മികച്ച വിജയത്തോടെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നാണ് മാളവിക ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. സിനിമ മേഖലയിൽ സജീവമായപ്പോഴും പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നെന്ന് മാളവിക പറയുന്നു. ഒരു ദിവസം പോലും ക്ലാസ് മുടക്കാതെയാണ് പഠനം പൂർത്തിയാക്കിയത്.
തൃശൂർ സ്വദേശിയായ മാളവിക പഠന സൗകര്യത്തിനായാണ് എറണാകുളത്തേക്കു താമസം മാറിയത്. സെന്റ് തെരേസാസിലായിരുന്നു ബിരുദവും ബിരുദാനന്തരബിരുദവും. മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉയർന്ന ഗ്രേഡ് ഉണ്ടെന്നാണ് കോളജിൽനിന്നു വിളിച്ചു പറഞ്ഞത്. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് ഈ വിജയം നേടാൻ കഴിഞ്ഞതെന്നും അവർക്കുള്ള സമ്മാനമാണ് വിജയമെന്നും മാളവിക പറയുന്നു.
സ്കൂൾ കാലത്ത് ഒരുപാട് ക്ലാസ് മുടങ്ങിയിരുന്നു. വല്ലപ്പോഴുമേ ക്ലാസിൽ പോകാൻ കഴിഞ്ഞട്ടുള്ളൂ. ഒരുപാട് സിനിമകളിൽ സജീവമായിരുന്നു. കോളജ് ജീവിതം ആസ്വദിക്കണമെന്നതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ കുറച്ചു ലീവ് ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ പിജി ആയപ്പോൾ ലീവ് ഒന്നും എടുത്തില്ല. കൂടുതൽ പഠിക്കണം എന്നുണ്ട്, എന്തെങ്കിലും ജോലി കണ്ടെത്തണം എന്നും കരുതുന്നു. നല്ല തിരക്കഥകളും കഥാപാത്രങ്ങളും എന്നെത്തേടി എത്തിയാൽ സിനിമ ചെയ്യും. സിനിമയും പഠനവും ഒരുമിച്ചുകൊണ്ടുപോകണം എന്നാണ് ആഗ്രഹം -മാളവിക പറയുന്നു.
മമ്മൂട്ടി നായകനായ സി.ബി.ഐ അഞ്ചാംഭാഗം ആണ് മാളവികയുടെ പുതിയ സിനിമ. മമ്മൂട്ടി തന്നെ നായകനായ കറുത്തപക്ഷികൾ എന്ന ചിത്രത്തിലൂടെയാണ് മാളവിക ബാലതാരമായി സിനിമയിലെത്തുന്നത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. മായ ബസാർ, യെസ് യുവർ ഓണർ, കാണ്ടഹാർ, ശിക്കാർ, ഓർക്കുക വല്ലപ്പോഴും, ഭ്രമം, ജോർജേട്ടൻസ് പൂരം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.