തെളിഞ്ഞ മാനം കനത്ത ചുടിൽനിന്ന് മിന്നൽവേഗത്തിലാണ് കാർമേഘത്തിന് വഴിമാറുന്നത്. ഇതോടെ കാറ്റായി... മഴയായി... കുളിരായി. എന്നാൽ മണിക്കൂറുകൾക്കകം വീണ്ടും 'വേനൽ' പന്തൽകെട്ടും. നിലവിലെ ഇൗ കാലവസ്ഥക്ക് സമാനമാണ് ജില്ലയിലെ തെരഞ്ഞെടുപ്പുചിത്രവും. മാറിമറിയുന്ന അനുകൂല പ്രതികൂലസാഹചര്യങ്ങൾ, ഇനിയും മനസ്സ് തുറക്കാത്ത വോട്ടർമാർ. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമുള്ളപ്പോൾ മണ്ഡലങ്ങളിലെ 'ലാസ്റ്റ്ലാപ്പിലെ' രാഷ്ട്രീയ അന്തരീക്ഷത്തിലൂടെ....
ശക്തരുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമായ കളമശ്ശേരി മണ്ഡലം ആര് പിടിച്ചെടുക്കുമെന്നത് അവസാന റൗണ്ടിലും അവ്യക്തം. പാലാരിവട്ടം പാലം അഴിമതിയും സർക്കാർ നേട്ടവുമെല്ലാം എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കി. എന്നാൽ, എം.എൽ.എ വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ പ്രവർത്തനങ്ങളും വ്യക്തിബന്ധങ്ങളും കടന്ന് ഇത് വോട്ടാകുമോയെന്ന് കണ്ടറിയേണ്ടിവരും. ഇബ്രാഹീംകുഞ്ഞിെൻറ മകൻ വി.ഇ. അബ്ദുൽ ഗഫൂറും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 'ദേശാഭിമാനി' ചീഫ് എഡിറ്ററുമായ പി. രാജീവും തമ്മിലാണ് മത്സരം. ഇരുവർക്കും ഫലം നിർണായകമാണ്. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ ഏഴ് സ്ഥാനാർഥികളാണ് മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നത്.
2016ലെ വോട്ടിങ് ശതമാനം–81.32
വി.കെ. ഇബ്രാഹീംകുഞ്ഞ് (മുസ്ലിം ലീഗ്) -68,726
എ.എം. യൂസുഫ് (സി.പി.എം) -56,608
ഭൂരിപക്ഷം -12,118
ഇടതുപക്ഷത്തിെൻറ തുടർച്ചയായ മൂന്നുതവണത്തെ വിജയത്തിന് തടയിട്ട് യു.ഡി.എഫിലെ എൽദോസ് കുന്നപ്പിള്ളി 2016ൽ പിടിച്ചെടുത്ത പെരുമ്പാവൂരിൽ കാണേണ്ടത് പുതുരാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ജയപരാജയങ്ങൾ കൂടിയാണ്. കേരള കോൺഗ്രസ്-എം എൽ.ഡി.എഫിനൊപ്പം ചേർന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബാബു ജോസഫ് ഉയർത്തുന്നത് ശക്തമായ വെല്ലുവിളിയാണ്. എൻ.ഡി.എ സ്ഥാനാർഥി ടി.പി. സിന്ധുമോൾ, ട്വൻറി20യുടെ ചിത്ര സുകുമാരൻ, വെൽെഫയർ പാർട്ടിയുടെ കെ.എം. അർഷാദ്, എസ്.ഡി.പി.ഐയുടെ അജ്മൽ കെ. മുജീബ് എന്നിവരും മണ്ഡലത്തിൽ സജീവം.
