന്ദുക്കളെയും ജാട്ട് മുസ്ലിംകളെയും അകറ്റിയ 2013ലെ മുസഫർ നഗർ കലാപത്തോടെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണച്ചുപോന്ന ജാട്ട് ഹിന്ദുക്കൾക്ക് ഇപ്പോഴുള്ള രോഷത്തിന്റെ തോത് വോട്ട് യന്ത്രത്തിൽ എത്രത്തോളം പ്രതിഫലിക്കുമോ അതിന് അനുസരിച്ചായിരിക്കും പടിഞ്ഞാറൻ യു.പിയിൽ ബി.ജെ.പിക്ക് ഏൽക്കുന്ന പരിക്ക്.
ആർ.എൽ.ഡിയിൽ നിന്ന് തങ്ങൾ സ്വന്തമാക്കിയ ജാട്ടുവോട്ടിന്റെ ബലത്തിൽ 53 സീറ്റുകളിലും ജയിച്ചുകയറിയ യോഗി സർക്കാറിലെ ഒമ്പത് ബി.ജെ.പി മന്ത്രിമാരുടെ കൂടി ഭാവി ആദ്യഘട്ട വോട്ടെടുപ്പിൽ ജനം തീരുമാനിക്കും. മത്സരം ഇരു കൂട്ടർക്കുമിടയിലായതോടെ ജാട്ടുകളല്ലാത്ത മുഴുവൻ ഹിന്ദു വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ധ്രുവീകരണ ശ്രമങ്ങൾ ഫലം കാണുന്നുവെന്നാണ് ഗുജ്ജറുകളും ദലിതുകളും അടക്കമുള്ള സമുദായങ്ങൾ പരസ്യമായി ബി.ജെ.പിയെ പിന്തുണക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്. വോട്ടിൽ പ്രതിഫലിച്ചാലും ഇല്ലെങ്കിലും പ്രചാരണത്തിലെങ്കിലും ജാട്ടുകളും ഹിന്ദുക്കളും 2013ന് മുമ്പത്തേതു പോലെ വിരുദ്ധ ധ്രുവങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.
അസദുദ്ദീൻ ഉവൈസിയുടെ രാഷ്ട്രീയ പരീക്ഷണത്തിന് കൂടി വേദിയായ മുസ്ലിം വോട്ടുകൾ നിർണായകമായ നിരവധി മണ്ഡലങ്ങളുള്ള ഘട്ടം കൂടിയാണിത്. എന്നാൽ ഉവൈസിക്ക് നേരെ വെടിവെപ്പു നടന്നിട്ടു പോലും പടിഞ്ഞാറൻ യു.പിയിലെ മുസ്ലിം വോട്ടർമാർ എസ്.പിക്കൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.