കൊച്ചി: വികസനത്തിെൻറയും നാട് നന്നാക്കലിെൻറയും ഉറപ്പുകൾ പറഞ്ഞ് മുന്നണി സ്ഥാനാർഥികളുടെ വോട്ടുപിടിത്തം ഉച്ചസ്ഥായിയിലെത്തുമ്പോൾ, ഈ ഈസ്റ്റർ ദിനത്തിലും സ്വന്തം അവകാശങ്ങൾക്കായി തെരുവിലിറങ്ങേണ്ടിവരുന്നൊരു ജനവിഭാഗമുണ്ടിവിടെ.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനുവേണ്ടി കിടപ്പാടവും ഭൂമിയും വിട്ടുനൽകി വർഷങ്ങളായിട്ടും കൃത്യമായ പുനരധിവാസം ലഭിക്കാത്ത കുടുംബങ്ങൾ. നാടിനൊപ്പം ആഘോഷമാക്കേണ്ട ഈസ്റ്റർ ദിനത്തിലും പ്രതിഷേധ കൂട്ടായ്മ ഒരുക്കുകയാണ് ഈ മനുഷ്യർ.
വികസന പദ്ധതിക്കായി 2008 ഫെബ്രുവരിയിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനായി വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പാക്കേജ് 13 വർഷത്തിനു ശേഷവും പൂർണമായും നടപ്പാക്കിയിട്ടില്ല.
വികസനത്തിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്ന മുന്നണികൾ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന് ഇരകൾ ചൂണ്ടിക്കാണിക്കുന്നു.
316 കുടുംബങ്ങളാണ് ഏഴ് വില്ലേജുകളിൽനിന്നായി ബൃഹദ്പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടത്. ഈ കുടുംബങ്ങൾ ഒന്നരമാസത്തോളം മേനക ജങ്ഷനിൽ നടത്തിയ ജനകീയ പ്രക്ഷോഭത്തിനൊടുവിൽ അന്നത്തെ സർക്കാർ മൂലമ്പിള്ളി പാക്കേജ് എന്ന പുനരധിവാസ ഉത്തരവിറക്കി.
എന്നാൽ വടുതല, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, തുതിയൂർ, മുളവുകാട് എന്നിവിടങ്ങളിൽ നഷ്ടപരിഹാരമായി അനുവദിച്ച ഭൂമിയിൽ 90 ശതമാനവും വെള്ളത്തിലാണ്.
60 കുടുംബങ്ങൾ മാത്രമാണ് ചെറിയ തോതിലെങ്കിലും പുനരധിവസിക്കപ്പെട്ടത്. ഇരുനൂറ്റമ്പതോളം കുടുംബങ്ങളും വാടകക്കോ പണയത്തിനോ ആണ് ജീവിതം തള്ളിനീക്കുന്നത്. നിലവിൽ നിർമിച്ച വീടുകളിൽ പലതും വിള്ളലും ചെരിവും വന്ന് അപകടാവസ്ഥയിലുമാണ്.
പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത മുപ്പത്തഞ്ചോളം പേർ ഇതിനകം പുനരധിവാസമെന്ന സ്വപ്നം സഫലമാകാതെ മരിച്ചു.
ഈ സാഹചര്യത്തിലാണ് മുൻവർഷമെന്നപോലെ ഈസ്റ്റർ ദിനത്തിൽ പ്രതിഷേധവുമായിറങ്ങുന്നത്. മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ പത്തിന് മേനകയിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, ഫാ. പ്രശാന്ത് പാലയ്ക്കപ്പിള്ളി, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.