4.34 ലക്ഷം ഇരട്ടവോട്ടര്‍മാരു​ടെ പട്ടിക പുറത്തുവിട്ട്​ യു.ഡി.എഫ്​

തിരുവനന്തപുരം: സംസ്​ഥാനത്തെ​ 4,34,000 ഇരട്ടവോട്ടര്‍മാരുടെ വിവരം പുറത്തുവിട്ട്​ യു.ഡി.എഫ്​. www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ്​ വിവരങ്ങൾ പുറത്തുവിട്ടത്​. ഇരട്ടവോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിടുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചിരുന്നു. നേരത്തെ, 38,000ത്തോളം ഇരട്ടവോട്ടർമാർ മാത്രമാണ്​ പട്ടികയിൽ ഉൾപ്പെട്ടതെന്നായിരുന്നു തെരഞ്ഞെടുപ്പ്​ കമീഷന്‍റെ നിലപാട്​.

ഇരട്ട വോട്ട്​ സംബന്ധിച്ച്​ ചെന്നിത്തല നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കിയിരുന്നു. ഇരട്ട വോട്ട് തടയുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച മാർഗരേഖ ഹൈകോടതി അംഗീകരിച്ചിരുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം. വോട്ട് രേഖപ്പെടുത്തുന്ന ബൂത്തിൽ സത്യവാങ്മൂലം നൽകണം. തുടങ്ങിയ കർശന നടപടികൾ ഇരട്ട വോട്ടുകൾ തടയാൻ ഉപയോഗിക്കുമെന്ന്​ കമീഷൻ അറിയിച്ചു.

അതേസമയം, വ്യാജ വോട്ടര്‍മാരെ കണ്ടെത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്​ ചെന്നിത്തല ആരോപിച്ചു. കമീഷന്‍ ബി.എല്‍.ഒമാരോട് നോക്കാനാണ് പറഞ്ഞത്. ബി.എല്‍.ഒമാര്‍ക്ക് അതത് ബൂത്തിലെ ഇരട്ടിപ്പ് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ. പല ബൂത്തുകളില്‍ ഒരേ ഫോട്ടോവച്ചുള്ള ഇരട്ടിപ്പ് കണ്ടെത്താന്‍ ബി.എല്‍.ഒ മാര്‍ക്ക് കഴിയില്ല. അതുപോലെ പല മണ്ഡലങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഇരട്ടിപ്പുകളും ബി.എല്‍.ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. വളരെ ദിവസങ്ങള്‍ എടുത്ത് ഞാനും എന്‍റെ സഹപ്രവര്‍ത്തകരും കഠിനമായി പരിശ്രമിച്ചാണ് ഈ വ്യാജവോട്ടര്‍മാരെ കണ്ടെത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ 4,34,000 വ്യാജ വോട്ടർമാരേക്കാൾ കൂടുതല്‍ വ്യാജ വോട്ടര്‍മാര്‍ ഉണ്ടാവാം. ഈ കണ്ടെത്തല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോടതി അംഗീകരിച്ച നിബന്ധനകളില്‍ വ്യാജവോട്ടര്‍മാരില്‍ നിന്ന് സത്യവാങ്ങ്മൂലം വാങ്ങണമെന്നത് എങ്ങിനെ പ്രായോഗികമാവും എന്ന് മനസിലാവുന്നില്ല. കള്ളവോട്ട് ചെയ്യാന്‍ പോകുന്നവര്‍ സത്യവാങ്ങ്മൂലം നല്‍കുമോ. ഒരാളുടെ പേരില്‍ എട്ടും പത്തും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്. അത് വോട്ടര്‍ അറിയണമെന്നില്ല. അപ്പോള്‍ അവര്‍ എങ്ങനെയാണ് സത്യവാങ്ങ്മൂലം നല്‍കുക? തെഞ്ഞെടുപ്പ് കമീഷന്‍ പരിശോധന നടത്തി മുഴുവന്‍ വ്യാജവോട്ടും നീക്കം ചെയ്യുകയാണ് വേണ്ടത് .ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഒരാള്‍ക്ക് ഒരു വോട്ടു മാത്രമേ പാടുള്ളു. അത് മാത്രമേ അനുവദിക്കാവൂ. പ്രതിപക്ഷം തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വ്യാജവോട്ട് ചെയ്യാന്‍ പാടില്ല എന്ന് പ്രതിപക്ഷത്തിന് നിര്‍ബന്ധമുണ്ട്. വ്യാജവോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് സര്‍ക്കാരാണ്. അത് അനുവദിക്കാനാവില്ല.

കള്ളവോട്ട് തടയാന്‍ ബൂത്തുകളില്‍ ക്യാമറ വയ്ക്കണം, ആവശ്യമായി സ്ഥലങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കണം തുടങ്ങിയ കോടതിയുടെ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. എണ്‍പത് വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കുന്നതില്‍ വലിയ കൃത്രിമം നടക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ചിലയിടത്ത് ഭീഷണിപ്പെടുത്തുന്നു. ചിലയിടത്ത് പെന്‍ഷന്‍ കൊടുത്തശേഷം വോട്ട് ചെയ്യിക്കുന്നു. ഇതൊക്കെ മര്യാദകെട്ട നടപടികളാണ്. ഇവിടെ എന്തും ചെയ്യാമെന്ന അവസ്ഥയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്‍റെ നിര്‍ദേശങ്ങള്‍ക്ക് പുല്ല് വില കല്‍പിക്കുന്ന ഉദ്യോഗസ്ഥരുണ്ട്, ഇവര്‍ക്കെതിരെ കര്‍ശനമായി നടപടി വേണം.

വീടുകളില്‍ പോയി ശേഖരിക്കുന്ന വോട്ടുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കണമെന്നാണ് കോടതി പറയുന്നത്. എന്നാല്‍ പലേടത്തും സ്ട്രോംഗ് റൂമില്ല. മേശ വലിപ്പിലും മേശക്കടിയിലുമായി സൂക്ഷിക്കുകയാണ്. ഇങ്ങനെ ലാഘവത്തോടെ ഇത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - The complete list of fake voters will be released at 9 pm - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.