ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധെപ്പട്ട പരമാർശത്തിൽ തമിഴ് സൂപ്പർ താരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈകോടതി ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു സൂര്യയുടെ പ്രതികരണം. കോവിഡിെൻറ പശ്ചാത്തലത്തിൽ വിർച്വലായി മാറിയ കോടതികൾ വിദ്യാർഥികളോട് ധൈര്യമായി നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നുവെന്നായിരുന്നു പരാമർശം. ഇൗ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസിന് കത്തയച്ചു.
'സൂര്യയുടെ പ്രസ്താവന കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ്. ജഡ്ജിമാരുടെ സത്യസന്ധതയെയും രാജ്യത്തിെൻറ നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിനും തുരങ്കം വെക്കുകയും ജനങ്ങൾക്ക് ജുഡീഷ്യറിയിലുളള വിശ്വാസം നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇൗ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥ ഉയർത്തിപ്പിടിക്കുന്നതിനായി നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണം' -ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം പറയുന്നു.
ജീവനിൽ ഭയമുള്ള ന്യായാധിപൻമാർ വിചാരണയും വിധിപറയലും വിർച്വലായി നടത്തുന്ന സമയത്ത് വിദ്യാർഥികളോട് ധൈര്യമായെത്തി പരീക്ഷ എഴുതാൻ ആവശ്യെപ്പടുന്നുവെന്നായിരുന്നു സൂര്യയുടെ പരാമർശം. സമൂഹത്തിലെ പാർശ്വവത്കൃതരായ വിദ്യാർഥികളുടെ അവസ്ഥ മനസിലാക്കാത്തവരാണ് വിദ്യാഭ്യാസനയം രൂപീകരിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. 'എെൻറ ഹൃദയം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ മൂന്ന് കുടുംബങ്ങളിലേക്ക് പോകുന്നു. അവരുടെ വേദന സങ്കൽപ്പിക്കാൻ കഴിയുന്നില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു സൂര്യയുടെ പ്രതികരണം.
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 13നായിരുന്നു നീറ്റ് പരീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പരീക്ഷ സെൻററുകൾ അനുവദിച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു പരീക്ഷ നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.