തൊടുപുഴ: ബൂത്തിലേക്കെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നേതാക്കൻമാരും അണികളും പന്തയവും ചലഞ്ചും വാക്പോരുമൊക്കെയായി കളം നിറയുകയാണ് ഇടുക്കിയിൽ. ആര് ജയിക്കും, ഭൂരിപക്ഷം എത്ര തുടങ്ങി വാദങ്ങൾക്കനുസരിച്ചാണ് വാതുവെപ്പിെൻറ നിറം മാറുന്നത്. പരമ്പരാഗത പന്തയ രീതികൾ തുടരുന്നവരെ ഒരുപക്ഷേ ഇപ്പോൾ കാണാൻ കഴിയുന്നത് തെരഞ്ഞെടുപ്പ് പ്രവചനവുമായി ബന്ധപ്പെട്ടായിരിക്കും.
ജില്ലയിൽ സ്വർണ മോതിര ചലഞ്ചുമായി ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാറാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യ വെടിപൊട്ടിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ ഏതെങ്കിലും എൽ.ഡി.എഫ് വിജയിച്ചാൽ സ്വർണമോതിരം നൽകുമെന്നായിരുന്നു കല്ലാറിെൻറ പ്രഖ്യാപനം. മന്ത്രിയും ഉടുമ്പൻചോലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.എം. മണി ഇത് ഏറ്റെടുത്തതോടെ പന്തയത്തിന് ചൂട് പിടിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇബ്രാഹിംകുട്ടി കല്ലാർ സ്വർണ മോതിര ചലഞ്ച് നടത്തിയിരുന്നു.
ഇടുക്കി ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന് ലീഡുണ്ടാകുമെന്നും മറിച്ച് സംഭവിച്ചാൽ ഒരു സ്വർണമോതിരം നൽകാമെന്നുമായിരുന്നു വാഗ്ദാനം. അന്ന് ആരും ചലഞ്ച് ഏറ്റെടുത്തില്ല. മണ്ഡലത്തിലെല്ലാം യു.ഡി.എഫ് ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ, ഇത്തവണ എം.എം. മണി ചലഞ്ചിനെക്കുറിച്ച് പറഞ്ഞത് മോതിരം പോകാതെ നോക്കിക്കൊള്ളാനാണ്. സ്ഥാനാർഥിയുടെ വിജയത്തിനായി മൊട്ടയടിക്കുന്ന പ്രവർത്തകർ എല്ലായിടത്തും ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തലമൊട്ടയടിക്കുമെന്നാണ് ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർഥി ഇ.എം. ആഗസ്തിയുടെ ബെറ്റ്. എന്നാൽ, അതിെൻറയൊന്നും ആവശ്യമില്ലെന്നും താൻ ജയിച്ചാൽ അദ്ദേഹത്തിന് മൊട്ടയടിക്കേണ്ടിവരില്ലേ എന്നായിരുന്നു എം.എം. മണിയുടെ പരിഹസിച്ചുള്ള മറുപടി.
നേതാക്കൾ ഇങ്ങനെയാണെങ്കിൽ അണികളുടെ കാര്യം പറയാനുണ്ടോ. തലമുണ്ഡനം മുതൽ, മൊബൈൽ, പണം, മുട്ടനാട് തുടങ്ങിയ വാതുവെപ്പിെൻറ പരമ്പരാഗത രീതിയിലുള്ള ജനപ്രിയ പന്തയ ഇനങ്ങളുമായി ഇവരും സജീവമാണ്. തങ്ങളുടെ സ്ഥാനാർഥിക്കായി 500 മുതൽ 5000 വരെ പന്തയം വെച്ചവർ ഉണ്ട്. തോറ്റാൽ തലമൊട്ടയടിക്കാനും മീശ വടിക്കാനും തയാറായി നിൽക്കുന്നവർ വേറെയും. നിങ്ങടെ പാർട്ടി ജയിച്ചാൽ നിങ്ങടെ കൊടിയും പിടിച്ച് നഗര പ്രദക്ഷിണം നടത്താമെന്ന് പറയുന്നവരുമുണ്ട്.
പാർട്ടികൾ നടത്തിയ കണക്കെടുപ്പിെൻറ അടിസ്ഥാനത്തിലാണ് അണികളുടെ മിക്കയിടങ്ങളിലെയും വാതുവെപ്പ് . തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകൾ കൂട്ടിയും ആടി നിൽക്കുന്നവ ഒഴിവാക്കിയും ബൂത്ത് തലത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒരു കണക്ക് കരുതിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ അണികളുടെ ആത്മവിശ്വാസമാണ് പന്തയത്തിന് വഴിവെക്കുന്നത്. വോട്ടെടുപ്പിനു ശേഷം ഫലം വരാൻ ഒരു മാസം അവശേഷിക്കെ വാതുവെപ്പിെൻറ സാധ്യത ഇനിയും ഉയരും.
സമൂഹ മാധ്യമങ്ങളിലും പ്രവചന മത്സരം കൊടുമ്പിരിെകാള്ളുകയാണ്. വാട്സ് ആപ്പുകളിലും ഫേസ്ബുക്കുകളിലുമായാണ് പ്രവചന മത്സരം പുരോഗമിക്കുന്നത്. വിവിധ പാർട്ടികളുടെ അണികൾ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതും. തങ്ങളുടെ മണ്ഡലങ്ങളിലെ പരമാവധി ആളുകളെ ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയാണ് പ്രവച മത്സരം തകർക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.