ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥിത്വംകൊണ്ട് വി.ഐ.പി പരിഗണന ലഭിച്ച ഹരിപ്പാട് മണ്ഡലത്തിൽ പ്രചാരണച്ചൂട്. മറ്റ് മണ്ഡലങ്ങളിലടക്കം പ്രചാരണപരിപാടികളിൽ തിരക്കേറെയുള്ളതിനാൽ സ്വന്തം മണ്ഡലത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ രമേശ് ചെന്നിത്തലക്ക് കഴിയുന്നില്ല. ഈ അസാന്നിധ്യം പ്രശ്നമാകാത്ത ചിട്ടയായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 10വർഷംകൊണ്ട് നേടിയ വികസനപ്രവർത്തനങ്ങളാണ് പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.
രാഹുൽ ഗാന്ധിയുടെ വരവോടെ മണ്ഡലത്തിലെ പ്രവർത്തകർ കൂടുതൽ ആവേശത്തിലാണ്. വി.ഐ.പി മണ്ഡലമായതിനാൽ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ പട വരുംദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവർത്തകർ.
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറും പുതുമുഖവുമായ അഡ്വ. ആർ. സജിലാലാണ് ചെന്നിത്തലയോട് ഏറ്റുമുട്ടുന്നത്. രമേശ് ചെന്നിത്തലയെ നേരിടാൻ തക്ക സ്ഥാനാർഥിയെയല്ല രംഗത്തിറക്കിയതെന്ന് പ്രചാരണത്തിെൻറ തുടക്കത്തിൽ ഇടതു മുന്നണിക്കകത്ത് മുറുമുറുപ്പ് ഉണ്ടായിരുന്നു. മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. സജിലാലിനുവേണ്ടി യുവാക്കൾ ധാരാളമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഒരോ പരിപാടിയിലും വലിയ ആവേശം പ്രകടമാണ്. കാനം രാജേന്ദ്രൻ, ജി. സുധാകരൻ അടക്കമുള്ളവർ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എത്തും.
ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ് കെ. സോമനാണ് എൻ.ഡി.എ സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നടത്തിയ മുന്നേറ്റം ഇക്കുറി വോട്ടിങ് നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം. കേരളം ഉറ്റുനോക്കുന്ന ഹരിപ്പാട് മണ്ഡലത്തിലൂടെ വോട്ടേഴ്സ് ടോക് സഞ്ചാരം
കാർത്തികപ്പള്ളി ജങ്ഷനിൽ ലോട്ടറി വിൽപന നടത്തുന്ന ചിങ്ങോലി സ്വദേശിയായ പ്രസാദും പള്ളിപ്പാട് സ്വദേശിയായ രാധാകൃഷ്ണനും നേരം ഇരുട്ടിയതോടെ കച്ചവടം മതിയാക്കി കുറച്ചുനേരം സുഹൃത്തുക്കളുമായി സൊറ പറഞ്ഞ് നിൽക്കുന്നതിനിെടയാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത്. കേരളത്തിൽ പിണറായി വിജയെൻറ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രസാദ് തറപ്പിച്ച് പറഞ്ഞു. പാവങ്ങളെ പരിഗണിച്ച സർക്കാറാണിതെന്ന് ഒപ്പമുള്ള രാധാകൃഷ്ണനും കൂടെകൂടി.
എന്നാൽ, ഹരിപ്പാട് മണ്ഡലത്തിൽ വിജയം രമേശ് ചെന്നിത്തലക്കായിരിക്കുമെന്നും മണ്ഡലത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തൊട്ടടുത്ത് നിന്ന കാർത്തികപ്പള്ളി ജങ്ഷനിൽ സെക്യൂരിറ്റി ജോലിക്കാരൻ ശിശുപാലൻ. കോൺഗ്രസിെൻറ കരുത്തനായ നേതാവിനെ എതിരിടാൻ പറ്റിയ ആളല്ല എൽ.ഡി.എഫ് സ്ഥാനാർഥിയെന്നാണ് അദ്ദേഹത്തിെൻറ വിലയിരുത്തൽ. ഈ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. അവിടെയുണ്ടായിരുന്ന കാർത്തികപ്പള്ളി സ്വദേശി കരുണാകരന് കഴിഞ്ഞ് അഞ്ച് വർഷത്തെക്കുറിച്ച് എതിരഭിപ്രായമില്ല. കേന്ദ്രസർക്കാറും ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും അതിനെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആറാട്ടുപുഴ ജെട്ടിയിൽ ഉള്ള ടൈഗർ ബാഡ്മിൻറൺ ക്ലബ്ൽ കളിക്കാൻ എത്തിയവർക്ക് ഭരണത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും വ്യത്യസ്ത നിലപാടാണുള്ളത്. മണ്ഡലത്തിൽ ചെന്നിത്തല മുൻ വർഷെത്തക്കാൾ മികച്ച ഭൂരിപക്ഷം നേടി ജയിക്കുമെന്ന് കച്ചവടക്കാരനായ ഹാരിസ് സമീർ പറഞ്ഞു. തുടർ ഭരണം നടക്കാത്ത സ്വപ്നമാണ്. ഇത്രയേറെ അഴിമതി നടത്തിയ ഒരു സർക്കാറിനെ കേരളീയർ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രതീക്ഷയില്ല. പ്രളയഫണ്ട് മുതൽ സ്വർണക്കടത്ത് വരെയുള്ള അഴിമതി മലയാളികൾ മറെന്നന്ന് കരുതരുത്. അതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
