മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു. 'മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ'- സുരാജ് കുറിച്ചു.
മണിപ്പൂരിൽ കുക്കി വിഭഗത്തിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, റിച്ച ഛദ്ദ, ഊർമിള മണ്ഡോദ്കർ തുടങ്ങിയവർ രംഗത്ത് എത്തിയിരുന്നു.
‘മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വിഡിയോ കണ്ട് ഞെട്ടുകയും അസ്വസ്ഥനാവുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, അക്ഷയ്കുമാർ ട്വീറ്റ് ചെയ്തു.
‘മണിപ്പൂർ വിഡിയോ കണ്ട് ഞെട്ടുകയും ആകെ ഉലയുകയും പരിഭ്രാന്തയാകുകയും ചെയ്തു. മേയ് മാസത്തിലാണ് ഇത് സംഭവിച്ചത്, എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. മൗനത്തിലായിരുന്ന അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവരെയും അവരുടെ ബൂട്ടുകൾ നക്കുന്ന മാധ്യമങ്ങളെയും സെലിബ്രിറ്റികളെയും ഓർത്ത് ലജ്ജിക്കുന്നു. പ്രിയ ഇന്ത്യക്കാരെ നമ്മൾ എപ്പോഴാണ് ഇവിടെ എത്തിയത്’, എന്നിങ്ങനെയായിരുന്നു ഊർമിള മണ്ഡോദ്കർ ട്വിറ്ററിൽ പ്രതികരിച്ചത്. ‘അപമാനകരം, ഭീകരം, നിയമവിരുദ്ധം’ എന്നായിരുന്നു റിച്ച ഛദ്ദ ട്വിറ്ററിൽ കുറിച്ചത്.
മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.
സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നതായിരുന്നു ദൃശ്യം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽനിന്ന് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.