2016ലെ വോട്ടിങ് ശതമാനം -84.26
എൽദോസ് കുന്നപ്പിള്ളി (കോൺ) -64,285
സാജു പോൾ (സി.പി.എം) -57,197
ഇ.എസ്. ബിജു (ബി.ജെ.പി) -19,731
ഭൂരിപക്ഷം -7088
എൽ.ഡി.എഫിെൻറ സിറ്റിങ് എം.എൽ.എ എൽദോ എബ്രഹാം 2016ൽ നടത്തിയ അട്ടിമറി വിജയം ഇക്കുറിയും ആവർത്തിക്കുമെന്ന അവരുടെ ആത്മവിശ്വാസത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് യു.ഡി.എഫിെൻറ മാത്യു കുഴൽനാടെൻറ പ്രചാരണം സൃഷ്ടിച്ചിരിക്കുന്നത്. എൻ.ഡി.എയുടെ ജിജി ജോസഫ്, ട്വൻറി20യുടെ അഡ്വ. സി.എന്‍. പ്രകാശ് എന്നിവരും ശക്തമായ സാന്നിധ്യം. കാർഷിക, വികസന പ്രശ്നങ്ങൾ കാര്യമായി പ്രചാരണ വിഷയം തന്നെയാണ്. സഭാ തർക്കത്തിലെ നിലപാടും ചർച്ചകളിലുണ്ട്.
2016 വോട്ടിങ് ശതമാനം -80.16
എൽദോ എബ്രഹാം (സി.പി.ഐ) -70,269
ജോസഫ് വാഴക്കൻ (കോൺ.) -60,894
പി.ജെ. തോമസ് (എൻ.ഡി.എ) -9759
ഭൂരിപക്ഷം -9375
അഞ്ചാം തവണയും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ഡി സതീശൻ പ്രചാരണത്തിൽ മുന്നിലായിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവുമായ എം.ടി. നിക്സൺ എൽ.ഡി.എഫ് സ്ഥാനാർഥിയായി എത്തിയതോടെ മത്സരം കടുത്തു. അദ്ദേഹത്തിെൻറ നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. വി.ഡി. സതീശൻ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത് ഭാരത് ധര്‍മ ജനസേനയുടെ എ.ബി. ജയപ്രകാശാണ്.
2016ലെ വോട്ടിങ് ശതമാനം -83.94
വി.ഡി. സതീശൻ- 74,985
ശാരദ മോഹൻ- 54.351
ഹരി വിജയൻ- 28,097
ഭൂരിപക്ഷം - 20,634
മണ്ഡല പുനർനിർണയത്തിനുശേഷം എൽ.ഡി.എഫിെൻറ ഉറച്ച കോട്ടയായിരുന്ന വൈപ്പിനിൽ ഇക്കുറി മാറ്റുരക്കുന്നത് പുതുമുഖങ്ങളാണ്. എസ്. ശർമയെ മാറ്റി കെ.എൻ. ഉണ്ണികൃഷ്ണനെയാണ് സി.പി.എം രംഗത്തിറക്കിയത്. യു.ഡി.എഫ് യുവനേതാവ് ദീപക് ജോയിയെയും. ഇരുവരും ഒപ്പത്തിനൊപ്പമാണ് മത്സരം. എൽ.ഡി.എഫ് മേൽക്കൈക്കൊപ്പം മത്സരം കടുത്തതാക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥി കെ.എസ്. ഷൈജുവും പ്രചാരണത്തിൽ സജീവമായിരുന്നു. ട്വൻറി20 സ്ഥാനാർഥിയുൾപ്പെടെ അഞ്ച് സ്ഥാനാർഥികൾ മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നുണ്ട്.
