ചരിത്രവും സംസ്കാരവും തേടിയെത്തിയ സഞ്ചാരികൾ മട്ടാഞ്ചേരിയിലും ഫോർട്ട്കൊച്ചിയിലും രാവിലെ മുതൽ സജീവമായിട്ടുണ്ട്. കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾക്ക് അരികിൽ മത്സ്യത്തൊഴിലാളികൾ ജീവിതമാർഗം തേടിയെത്തിയിരിക്കുന്നു. പല സംസ്കാരങ്ങൾ സമന്വയിക്കുന്ന മട്ടാഞ്ചേരിയിലെ ചുവരുകളിൽ വിവിധ ഭാഷകളിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ചുവരെഴുത്തും കാണാം.
എൽ.ഡി.എഫിെൻറ സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ കെ.ജെ. മാക്സിയും യു.ഡി.എഫ് സ്ഥാനാർഥിയായി ടോണി ചമ്മണിയും ഏറ്റുമുട്ടുമ്പോൾ ശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നതെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു.
'പ്രളയസമയം ഞങ്ങളുണ്ടായിരുന്നു, ഞങ്ങൾക്കോ...'
ചെല്ലാനം തീരത്ത് ഇരുന്ന് മത്സ്യബന്ധനവലയുടെ കേടുപാടുകൾ പരിഹരിക്കുന്നതിനിടെ ജോസഫും സുഹൃത്തുക്കളും പ്രശ്നങ്ങൾ പങ്കുവെച്ചു. ആര് ഭരണത്തിൽ എത്തുമ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങൾ പരിഹരിക്കപ്പെടുകയെന്നാണ് ജോസഫിന് ചോദിക്കാനുള്ളത്. പ്രളയമുണ്ടായപ്പോൾ ഏതൊക്കെയോ നാട്ടിൽ പോയി ജനങ്ങൾക്ക് സഹായം ചെയ്തവരാണ് താനുൾപ്പെടെയുള്ളവർ. പക്ഷെ തങ്ങൾക്ക് എപ്പോഴും അവഗണന മാത്രമാണെന്ന് ഔസേപ്പച്ചൻ പറയുന്നു.
രണ്ട് മാസം കൂടെ കഴിഞ്ഞാൽ ഞങ്ങൾ വീണ്ടും കടൽകയറ്റത്തിെൻറ ദുരിതം അനുഭവിക്കേണ്ടിവരും. പല പദ്ധതികൾക്കായി കോടികൾ ചെലവിട്ടെന്ന് പറയുന്നു, അതൊക്കെ എവിടെയാണെന്ന് മാത്രം അറിയില്ലെന്ന് സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
ഞങ്ങളെന്തിന് വോട്ട് ചെയ്യണം
കടൽകയറ്റ പ്രശ്നങ്ങളിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സമരം ചെയ്ത ചെല്ലാനം നിവാസികൾക്ക് പരിഹാരം ഇപ്പോഴും അകലെയാണ്. ജനകീയ വേദിയുടെ സമരപ്പന്തൽ ഇപ്പോഴുമുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ വീടുകളിലാണ് ഇപ്പോൾ നിരാഹാര സമരം. എല്ലാ തരത്തിലും അവഗണന നേരിടേണ്ടിവന്ന തങ്ങൾ എന്തിന് വോട്ട് ചെയ്യണമെന്ന ചോദ്യമാണ് ജനകീയ വേദി ചെയർപേഴ്സൻ മറിയാമ്മ ജോൺ കുരിശിങ്കൽ ചോദിക്കുന്നത്. ഭരണപക്ഷത്തിെൻറയും പ്രതിപക്ഷത്തിെൻറയും സമീപനം ഒട്ടും വ്യത്യസ്തമായിരുന്നില്ല. ബി.ജെ.പിയും ഒരു സഹായവും ചെയ്തിട്ടില്ല. ജനകീയ കൺവെൻഷൻ നടത്തി തെരഞ്ഞെടുപ്പിലെ നിലപാട് തങ്ങൾ പ്രഖ്യാപിക്കുമെന്ന് അവർ പറഞ്ഞു. പുതിയ പ്രസ്ഥാനങ്ങളായ ചെല്ലാനം ട്വൻറി ട്വൻറി, വി ഫോർ കേരള, ട്വൻറി20 തുടങ്ങിയവക്ക് തങ്ങളുടെ പ്രശ്നങ്ങൾ സർക്കാറിന് മുന്നിൽ അവതരിപ്പിച്ച് പരിഹാരം കാണാനാകുമെന്ന് തോന്നുന്നില്ല. ഭരിക്കുന്നവർ പ്രഖ്യാപനങ്ങൾ മാത്രമെ നടത്തിയിട്ടുള്ളൂവെന്ന് ജനകീയ വേദി നേതാവ് വി.ടി. സെബാസ്റ്റ്യനും പറഞ്ഞു. വോട്ട് ബഹിഷ്കരണം എന്നതാണ് ഇപ്പോൾ ഭൂരിപക്ഷ അഭിപ്രായമായി ഉയർന്നുവന്നിരിക്കുന്ന കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരക്ഷണം വേണം
മീൻ ലഭ്യത കുറഞ്ഞതോടെ വള്ളക്കാരും ചീനവലക്കാരും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്ന് നവാസ് പറഞ്ഞുതുടുങ്ങി. പുലർച്ച മുതൽ പണിയെടുത്താൽ തുച്ഛ വരുമാനമാണ് ഇപ്പോൾ കിട്ടുന്നതെന്ന് മുതിർന്ന മത്സ്യത്തൊഴിലാളിയായ ഫ്രാങ്ക്ളിൻ പറയുന്നു.
ജയിച്ചുവരുന്നത് ഏത്പാർട്ടി ആയാലും തങ്ങളെ പരിഗണിക്കണം. ആയിരങ്ങളാണ് കടലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നത്, അവരെ സംരക്ഷിക്കണമെന്ന് ഷാനവാസ് പറഞ്ഞു. കിറ്റും പെൻഷനുമൊക്കെ കൃത്യമായി എത്തിച്ച് നല്ല ഭരണമാണ് ഇടതുപക്ഷം കാഴ്ചവെച്ചതെന്ന് ഷാനവാസ് പറയുന്നു.
സർക്കാറിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്, എന്നാൽ, അധികാരത്തിലെത്തിയാൽ അവർ ജനങ്ങളെ തൊഴിലാളികളെപോലെയാണ് കാണുന്നതെന്ന് ജലീൽ പറയുന്നു.
പെട്രോളിനും ഗ്യാസിനും
വില കുറയുമോ?
ഫോർട്ട്കൊച്ചിയിൽ റോ റോ ജങ്കാർ കാത്തിരിക്കുകയാണ് ജോർജും സുഹൃത്തുക്കളും.
പെട്രോളിനും ഡീസലിനും ഗ്യാസിനുമൊക്കെ വിലകൂടുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ കേന്ദ്രസർക്കാറിന് കഴിയുമോ എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്ന് ജോർജ് പറയുന്നു.
അറബിക്കടലിലെ മത്സ്യത്തിെൻറ മൂല്യം അറിയാവുന്നവർ കടൽ കുത്തകകൾക്ക് വിൽക്കുന്ന നയങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്നാണ് ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വർഗീസിന് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.