ഭരണത്തുടർച്ചക്കായി എൽ.ഡി.എഫും ഭരണം പിടിക്കാൻ യു.ഡി.എഫും കച്ചമുറുക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി എന്താകും? 140 മണ്ഡലങ്ങളെയും ജില്ല തിരിച്ച് 'മാധ്യമം' ലേഖകർ വിലയിരുത്തുന്നു...
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തലസ്ഥാന ജില്ലയിൽ പ്രചാരണത്തിൽ ഇടത് മുന്നണി ഒരുചുവട് മുന്നിലെങ്കിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തും. നേമത്തെ കടുത്ത ത്രികോണ പോരാട്ടത്തിൽ എന്തും സംഭവിക്കാം. നിലവിലെ പത്ത് മണ്ഡലങ്ങൾ നിലനിർത്തുക ഇടതിന് ശ്രമകരമാണ്. സിറ്റിങ് സീറ്റിൽ പലതിലും വൻ വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിനായി. ആകെ 14ൽ നാലിൽ ഇടതിനാണ് പ്രചാരണത്തിൽ മേൽക്കൈ. മൂന്നിൽ യു.ഡി.എഫിനും. അവശേഷിക്കുന്നവയിൽ കടുത്ത മത്സരം. എങ്ങോട്ടും ചരിയാം. മൂന്നിൽ ത്രികോണപ്പോര്. അവസാനവട്ട അടിയൊഴുക്കുകളും അന്തിമ ഫലത്തിൽ നിർണായകം.
ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് വിശ്വാസക്കുറവില്ല. തിരുവനന്തപുരം, അരുവിക്കര, കോവളം യു.ഡി.എഫിനും. വട്ടിയൂർക്കാവും കഴക്കൂട്ടവും കാട്ടാക്കടയും നിലനിർത്താനാകുമെന്നാണ് ഇടത് വിശ്വാസം. നേമം, വാമനപുരം, നെടുമങ്ങാട്, പാറശാല മത്സരം കടുകട്ടി. കാട്ടാക്കടയിലും സ്ഥിതി ഇതാണ്. എങ്ങോട്ടും മറിയാം. നേമം, വർക്കല, വാമനപുരം, നെയ്യാറ്റിൻകര, പാറശാല, നെടുമങ്ങാട് മണ്ഡലങ്ങൾ പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. എന്നാൽ, നേമം പിടിക്കുമെന്നും മറ്റ് മണ്ഡലങ്ങൾ നല്ല ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നും ഇടതുപക്ഷം പറയുന്നു.
കേരളം ശ്രദ്ധിക്കുന്ന നേമം ആകെ സങ്കീർണമാണ്. മൂന്ന് കൂട്ടരും വിജയം അവകാശപ്പെടാൻ മൂന്നുതരത്തിലുള്ള സാധ്യതകൾ കണക്കുകൂട്ടിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഗതി നിർണായകമാണ്. മുരളീധരെൻറ വരവോടെ മാറിമറിഞ്ഞ നേമത്ത് ആരും ജയിക്കാവുന്ന സ്ഥിതി. നിലനിർത്താനിറങ്ങിയ ബി.ജെ.പി വിയർക്കുന്നു.
ശക്തമായ ത്രികോണ മത്സരം നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ്. കഴക്കൂട്ടത്ത് ഇടത് ഉറപ്പിക്കുേമ്പാൾതന്നെ അവസാന റൗണ്ടിൽ യു.ഡി.എഫിെൻറ എസ്.എസ്. ലാൽ ഒപ്പംപിടിച്ചു. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനും സർവ അടവുകളുമെടുത്ത് രംഗത്തുണ്ട്. വട്ടിയൂർക്കാവിൽ സിറ്റിങ് എം.എൽ.എ പ്രശാന്ത് വളരെ മുന്നിലായിരുന്നു. അവസാന റൗണ്ടിൽ യു.ഡി.എഫിെൻറ വീണ എസ്. നായരും ബി.ജെ.പിയുടെ വി.വി. രാജേഷും ശക്തമായ സാന്നിധ്യമായി. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആര് മൂന്നാം സ്ഥാനത്താകും എന്നത് ഫലത്തിൽ നിർണായകമാകും.
വാമനപുരത്തും പാറശാലയിലും അരുവിക്കരയിലും അപ്രതീക്ഷിതമായാണ് മത്സരം കടുത്തത്. സിറ്റിങ് എം.എൽ.എമാർ ഇവിടെ കടുത്ത മത്സരം നേരിടുന്നു. തുടക്കത്തിൽ നെടുമങ്ങാട് മുന്നേറിയ സി.പി.െഎയുടെ ജി.ആർ. അനിലിനൊപ്പം പിടിക്കാൻ കോൺഗ്രസിലെ പി.എസ്. പ്രശാന്തിനായി. മുൻതൂക്കം തങ്ങൾക്കാണെന്നാണ് യു.ഡി.എഫ് വാദം. ഇടത് ഇൗസി വാക്കോവർ പ്രതീക്ഷിച്ച ചിറയിൻകീഴിൽ അവസാന ലാപ്പിൽ യു.ഡി.എഫ് കടുത്ത വെല്ലുവിളി ഉയർത്തുന്നു. വർക്കലയിലും സമാന സ്ഥിതിയുണ്ട്്. വാമനപുരം ഇടതിന് കടുത്തപോലെ യു.ഡി.എഫ് അരുവിക്കരയിൽ വെള്ളം കുടിക്കുകയാണ്.
രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചായുന്നതാണ് തലസ്ഥാനത്തിെൻറ ജനവിധി. നിലവിലെ സർക്കാറിെൻറ നയനിലപാടുകൾ വോട്ടുകളിൽ പ്രതിഫലിക്കും. ജീവനക്കാരുടെ വോട്ടുകൾ ആറ് മണ്ഡലങ്ങളിൽ നിർണായകമാണ്. ഏഴ് തീരദേശ മണ്ഡലങ്ങളുണ്ട്. ആഴക്കടൽ വിവാദം അടക്കമുള്ളവ ഇവിടെ സ്വാധീനിക്കും. തികച്ചും രാഷ്ട്രീയ പോര് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെങ്കിലുമുണ്ട്. ബി.ജെ.പിയുടെ വളർച്ച നേരത്തെയുണ്ടായിരുന്ന ശാക്തിക േചരികളിൽ വരുത്തിയ മാറ്റവുമുണ്ട്. വിവാദങ്ങളെല്ലാം ആഴത്തിൽ ചർച്ച ചെയ്താണ് ജില്ല വിധിയെഴുത്തിലേക്ക് കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.