2016ലെ വോട്ടിങ് ശതമാനം-79.88
എസ്. ശർമ(സി.പി.എം)-68,526
പി.ആർ. സുഭാഷ്(കോൺ)-49,173
കെ.കെ. വാമലോചനൻ (ബി.ഡി.ജെ.എസ്)-10,051
ഭൂരിപക്ഷം-19,353
കരുത്തരായ സ്ഥാനാർഥികളുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമാണ് ഇക്കുറി അങ്കമാലി. സിറ്റിങ് എം.എൽ.എ യു.ഡി.എഫിലെ റോജി എം. ജോണും ജനതാദൾ-എസ് നേതാവും മുൻ മന്ത്രിയുമായ അഡ്വ. ജോസ് തെറ്റയിലും തമ്മിലാണ് പോരാട്ടം. മണ്ഡലത്തിലെ യു.ഡി.എഫ് മേൽക്കൈ തകർക്കാൻ കൈമെയ്മറന്ന് അധ്വാനിച്ചിട്ടുണ്ട് എൽ.ഡി.എഫ്. ഇത് വോട്ടാകുമോയെന്ന് കണ്ടറിയണം. അഡ്വ. കെ.വി. സാബുവാണ് എൻ.ഡി.എക്കുവേണ്ടി മത്സരത്തിനിറങ്ങിയത്. ഏഴ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
2016ലെ വോട്ടിങ് ശതമാനം-83.19
റോജി എം. ജോൺ(കോൺ)-66,666
ബെന്നി മൂഞ്ഞേലി(ജെ.ഡി.എസ്)-57,480
പി.ജെ. ബാബു(കേരള കോൺഗ്രസ്)-9014
ഭൂരിപക്ഷം-9186
സിറ്റിങ് എം.എൽ.എ ആൻറണി ജോണിലൂടെ സീറ്റ് നിലനിർത്താൻ എൽ.ഡി.എഫ് കച്ചമുറുക്കിയ കോതമംഗലത്ത് യു.ഡി.എഫിനായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറം കാഴ്ചവെക്കുന്നത് ശക്തമായ മത്സരം. എൻ.ഡി.എക്കുവേണ്ടി ഷൈന്‍ കെ. കൃഷ്ണന്, ട്വൻറി20യുടെ ഡോ. ജോ ജോസഫ്, എസ്.ഡി.പി.ഐയുടെ ടി.എം. മൂസ എന്നിവരും രംഗത്ത് സജീവം. പള്ളിത്തർക്കം, തങ്കളം-കാക്കനാട് നാലുവരിപ്പാത, ബൈപാസ് വികസനം എന്നിവയൊക്കെ പ്രാദേശിക പ്രചാരണ വിഷയങ്ങളാണ്.
2016 വോട്ടിങ് ശതമാനം -80.53
ആൻറണി ജോൺ (സി.പി.എം) -65,467
ടി.യു. കുരുവിള (കേരള കോൺ.) -46,185
പി.സി. സിറിയക് (എൻ.ഡി.എ) -12,926
ഭൂരിപക്ഷം -19,282
യു.ഡി.എഫിെൻറ ഉറച്ച മണ്ഡലത്തിൽ കേരള കോൺഗ്രസ് -ജെ ലീഡർ സിറ്റിങ് എം.എൽ.എ അനൂപ് ജേക്കബ് മുന്നിൽ തന്നെ. ഇക്കുറി കേരള കോൺഗ്രസുകാർ തമ്മിലാണ് മത്സരം. കേരള കോൺഗ്രസ് -എമ്മിലെ ഡോ. സിന്ധുമോൾ ജേക്കബ് പ്രചാരണത്തിൽ എതിരാളിക്ക് ഒപ്പമുണ്ട്. എൻ.ഡി.എ സ്ഥാനാർഥി എം. ആശിഷ്, എസ്.യു.സി.ഐ (സി)യുടെ സി.എന്‍. മുകുന്ദന് എന്നിവരും സാന്നിധ്യം അറിയിക്കുന്നു. മണ്ഡലത്തിലെ വികസനം ഉയർത്തി യു.ഡി.എഫ് വോട്ടുചോദിക്കുേമ്പാൾ പാർട്ടിയിലെ പിണക്കം തീരാത്ത നിലയിലാണ് കേരള കോൺഗ്രസ് -എം.
2016 വോട്ടിങ് ശതമാനം -80.60
അനൂപ് ജേക്കബ് (കേരള കോൺ. ജെ) -73,770
എം.ജെ. ജേക്കബ് (സി.പി.എം) -67,575
സി.പി. സത്യൻ (ബി.ഡി.ജെ.എസ്) -17,503
ഭൂരിപക്ഷം -6195
കൊച്ചി പലപ്പോഴും യു.ഡി.എഫിനെ തുണച്ച മണ്ഡലം കൂടിയാണ്. എന്നാൽ, ഇക്കുറി പോര് മുറുകി. എൽ.ഡി.എഫിെൻറ സ്ഥാനാർഥി സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സിയാണ്. കൊച്ചി നഗരസഭ മുന്‍ മേയർ ടോണി ചമ്മണിയെ മണ്ഡലം പിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയതോടെ പോരാട്ടം വീറുറ്റതായി. ബി.ജെ.പി സ്ഥാനാർഥി സി.ജി. രാജഗോപാൽ ശക്തമായി രംഗത്തുണ്ട്. ഇടതു-വലതു മുന്നണികൾ തമ്മിലുള്ള വോട്ടിെൻറ അകലം ചെറുതായതിനാൽ വീ ഫോർ പീപ്പിൾ പാർട്ടിയുടെ നിപുൻ ചെറിയാനും ട്വൻറി20 സ്ഥാനാർഥി ഷൈനി ആൻറണിയും പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാവും.
