ഐഷ സുൽത്താന സംവിധാനം ചെയ്ത് ബീനാ കാസിം നിർമ്മിച്ച ' ഫ്ലഷ്' ജൂൺ 16 ന് തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ നിർമ്മാതാവ് ബീനാ കാസിം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളതുകൊണ്ട് ബിജെപി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താനാ ആരോപിച്ചിരുന്നു, ഇതിന് മറുപടി എന്നോണമാണ് നിമ്മാതാവ് ബീനാ കാസിം വാർത്താ സമ്മേളനം നടത്തിയത്. 'ഞാൻ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുൽത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാൻ തീരുമാനിച്ചത്. അതിന് കാരണം ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളെ കുറിച്ച്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ്.
പിന്നീട് സിനിമ ചിത്രീകരണം കഴിഞ്ഞ് കൊച്ചിയിൽ വെച്ച് എഡിറ്റിങ് നടക്കുന്ന സമയത്ത് സിനിമയുടെ കുറച്ച് ഭാഗം കണ്ടിരുന്നു അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ഈ 'ഫ്ലഷ്' എന്ന എൻ്റെ സിനമ ഞാൻ പൂർണ്ണമായിട്ട് കണ്ടത് അപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് മുമ്പ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ഐഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതകളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂർവ്വം ഉപദ്രിവിക്കാൻ ഐഷ ശ്രമിച്ചിരിക്കുന്നു, എന്ന് മനസിലായി. ഇതേ ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത് പിന്നീട് നിരന്തരം ഐഷാ സുൽത്താന എന്നെയും എൻ്റെ ഭർത്താവിനെയും പറ്റി സോഷ്യൽ മീഡിയിലും മാധ്യമങ്ങളിലും വന്ന് ഞങ്ങൾക്കെതിരെ അപവാദങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോഴൊന്നും ഞങ്ങൾ തിരിച്ച് പ്രതികരിച്ചില്ല.
എൻ്റെ ഭർത്താവ് ബി.ജെ.പി ജനറൽ സെക്രട്ടറി ആയതു കൊണ്ട് ബി.ജെ.പി ക്ക് എതിരേ സംസാരിക്കുന്ന ഈ 'ഫ്ലഷ് 'എന്ന സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ലന്നും എൻ്റെ കഷ്ടപ്പാടിനെ അവഹേളിക്കുന്നു എന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഞങ്ങളുടെ മുകളിൽ ആരോപിച്ച് കൊണ്ട് ഇത്രയും പണം മുടക്കിയ ഐഷ ഞങ്ങളെ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല അത് കൊണ്ടാണ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തീരുമാനിച്ചത്. സത്യത്തിൽ ഈ സിനിമയുടെ റിലീസ് ഞങ്ങൾ പണ്ടെ തന്നെ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം ഐഷ സുത്താനക്കും നന്നായിട്ട് അറിയാവുന്ന കാര്യമായിട്ടും വീണ്ടും ഞങ്ങളെ വിവാദങ്ങളിലേക്ക് എന്ത് കൊണ്ടാണ് വലിച്ച് ഇഴക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ലാ. എന്തായാലും ഈ മാസം 16 ന് തന്നെ സിനിമ തിയറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു . അത് ഐഷാ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല ഈ സിനിമ ജനം കണ്ട് തീരുമാനിക്കട്ടെ ഐഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന്. സിനിമ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കുന്നു'- ബീനാ കാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.