കളിക്കാനായി എത്തിയ ആസാദിനും ഇതേ അഭിപ്രായമാണൂള്ളത്. മറ്റൊരു കളിക്കാരനും ഡ്രൈവറുമായ സന്തോഷിന് തീരവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് പറയാനുണ്ടായിരുന്നത്. 23 പുലിമുട്ടിെൻറ നിർമാണം ആരംഭിച്ചത് വലിയ ആശ്വാസമാണ്. രമേശ് ചെന്നിത്തലയുടെ വിജയത്തിൽ സംശയമില്ല. ലീവിന് നാട്ടിലെത്തിയ പ്രവാസിയായ മംഗലം സ്വദേശി ഷാന് കഴിഞ്ഞ ഭരണത്തെക്കുറിച്ച് തരക്കേടില്ലെന്ന അഭിപ്രായമാണുള്ളത്. നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ അഭിപ്രായം പറയാൻ താൻ ആളല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
അഴിമതിക്കഥകൾ കേരളത്തിന് നാണക്കേട് ഉണ്ടാക്കിയെന്നും ഓട്ടോ ഡ്രൈവർകൂടിയായ തൃക്കുന്നപ്പുഴ സ്വദേശി രാജേഷ് പറഞ്ഞു .ഇടതുപക്ഷത്തിനെതിരായ വികാരമാണ് കേരളത്തിലുള്ളത്. അത് പ്രതിഫലിക്കുകതന്നെ ചെയ്യുെമന്ന് രാജേഷ് വ്യക്തമാക്കി. കടൽക്ഷോഭ ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം വേണമെന്ന അഭിപ്രായമാണ് മംഗലം സ്വദേശി പി. രാകേഷ് പറഞ്ഞു. കായികമേഖലക്ക് ഒരുസർക്കാറും പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഇൻഡോർ കോർട്ടുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആറാട്ടുപുഴ ബസ് സ്റ്റാൻഡിലെ അബ്ദുൽ കലാമിെൻറ ഇറച്ചിക്കടയിൽ എത്തിയവരും വ്യത്യസ്ത നിലപാട് ഉള്ളവരായിരുന്നു. തുടർഭരണം വരുമെന്ന് പറയുന്നത് പ്രബുദ്ധ കേരളത്തെ അവഹേളിക്കലാണെന്ന് പ്രവാസിയായ ഉണ്ണി കാർത്തികേയൻ പറഞ്ഞു. വാളയാറിലെ അമ്മയുടെ കണ്ണീരിൽ ഈ ഭരണം നിലം പതിക്കും. കടലും കരയും വിൽക്കുന്നവരെ തീരവാസികൾ എങ്ങനെ വിശ്വസിക്കും. രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ വന്നില്ലായിരുന്നെങ്കിൽ മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലാകുമായിരുെന്നന്ന് അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാടിെൻറ എം.എൽ.എ ആകുമെന്നും ഉണ്ണി വ്യക്തമാക്കി. ഇതിനെ ഇറച്ചിവെട്ട് തൊഴിലാളിയായ നവാസും പിന്തുണച്ചു. ഇത് കേട്ട് ഓട്ടോ ഡ്രൈവർ ഷാജഹാണ് ഇഷ്ടപ്പെട്ടില്ല. ഇക്കുറി ഹരിപ്പാട് രമേശ് ചെന്നിത്തലക്ക് അടിതെറ്റും. ഇടതുമുന്നണിക്ക് അനുകൂല വികാരം ഇവിടെയും അലയടിക്കുമെന്നുമായിരുന്നു ഉണ്ണിയുടെ അഭിപ്രായത്തെ ഖണ്ഡിച്ച് ഷാജഹാൻ പറഞ്ഞത്. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന അഭിപ്രായമായിരുന്നു കടയിൽ ഉണ്ടായിരുന്ന അബ്ദുൽ കലാമിനും ലത്തീഫിനും.
മത്സ്യത്തൊഴിലാളിക്ക് ആശ്വസിക്കാൻ എന്തുണ്ടെന്ന് വീശുവലയുമായി പണിക്കിറങ്ങിയ തൊഴിലാളി ഷാജി ചോദിച്ചു. കടലിൽ ഒന്നുമില്ല. കിലോമീറ്ററുകൾ വലയുമായി നടന്ന് വീശിയിട്ടും 100 രൂപയുടെ മത്സ്യംപോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മത്സ്യപാത്രം കാട്ടി ഷാജി പറഞ്ഞു. ആരുഭരിച്ചാലും ഞങ്ങളുടെ അവസ്ഥക്ക് കൂടുതൽ മോശമാകുന്നതല്ലാതെ മെച്ചപ്പെടുന്നില്ലെന്ന് ഷാജി സങ്കടത്തോടെ പ്രതികരിച്ചു.
കടലിൽ നീട്ടുവലയിട്ട് അതിൽ കിട്ടിയ പൊടിമത്സ്യങ്ങൾ അഴിക്കുന്നതിനിടെ സുലൈമാനും അഷ്റഫിനും ഹാരിസിനും തങ്ങളുടെ ദുരിതങ്ങളാണ് പറയാനുള്ളത്. മണിക്കൂറുകൾ കഷ്ടപ്പെട്ടിട്ടും ആകെ കിട്ടിയ മത്സ്യമാണിത്. കരിമണൽ ഖനനം നടത്താനുള്ള നീക്കം ആരുനടത്തിയാലും അതൊന്നും നടക്കാൻ പോകുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു ഇവരുെടയും അഭിപ്രായം. കയർ തൊഴിലാളികളായ നസീലക്ക് രമേശ് ചെന്നിത്തല ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഭരണം മാറി മാറി വരുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു. എന്നാൽ, പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തെൻറ അഭിപ്രായമെന്ന് നദീറ പറഞ്ഞു. പട്ടിണിക്കാലത്ത് രക്ഷയായത് ഞങ്ങൾ മറക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.