ചെന്നൈ: അയോധ്യയിലെ തർക്കഭൂമിയിൽ രാമപ്രതിഷ്ഠയുടെ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. നേരിട്ട് പോകാൻ കഴിയാത്തവർ സാമൂഹിക മാധ്യമങ്ങൾ വഴി രാമക്ഷേത്രത്തോടുള്ള അവരുടെ ആഭിമുഖ്യം പ്രകടിപ്പിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയിൽ വിയോജിപ്പ് പ്രകടിപ്പിച്ചവരും നിരവധി. ജയ് ശ്രീറാം ഘോഷത്തോടെ രാമപ്രതിഷ്ഠക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രാംലല്ലയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി രേവതി.
ഒരിക്കലും മറക്കാത്ത ദിനമാണിതെന്നും രാം ലല്ലയുടെ ആരെയും ആകർഷിക്കുന്ന മുഖം കാണുമ്പോൾ ഇത്രയും ഉള്ളിൽ സന്തോഷവും ആവേശവും തുടിക്കുന്നുവെന്നും നടി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
''ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്‍റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ ഉള്ളില്‍ എന്തോ തുടിച്ചു, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി നിലനിർത്തുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. ശ്രീരാമന്‍റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങൾ മാറ്റിമറിച്ചു... ഒരു പക്ഷേ ആദ്യമായി ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്'!!! ജയ് ശ്രീറാം''.
രാം ലല്ലയുടെ ചിത്രം പങ്കുവച്ചതിനു പിന്നാലെ രേവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ''പൊയ് മുഖങ്ങൾ അഴിഞ്ഞുവീഴുന്ന ദിവസം ആണെന്ന് കേട്ടിരുന്നു. തെളിയിച്ചു''വെന്നാണ് ഒരാള്‍ കുറിച്ചത്. 'അയ്യേ' എന്നായിരുന്നു സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ പ്രതികരണം.
നേരത്തെ നടി ദിവ്യ ഉണ്ണി, സാമന്ത, ശില്‍പ ഷെട്ടി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനോണ്‍, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സാമൂഹിക മാധ്യമത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് അയോധ്യ വിഷയത്തിൽ നിലപാട് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.