മലപ്പുറം: എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയാണ് മലപ്പുറം നിയമസഭ മണ്ഡലത്തിലെ വോട്ടർമാരുടെ മനോഭാവം. ഭൂരിപക്ഷത്തിലാണ് നോട്ടമെന്ന് യു.ഡി.എഫ് പ്രവർത്തകർ ആത്മവിശ്വാസത്തോടെ പറയുമ്പോൾ പ്രവാസി നേതാവിനെ ഇറക്കി മത്സരം കൊഴുപ്പിക്കുന്ന എൽ.ഡി.എഫ് അട്ടിമറിവിജയമെന്ന അവകാശവാദവുമായാണ് മുന്നോട്ടുപോകുന്നത്. സിറ്റിങ് എം.എൽ.എ പി. ഉബൈദുല്ല ഹാട്രിക് വിജയം തേടിയിറങ്ങിയിരിക്കുകയാണ്. സി.പി.എമ്മിലെ പാലോളി അബ്ദുറഹിമാനാണ് പ്രധാന എതിരാളി.
സ്ഥാനാർഥി ചർച്ചകളുടെ ആദ്യഘട്ടങ്ങളിലൊന്നും ഉബൈദുല്ലയുടെ പേര് പറഞ്ഞുകേട്ടിരുന്നില്ല. പക്ഷേ സ്ഥാനാർഥിപ്പട്ടിക വന്നപ്പോൾ അദ്ദേഹം തന്നെ. രണ്ട് വർഷം മുമ്പ് സി.പി.ഐ വിട്ട് സി.പി.എമ്മിലെത്തിയ അബ്ദുറഹിമാൻ നേരത്തെ പ്രചാരണം തുടങ്ങി. നാട്ടുകാരനായ ഇദ്ദേഹത്തിന് മണ്ഡലത്തിൽ സ്വീകാര്യതയുണ്ട്. രൂപവത്കരണകാലം തൊട്ട് ലീഗല്ലാത്ത ഒരു പാർട്ടിയെയും ജയിപ്പിക്കാത്ത അപൂർവം മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പല തവണ മന്ത്രിപദത്തിലിരുന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയവരും പ്രതിനിധീകരിച്ച ഇവിടെ ശക്തമായ പോരാട്ടം പോലും നടക്കാറില്ല. മണ്ഡല പുനർനിർണയശേഷം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ റെക്കോർഡിട്ടു. ഉബൈദുല്ലക്ക് നൽകിയത് 44,322 വോട്ട് ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം നാൽപ്പതിനായിരം കടന്നത്.
2016ൽ ചെറിയ ക്ഷീണമുണ്ടായി. ഭൂരിപക്ഷം 35,672ലേക്ക് താഴ്ന്നു. 2017ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 33,281ലേക്ക് വീണ്ടും ചുരുങ്ങി. എന്നാൽ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിെൻറ മേൽക്കൈ. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നിലനിർത്തി. എല്ലായിടത്തും ഭരണവും നിലനിർത്തി. ബി.ജെ.പിക്ക് കാര്യമായ പ്രതീക്ഷയൊന്നുമില്ല.
കരുത്ത് തെളിയിക്കാൻ വെൽഫയർ പാർട്ടി രംഗത്തുണ്ട്. അരീക്കാട് സേതുമാധവൻ (ബി.ജെ.പി), ഇ.സി. ആയിഷ (വെൽഫയർ പാർട്ടി), ടി. പ്രശോഭ് (ബി.എസ്.പി), ടി.കെ. ബോസ് (എസ്.യു.സി.ഐ) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
എല്ലായിടത്തും മുമ്പെങ്ങുമില്ലാത്ത ആവേശം ദൃശ്യമാണ്. യു.ഡി.എഫിനെ വിജയിപ്പിച്ചേ അടങ്ങൂ എന്ന് ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ് വോട്ടർമാർ. ഭൂരിപക്ഷം കൂടുമെന്നാണ് പ്രതീക്ഷ.
-പി. ഉബൈദുല്ല (യു.ഡി.എഫ്) മലപ്പുറം മാറുകയാണ്. പ്രചാരണത്തിെൻറ ആദ്യഘട്ടം തന്നെ അതിെൻറ സൂചന ലഭിച്ചു. ഓരോ ദിവസം കഴിയുംതോറും കൂടുതൽ വ്യക്തമാവുന്നു. എൽ.ഡി.എഫ് സർക്കാറിെൻറ ഭരണനേട്ടം വോട്ടാവും
-പാലോളി അബ്ദുറഹിമാൻ (എൽ.ഡി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.