2016ലെ വോട്ടിങ് ശതമാനം -72.35
കെ.ജെ. മാക്സി- 47,967
ഡൊമിനിക് പ്രസേൻറഷൻ- 46,881
പ്രവീൺ ദാമോദര പ്രഭു- 15,212
ഭൂരിപക്ഷം - 1,086
ആറുതവണ വീതം എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. തുടർച്ചയായി അഞ്ചു തവണ യു.ഡി.എഫിെൻറ വിജയക്കൊടി പാറിച്ച കെ. ബാബുവിനെയാണ് കഴിഞ്ഞ തവണ എം. സ്വരാജ് പരാജയപ്പെടുത്തിയത്. ബാബു ഈ തെരഞ്ഞെടുപ്പിൽ തുറുപ്പ് ചീട്ടാക്കുന്നത് ശബരിമലയാണ്. ഇത്തവണത്തെ ബി.ജെ.പി സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്. ബി.ജെപി പിടിക്കുന്ന വോട്ടിൽ ഗണ്യമായി കുറവ് സംഭവിച്ചാൽ അത് ബാബുവിന് തുണയാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അതിനാൽ മത്സരം കടുക്കും.
2016ലെ വോട്ടിങ് ശതമാനം -78.03
എം. സ്വരാജ് - 62,697
കെ. ബാബു - 58,230
പ്രഫ. തുറവൂർ വിശ്വംഭരൻ- 29,843
ഭൂരിപക്ഷം - 4,467
യു.ഡി.എഫിെൻറ ഉറച്ചകോട്ടയായ ആലുവ ഇക്കുറി വീറുറ്റ പോരാട്ടത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. യു.ഡി.എഫിെൻറ അൻവർ സാദത്തിനെതിരെ എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത് പുതുമുഖമായ ഷെൽന നിഷാദാണ്. ആദ്യഘട്ടം മുതൽ അൻവർ സാദത്തിന് മേൽൈക്കയുണ്ട്. ഇത് പ്രചാരണംകൊണ്ട് മറികടക്കാനുള്ള ശ്രമത്തിലാണ് ഷെൽന. കോളനികൾ ഉൾപ്പെടെ മണ്ഡലത്തിെൻറ മുക്കിലും മൂലയിലുംവരെ ഷെൽന എത്തി. ബി.ജെ.പിയുടെ എം.എന്‍. ഗോപിയും ശക്തമായുണ്ട്. വെൽഫെയർ പാർട്ടിയുടെ കെ.എം. ഷെഫ്റിനും ഇവിടെ മത്സര രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എട്ട് സ്ഥാനാർഥികളാണുള്ളത്.
2016ലെ വോട്ടിങ് ശതമാനം-83.21
അൻവർ സാദത്ത്(കോൺ) -69,568
അഡ്വ. വി. സലീം(സി.പി.എം) -50,733
ലത ഗംഗാധരൻ(ബി.ജെ.പി)-19,349
ഭൂരിപക്ഷം-18,835
രണ്ടുതവണയായി വി.പി. സജീന്ദ്രൻ വിജയിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിൽ ഇക്കുറി മത്സരം ഹൈവോൾട്ടിൽ. യു.ഡി.എഫിനൊപ്പം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. ശ്രീനിജിനും ട്വൻറി20 സ്ഥാനാർഥി ഡോ. സുജിത്ത് പി. സുരേന്ദ്രനും പ്രചാരത്തിൽ ഒപ്പത്തിനൊപ്പം. എൻ.ഡി.എ സ്ഥാനാർഥി രേണു സുരേഷ്, എസ്.ഡി.പി.ഐ സ്ഥാനാർഥി കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവരും രംഗത്ത് സജീവം. ട്വൻറി20 എത്ര വോട്ട് പിടിക്കും എന്നത് മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ ചർച്ചാവിഷയം കൂടിയാണ്. ഇത് പ്രധാന മുന്നണികളുടെ വിജയത്തെ ബാധിക്കുകയും ചെയ്യും.
