ഹിമന്ത: അസംതൃപ്തനായ കോൺഗ്രസുകാരൻ ഒടുവിൽ അസമിന്‍റെ ബി.ജെ.പി മുഖ്യമന്ത്രി

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിന്‍റെ പുതിയ മുഖ്യമന്ത്രിയായി മുതിർന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമയെ തെരഞ്ഞെടുത്തിരിക്കുകയാണ്​. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോബാൾ രാവിലെ രാജിവെച്ചിരുന്നു. സർബാനന്ദ സോനോബാൾ പ​ങ്കെടുത്ത പാർലമെന്‍ററി പാർട്ടി യോഗത്തിലാണ്​ ഹിമന്ത ബിശ്വ ശർമയുടെ പക്കൽ അസമിന്‍റെ ചെ​ങ്കോലും കിരീടവും എത്തിച്ചേർന്നത്​.

കോൺഗ്രസിന്‍റെ തരുൺ ഗൊഗോയ്​ സർക്കാറിൽ നിന്ന്​ 2014 ലോക്​സഭ തെരഞ്ഞെടുപ്പിന്​ പിന്നാലെയായിരുന്നു ഹിമന്ത രാജിവെച്ചത്​. ശേഷം 2015ൽ അദ്ദേഹം കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറുകയായിരുന്നു. അടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ തരുൺ ഗൊഗോയ്​യുടെ 15 വർഷത്തെ ഭരണത്തിന്​ അന്ത്യം കുറിച്ച്​ ബി.ജെ.പി സർക്കാർ അധികാരത്തിലേറി.

സർബാനന്ദ സോനോബാൾ അസമിന്‍റെ മുഖ്യമന്ത്രിയായിരുന്നുവെങ്കിലും പാർട്ടിയുടെ എല്ലാമെല്ലാം​ ഹിമന്തയായിരുന്നു. വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബിൾ ഷൂട്ടറായി അറിയപ്പെടുന്ന ഹിമന്ത ആഭ്യന്തര പ്രശ്​നങ്ങളിൽ പരിഹാരമുണ്ടാക്കി ദേശീയ നേതൃത്വത്തിന്‍റെതും തൃപ്​തി നേടി.

തലമുറമാറ്റത്തിന്​ കോൺഗ്രസ്​ തയാറാകാത്തതോടെ കൂടുമാറ്റം

കോൺഗ്രസ്​ മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ പ്രഖ്യാപിത അജണ്ട പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾക്ക്​ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ പരവതാനി ഒരുക്കിയത്​ ഹിമന്തയായിരുന്നു. ഹിമന്ത പാർട്ടിയിലെത്തിയതോടെയാണ്​ ഏറെ കാലമായി ക്ലച്ചുപിടിക്കാതിരുന്ന പ്രദേശത്ത്​ ബി.ജെ.പിക്ക്​ പിടിവള്ളി ലഭിച്ചത്​.

1990 കളിലാണ്​ ഹിമന്ത കോൺഗ്രസ്​ പാർട്ടിയിൽ അംഗത്വമെടുക്കുന്നത്​. 2001ൽ ജലുക്​ബാരി മണ്ഡലത്തിൽ നിന്നും കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എയായി. 2006ലു​ം 2011ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്​ഥാനത്തെ കോൺഗ്രസ്​ ഭരണകാലത്ത്​​ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ആസൂത്രണം-വികസനം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്​തു.

തരുൺ ഗൊഗോയ്യും ഹിമന്തയും (ഫയൽ)

2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ അസമിൽ പാർട്ടി പരാജയപ്പെട്ടതോടെ ഹിമന്ത തരുൺ ഗൊഗോയ്​യുടെ നേതൃത്വത്തെ ചോദ്യം ചെയ്​തു. അസമിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ വിജയിക്കണമെങ്കിൽ തലമുറമാറ്റം വേണമെന്ന്​ ഹിമന്ത ഹൈകമാന്‍റിനെ അറിയിച്ചു. സോണിയ ഗാന്ധിയും അന്തരിച്ച അഹമദ്​ പ​േട്ടലും ഹിമാന്തയെ അടുത്ത മുഖ്യമന്ത്രിയാക്കാമെന്ന്​ ഉറപ്പും നൽകി.

ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ ഹിമന്തക്കാണെന്ന്​ മല്ലികാർജുൻ ഖാർഖെ സാക്ഷ്യപ്പെടുത്തിയതിന്‍റെ അടിസ്​ഥാനത്തിലായിരുന്നു അത്​. എന്നാൽ രാഹുൽ ഗാന്ധി ചുവപ്പുകൊടി വീശിയതോടെ ഹിമന്ത പാർട്ടി വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറി. തൊട്ടടുത്ത വർഷം സംസ്​ഥാനം ബി.ജെ.പിയുടെ കൈകളിലെത്തി.

വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലെ ട്രബ്​ൾ ഷൂട്ടർ

സോനോവാളിനെ മുൻനിർത്തിയാണ്​ ബി.ജെ.പി 2016 തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വിജയത്തിന്‍റെ ക്രെഡിറ്റ്​ ഹിമന്തക്ക്​ അവകാശപ്പെട്ടതാണ്​. കോൺഗ്രസിന്‍റെ ശക്​തിയും ദൗർബല്യവും തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളും നന്നായി അറിയാവുന്ന ഹിമന്തയുടെ നേതൃമികവിലാണ്​ ബി.ജെ.പി അസമിൽ ഭരണം പിടിച്ചത്​.

ഹിമന്ത മോദിക്കൊപ്പം

സോനോവാളിനെ മുഖ്യമന്ത്രിയാക്കിയെങ്കിലും ബി.ജെ.പി നേതൃത്വം നൽകുന്ന നോർത്ത്​ ഇൗസ്റ്റ്​ ഡെമോക്രാറ്റിക്​ അലയൻസിന്‍റെ (എൻ.ഇ.ഡി.എ) കൺവീനർ സ്​ഥാനം ഹിമന്തക്ക്​ ലഭിച്ചു. 2019 ലോക്​സഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കുന്നതിൽ ഹിമന്ത വിജയിച്ചു. കോവിഡ്​ മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളും സി.എ.എ വെല്ലുവിളികളിൽ പതറാതെയും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതോടെയാണ്​ ഹിമന്തയെ തേടി മുഖ്യമന്ത്രി പദവിയെത്തിയത്​.

നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 126ൽ 75 സീറ്റ് നേടിയാണ് എൻ.ഡി.എ തുടർഭരണം ഉറപ്പാക്കിയത്. ബി.ജെ.പി 60ഉം അസം ഗണ പരിഷത്ത് (എ.ജി.പി) ഒമ്പതും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി -ലിബറൽ (യു.പി.പി.എൽ) ആറു സീറ്റുകളിൽ വിജയിച്ചു.

Tags:    
News Summary - Himanta Biswa Sarma dissatisfied Congressman becoming Assam's next chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.