2016ലെ വോട്ടിങ് ശതമാനം -85.94
വി.പി. സജീന്ദ്രൻ (കോൺ) -65,445
ഷിജി ശിവജി (സി.പി.എം) -62,766
തുറവൂർ സുരേഷ് (ബി.ജെ.പി) -16,459
ഭൂരിപക്ഷം -2679
സംസ്ഥാനത്ത് യു.ഡി.എഫിന് വന്‍വീഴ്ച നേരിട്ടപ്പോൾപോലും രക്ഷിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. അതിനാൽ, യു.ഡി.എഫിെൻറ ഉറച്ച കോട്ട പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് പുസ്തക പ്രസാധനകനായ ഷാജി ജോർജിനെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കിയത്.
യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എയായ ടി.ജെ. വിനോദാണ്. ജനങ്ങൾക്ക് സുപരിചിതനായ വിനോദും സാംസ്കാരിക മുഖമായ ഷാജിയും തമ്മിലാണ് പ്രധാന മത്സരം. എൻ.ഡി.എ സ്ഥാനാർഥി പത്ജ എസ്. മേനോൻ, വീ ഫോർ പീപ്പിൽ പാർട്ടി സ്ഥാനാർഥി സുജിത് സി. സുകുമാരൻ, ട്വൻറി20 സ്ഥാനാർഥി പ്രഫ. ലെസ്ലി പള്ളത്ത് തുടങ്ങിയവർ പിടിക്കുന്ന വോട്ടുകൾ വിജയം നിശ്ചയിക്കും.
2019 ഉപതെരഞ്ഞെടുപ്പ് ഫലം
ടി.ജെ. വിനോദ് - 37,891
മനു റോയ് -34,141
സി.ജി. രാജഗോപാൽ- 13,351
ഭൂരിപക്ഷം - 3750
പ്രഫഷനലിസ്റ്റായ പുതുമുഖത്തെ കളത്തിലിറക്കിയ എൽ.ഡി.എഫിെൻറ പരീക്ഷണം ഫലം കാണുമോയെന്നതാണ് തൃക്കാക്കരയെ ഉദ്വേഗജനകമാക്കുന്നത്. യു.ഡി.എഫ് സിറ്റിങ് എം.എൽ.എ പി.ടി. തോമസിനോടുള്ള ഏറ്റുമുട്ടലിൽ എൽ.ഡി.എഫ് ഒപ്പത്തിനൊപ്പമുണ്ട്. ബലാബലമാണ് മത്സരമെങ്കിലും മണ്ഡലത്തെ വീണ്ടും അഭിമുഖീകരിക്കുന്നതിെൻറ ആനുകൂല്യം പി.ടി. തോമസിനുണ്ട്. ഡോക്ടറായ ജെ. ജേക്കബ് മണ്ഡലത്തിൽ സജീവമായി പ്രചാരണം നടത്തി. ഇവിടെ എൻ.ഡി.എ സ്ഥാനാർഥിയായ എസ്. സജി പിടിക്കുന്ന വോട്ടും നിർണായകമാണ്. ഇരട്ടിയിലധികം വർധിച്ച ബി.ജെ.പി വോട്ടിൽ ഇക്കുറിയും സമാന വർധനയുണ്ടായാൽ ഇരുമുന്നണിക്കും വിയർപ്പൊഴുക്കേണ്ടിവരും. മണ്ഡലത്തിൽ ട്വൻറി20ക്കും സ്വാധീനമുണ്ട്. ഡോ. ടെറി തോമസാണ് അവർക്കുവേണ്ടി മത്സരിക്കുന്നത്. 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
2016ലെ വോട്ടിങ് ശതമാനം-74.68
അഡ്വ. പി.ടി. തോമസ് (കോൺ)-61,451
ഡോ. സെബാസ്റ്റ്യൻ പോൾ(സി.പി.എം)-49,455
എസ്. സജി(ബി.ജെ.പി)-21,247
ഭൂരിപക്ഷം- 11,996
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.